Kerala

പാഠം പഠിക്കാന്‍ വിദ്യാര്‍ഥികള്‍ എഴുത്തുകാരന്‍റെ വീട്ടില്‍

Sathyadeepam

അങ്ങാടിപ്പുറം: 'ലക്ഷ്യം ഉയരെയാകണം. കൈകള്‍ നക്ഷത്രങ്ങളിലേക്ക് നീട്ടണം. എത്ര ഉയരത്തിലെത്തിയാലും വേരുകള്‍ ഭൂമിയില്‍ തന്നെ വേണം. ഭൂമിയിലേക്ക് വേരാഴ്ത്തിയ മരങ്ങള്‍ക്കേ ആകാശത്ത് ചില്ലകളയുയര്‍ത്താന്‍ കഴിയൂ. 'വേരും തളിരും' എന്ന കഥയുടെ പൊരുള്‍ തേടിയ കുട്ടിക്ക് കഥാകൃത്തിന്‍റെ മറുപടി.

പരിയാപുരം സെന്‍റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി പ്രവര്‍ത്തകരാണ് കോഴിക്കോട് റഹ്മാന്‍ ബസാറിലെ എഴു ത്തുകാരന്‍ പി.കെ പാറക്കടവിന്‍റെ വീട്ടിലെത്തിയത്.

എട്ടാം ക്ലാസിലെ മലയാളം പാഠപുസ്തകത്തിലൂടെ പരിചയപ്പെട്ട കഥാകാരനെ നേരില്‍ കണ്ടപ്പോള്‍ കുട്ടികളുടെ മനസ്സു നിറഞ്ഞു. പിന്നെ ചോദ്യങ്ങളും ഉത്തരങ്ങളുമായി കഥാകൃത്തും കുട്ടികളും വട്ടംകൂടി. 'എഴുത്തിന്‍റെ വഴിയേ' പഠനയാത്രയുടെ ഭാഗമായിരുന്നു കൂടിക്കാഴ്ച.

മിനിക്കഥകള്‍ എന്നല്ല മിന്നല്‍ കഥകള്‍ എന്നാണ് ഞാന്‍ എന്‍റെ കഥകളെ വിളിക്കുന്നത്. 'രാസവളം' ഒട്ടും ചേര്‍ത്തിട്ടില്ല. നാലോ അഞ്ചോ വരികളില്‍ ആശയം ഉള്‍ക്കൊള്ളിക്കാന്‍ ചിലപ്പോള്‍ സമയം ഏറെയെടുക്കും. ധാരാളം വായിച്ചാലേ നല്ല എഴുത്തുകാരനാകൂ. മറ്റുള്ളവര്‍ എഴുതിയ രീതി സ്വീകരിക്കാനും പാടില്ല. ഓരോ രചനയിലും വ്യക്തിത്വവും വ്യത്യസ്തതയും തെളിയണം – എഴുത്തിന്‍റെ വഴികള്‍ അദ്ദേഹം പങ്കുവച്ചു.

വിദ്യാരംഗം കോഓര്‍ഡിനേറ്റര്‍ മനോജ് വീട്ടുവേലിക്കുന്നേല്‍, സേവ്യര്‍ എം. ജോസഫ്, സ്വപ്ന സിറിയക്, എം. പ്രിയ എന്നിവര്‍ നേതൃത്വം നല്‍കി.

ജെറോം ബാബു, എ. ശ്രീ ദീപ്ത, പി. ഫാത്തിമ ജിന്‍സിയ, ടി.കെ. മുഹമ്മദ് ഇഹ് സാന്‍, സന ട്രീസ സന്തോഷ്, പി.കെ മുഹമ്മദ് ബാദുഷ, സയന സ്കറിയ, വി. അനിക് ജയിംസ്, പി. ഫാത്തിമ റിദാഹ്, ജിസ്റ്റൊ ദേവസ്യ എന്നിവര്‍ ചോദ്യങ്ങളുന്നയിച്ചു. വീട്ടില്‍നിന്നും ഫ്രെയിം ചെയ്തു കൊണ്ടു വന്ന പി. കെ. പാറക്കടവിന്‍റെ ചിത്രം അവിനാശ് രാജ് അദ്ദേഹത്തിനു സമ്മാനിച്ചു. സ്കൂള്‍ ലൈബ്രറിയിലേക്ക് പി.കെ. പാറക്കടവ് തന്‍റെ പുതിയ പുസ്തകങ്ങളും ഉപഹാരമായി നല്‍കി.

വയോജന കൂട്ടായ്മ സംഘടിപ്പിച്ചു

കെ സി ബി സി - ഫാ. മാത്യു നടയ്ക്കല്‍ മതാധ്യാപക അവാര്‍ഡ് മൂന്നു പേര്‍ക്ക്

മെല്‍ബണ്‍ രൂപതാ യുവജനങ്ങള്‍ മിഷന്‍ കേന്ദ്രങ്ങളിലെത്തി

ജാര്‍ഖണ്ഡില്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ 87-ാം ജന്മവാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു

തണ്ണീര്‍മുക്കം തിരുരക്ത ദൈവാലയത്തിലെ വിശുദ്ധ ചാവറ കുടുംബ കൂട്ടായ്മയുടെ 7-ാമത് വാര്‍ഷിക ആഘോഷം