National

തൊഴിലിനായി സംസ്ഥാനം വിടുന്നവര്‍ക്ക് ഒഡിഷയിലെ സഭയുടെ ബോധവത്കരണം

Sathyadeepam

തൊഴിലിനായി ഇതര സംസ്ഥാനങ്ങളിലേയ്ക്കു പോകുന്ന ഒഡിഷയില്‍ നിന്നുള്ളവര്‍ക്ക് തൊഴിലിടങ്ങളില്‍ പലപ്പോഴും അത്യാവശ്യ സൗകര്യങ്ങള്‍ പോലും ലഭിക്കാതിരിക്കുകയും അടിമത്തം അടക്കമുള്ള ചൂഷണം നേരിടുകയും ചെയ്യുന്നുണ്ടെന്ന് ഒഡിഷയിലെ ബെറാംപൂര്‍ രൂപതയുടെ സാമൂഹ്യസേവനവിഭാഗം ഡയറക്ടര്‍ ഫാ. ജോസഫ് വലിയപറമ്പില്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ ബെറാംപൂര്‍ രൂപത ഒഡിഷയിലെ ജനങ്ങള്‍ക്കു അവരുടെ അവകാശങ്ങളെയും മുന്‍കരുതലുകളെയും കുറിച്ചു ബോധവത്കരണം നടത്തുകയാണ്. അന്യസംസ്ഥാനങ്ങളിലേയ്ക്ക് ഏറ്റവും കൂടുതല്‍ തൊഴിലാളികളെ അയക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഒഡിഷ. ഏറ്റവുമധികം പേര്‍ പോകുന്നത് ദല്‍ഹിയിലേയ്ക്കും മഹാരാഷ്ട്രയിലേയ്ക്കുമാണ്. കേരളത്തിലെ അതിഥിതൊഴിലാളികളില്‍ നാലിലൊന്ന് ഒഡിഷ സ്വദേശികളാണ്.

കുടിയേറ്റം ചെറുക്കുന്നതിനും മനുഷ്യക്കടത്ത് തടയുന്നതിനുമുള്ള ഒരു ശില്പശാല ഗജപതി ജില്ലയില്‍ ബെറാംപൂര്‍ രൂപതയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചതായി ഫാ. വലിയപറമ്പില്‍ പറഞ്ഞു. ഏഴു ഗ്രാമങ്ങളില്‍ നിന്നുള്ള അമ്മമാരും യുവജനങ്ങളും പങ്കെടുത്തു. സര്‍ക്കാരിന്റെ വിവിധ ക്ഷേമപദ്ധതികള്‍, പരാതിപരിഹാരസംവിധാനങ്ങള്‍ തുടങ്ങിയവയെ കുറിച്ചു ശില്പശാല വിശദീകരിച്ചു. ജോലിയ്ക്കു വേണ്ടി നാടു വിട്ടു പോകുന്നവര്‍ കൂടെ കരുതേണ്ട രേഖകളെ കുറിച്ചും വിശദീകരിച്ചു.

കോവിഡ് പകര്‍ച്ചവ്യാധിക്കാലത്ത് നൂറു കണക്കിനു കുടിയേറ്റതൊഴിലാളികളെ വിവിധ ദുരിതസാഹചര്യങ്ങളില്‍ നിന്നു രക്ഷപ്പെടുത്തിയ സിസ്റ്റര്‍ സുജാത ജെനയാണ് ശില്പശാലയ്ക്കു നേതൃത്വം നല്‍കിയത്. 1979 ലെ അന്തര്‍സംസ്ഥാന കുടിയേറ്റ തൊഴിലാളി നിയമവും 2011 ലെ അതിന്റെ ചട്ടങ്ങളുമനുസരിച്ച് കുടിയേറ്റതൊഴിലാളികള്‍ക്ക് മിനിമം കൂലി, ഡിസ്‌പ്ലേസ്‌മെന്റ് അലവന്‍സ്, വീട്ടുയാത്രാ അലവന്‍സ്, ഉചിതമായ താമസസൗകര്യങ്ങള്‍, ചികിത്സാസൗകര്യങ്ങള്‍ എന്നിവയ്ക്ക് അവകാശമുണ്ടെന്ന് അഭിഭാഷക കൂടിയായ സിസ്റ്റര്‍ സുജാത വ്യക്തമാക്കി. എന്നാല്‍ പ്രാദേശിക ലേബര്‍ കോണ്‍ട്രാക്ടറെ മാത്രം പരിചയമുള്ള തൊഴിലാളികള്‍ക്ക് ഇതൊന്നും ലഭിക്കാറില്ല. ഫലപ്രദമായ മറ്റു സര്‍ക്കാര്‍ സംവിധാനങ്ങളൊന്നും ഈ തൊഴിലാളികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നില്ല. ശരിയായ നയങ്ങള്‍ നടപ്പിലാക്കിയാല്‍ അന്തര്‍സംസ്ഥാന തൊഴിലാളി കുടിയേറ്റം വികസനത്തിനു സഹായകരമാണെന്നും സിസ്റ്റര്‍ പറഞ്ഞു.

ഒഡിഷയില്‍ നിന്നുള്ള നിരവധി യുവജനങ്ങള്‍ ഇതരസംസ്ഥാനങ്ങളിലേയ്ക്കു ലൈംഗികചൂഷണത്തിനായി നിയമവിരുദ്ധമായി കടത്തപ്പെടുന്നുണ്ടെന്നു ബെറാംപൂര്‍ രൂപത സാമൂഹ്യസേവനവിഭാഗത്തിലെ ഹെല്‍ത്ത് പ്രോജക്ട് കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ഫിലോമിന ചെറുപ്ലാവില്‍ പറഞ്ഞു. കുടിയേറ്റത്തിന്റെയും മനുഷ്യക്കടത്തിന്റെയും അപകടങ്ങളെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയാണു സഭയുടെ ലക്ഷ്യം. ബാംഗ്ലൂരില്‍ ജോലിയ്ക്കായി പോകുകയും അമിതമായി ജോലി ചെയ്യുന്നതിനും മോശം പെരുമാറ്റത്തിനും വിധേയയാകുകയും ചെയ്ത പെണ്‍കുട്ടികളുടെ അനുഭവങ്ങള്‍ സിസ്റ്റര്‍ ഉദാഹരണമായി പറഞ്ഞു.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം