National

ഡല്‍ഹി അന്ധേരിയ മോഡിലെ നശിപ്പിക്കപ്പെട്ട ദേവാലയ പരിസരത്ത് ആര്‍ച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര വിശുദ്ധ ബലി അര്‍പ്പിച്ചു

Sathyadeepam

ആര്‍ച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര ഡല്‍ഹി അന്ധേരിയ മോഡിലെ നശിപ്പിക്കപ്പെട്ട ദേവാലയ പരിസരത്ത് വിശുദ്ധ ബലി അര്‍പ്പിക്കുകയും വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തു.

2021 ജൂലൈ 17 ശനിയാഴ്ച്ച വൈകിട്ട് 6:30 ന് ഡല്‍ഹിയിലെ അന്ധേരിയ മോഡില്‍ അധികൃതര്‍ അന്യായമായി തകര്‍ത്ത പള്ളിയുടെ പരിസരത്ത് ആര്‍ച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര വിശുദ്ധ ബലി അര്‍പ്പിക്കുകയും വിശ്വാസ സമൂഹത്തെ അഭിസംബോധന ചെയ്യുകയും ചെയ്തു. പള്ളി തകര്‍ത്ത നിര്‍ഭാഗ്യകരമായ സംഭവത്തില്‍ അദ്ദേഹം വേദനയും സങ്കടവും പ്രകടിപ്പിച്ചു. അധികൃതരുടെ അതിക്രമങ്ങള്‍ നിമിത്തം ദേവാലയം നഷ്ടപ്പെട്ട വിശ്വാസ സമൂഹത്തോട് അദ്ദേഹം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

തകര്‍ക്കപ്പെട്ട ഈ ദേവാലയത്തില്‍ ഇടവകയുടെ പരിപാടികള്‍ മാത്രമല്ല രൂപതയുടെ പരിപാടികള്‍ക്കും ആഥിത്യം വഹിച്ചത് അദ്ദേഹം ഓര്‍മ്മിച്ചു. ഈ സ്ഥലം ഇഷ്ടദാനം നല്‍കിയ ശ്രീ ഫിലിപ്പോസ് ജോണിനെയും കുടുംബത്തെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. ഇത് തകര്‍ത്തതില്‍ അധികാരികളുടെ ഭാഗത്തുനിന്ന് നിയമ നടപടിക്രമങ്ങളുടെ ഗുരുതരമായ ലംഘനം നടന്നിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ സംഭവവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കും ഡല്‍ഹിയിലെയും കേരളത്തിലെയും മുഖ്യമന്ത്രിമാര്‍ക്കും ഡല്‍ഹി ന്യൂനപക്ഷ കമ്മീഷനും, മന്ത്രിമാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ക്കും പരാതി നല്‍കുകയും അന്യായമായി ദേവാലയം തകര്‍ത്തതിന് പരിഹാരം കാണണമെന്നും രൂപത ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

നമ്മുടെ രൂപത നേരിട്ടു കൊണ്ടിരിക്കുന്ന ഒരു വലിയ പ്രതിസന്ധി ആണിതെന്നും ഈ ഘട്ടത്തില്‍ തളരാതെ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ഇതിനെ അതിജീവിക്കണമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. ഈ സംഭവത്തെ രാഷ്ട്രീയവല്‍ക്കരിക്കാനോ ഇതിന് വര്‍ഗ്ഗീയ നിറം നല്‍കാനോ രൂപത ഉദ്ദേശിക്കുന്നില്ലെന്നും അങ്ങനെയുള്ള നീക്കങ്ങള്‍ ആരെങ്കിലും നടത്തുന്നുണ്ടെങ്കില്‍ അതില്‍ നിന്നും വിശ്വാസികള്‍ മാറി നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ഈ ദുഖകരമായ സാഹചര്യത്തോട് സമാധാനപരമായി പ്രതികരിക്കാനുള്ള പരിശ്രമത്തില്‍ രൂപതയുമായി സഹകരിക്കാനും തകര്‍ക്കപ്പെട്ട ദേവാലയത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി പ്രാര്‍ത്ഥിക്കാനും അദ്ദേഹം എല്ലാവരോടും ആഹ്വാനം ചെയ്തു.

അവകാശദിനാചരണവും ഭീമഹര്‍ജി ഒപ്പുശേഖരണവും നടത്തി

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി കത്തോലിക്ക കോണ്‍ഗ്രസ്

വ്യാകുലമാതാവ് (സെപ്തംബര്‍ 15)

128 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി