National

ഛത്തീസ്ഗഡില്‍ രണ്ടു സിസ്റ്റര്‍മാരെ ജയിലിലാക്കി

Sathyadeepam

മതപരിവര്‍ത്തനത്തിന് ശ്രമിച്ചു എന്ന തെറ്റായ ആരോപണമുന്നയിച്ച് ഹിന്ദുത്വ വര്‍ഗീയ വാദികള്‍ റെയില്‍വേ സ്‌റ്റേഷനില്‍ തടഞ്ഞുവച്ച രണ്ട് കത്തോലിക്ക സിസ്റ്റര്‍മാരെ പൊലീസ് ജയിലില്‍ അടച്ചു. സിസ്‌റ്റേഴ്‌സ് നടത്തുന്ന ആശുപത്രിയില്‍ ജോലി ചെയ്യാനായി വന്ന മൂന്നു പെണ്‍കുട്ടികളെ സ്വീകരിക്കാന്‍ ദുര്‍ഗ് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയതായിരുന്നു സിസ്റ്റര്‍മാര്‍.

ഈ പെണ്‍കുട്ടികളെ കൊണ്ടുപോകുന്നത് മതപരിവര്‍ത്തനത്തിനാണെന്നും ഇത് മനുഷ്യക്കടത്താണെന്നും ആരോപിച്ചാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ റെയില്‍വേ സ്‌റ്റേഷനില്‍ കലാപം സൃഷ്ടിച്ചത്. റെയില്‍വേ ടി ടി ഇ ആണ് സ്ഥലത്തെ ബജറംഗ്ദള്‍ പ്രവര്‍ത്തകരെ ഈ പെണ്‍കുട്ടികളെക്കുറിച്ചുള്ള വിവരം അറിയിച്ചത്. ഇവരെ പിന്നീട് ദുര്‍ഗിലെ വനിതാ ക്ഷേമ സമിതിയുടെ സംരക്ഷണത്തിലേക്ക് മാറ്റി.

ആശുപത്രിയില്‍ ജോലി ചെയ്യാന്‍ അനുവദിച്ചു കൊണ്ടുള്ള മാതാപിതാക്കളുടെ കത്തും ആധാര്‍ കാര്‍ഡുകളും പെണ്‍കുട്ടികളുടെ പക്കല്‍ ഉണ്ടായിരുന്നു. പക്ഷേ ഈ വിശദീകരണങ്ങള്‍ രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അവഗണിക്കപ്പെടുകയായിരുന്നു എന്ന് സഭാനേതാക്കള്‍ പറഞ്ഞു. 19 നും 22 നും ഇടയ്ക്ക് പ്രായമുള്ളവരാണ് പെണ്‍കുട്ടികള്‍ എന്നതും മാതാപിതാക്കളുടെ അനുമതിയുണ്ട് എന്നതും തെളിയിക്കപ്പെട്ടെങ്കിലും വര്‍ഗീയവാദികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അവരെ വിട്ടയക്കാന്‍ അധികാരികള്‍ തയ്യാറായില്ല. പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ നേരിട്ട് എത്തുകയാണ് ഇനി പരിഹാരം എന്നു പറയുന്നു.

സഭാ സ്ഥാപനങ്ങളില്‍ ജോലിക്കായും സന്യാസ സമൂഹങ്ങളില്‍ ചേരുന്നതിനായും യാത്ര ചെയ്യുന്ന കുട്ടികളോടൊപ്പം മാതാപിതാക്കളുടെ സാന്നിധ്യം ഉറപ്പാക്കണം എന്ന് സഭാധികാരികള്‍ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഉത്തരേന്ത്യയില്‍ ട്രെയിനുകളില്‍ യാത്ര ചെയ്യുന്ന സിസ്റ്റര്‍മാര്‍ അവരുടെ സഭാവസ്ത്രങ്ങള്‍ ഒഴിവാക്കി സാധാരണക്കാരുടെ വസ്ത്രങ്ങള്‍ ധരിക്കണമെന്ന നിര്‍ദ്ദേശവും ഉയര്‍ന്നിട്ടുണ്ട്.

കാര്‍ഡിനല്‍മാരും മെത്രാന്മാരും വൈദികരും യാത്രാവേളകളില്‍ സാധാരണ വസ്ത്രങ്ങളാണ് ധരിക്കുന്നതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അക്രമികളുടെ അനാവശ്യ ശ്രദ്ധ ആകര്‍ഷിക്കുന്നതിന് സന്യാസിനിമാരുടെ വസ്ത്രങ്ങള്‍ ഇടയാക്കും എന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.

മംഗളം സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ദേശീയ അവാര്‍ഡ് കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിക്ക്

വിശുദ്ധ ഇന്നസെന്റ് ഒന്നാമന്‍  (417)  : ജൂലൈ 27

യാബെഷ്ഗിലയാദ് : മരണത്തെ മറികടന്ന കൃതജ്ഞത

അന്ധബധിര പുനരധിവാസ പദ്ധതി പേരന്റ്‌സ് നെറ്റ്‌വര്‍ക്ക് മീറ്റിംഗ് സംഘടിപ്പിച്ചു

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 49]