കൊച്ചി: ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യംവെച്ചുള്ള മത തീവ്രവാദ അജണ്ടകള്‍ അനുവദിച്ചു കൊടുക്കാനാവില്ലെന്ന് കാത്തലിക്ക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍.
യൂണിഫോമിന്റെ പേരില്‍ സംഘടിത തീവ്രവാദത്തിലൂടെ പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂള്‍ അടച്ചിടുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ജനാധിപത്യ മതേതരത്വ ഭരണ സംവിധാനത്തെ അവഹേളിക്കുന്നതും ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളെ വെല്ലുവിളിക്കുന്നതുമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യൂണിഫോം ഏതായിരിക്കണമെന്ന് നിശ്ചയിക്കുന്നതിന് മാനേജ്‌മെന്റിന് പൂര്‍ണഅധികാരമുണ്ടെന്ന് കേരള ഹൈക്കോടതി ജസ്റ്റിസ് മുഹമ്മദ് മുസ്താഖ് 2018 ല്‍ വിധി പ്രസ്താവിച്ചിട്ടുണ്ട്.
കര്‍ണാടക ഹൈക്കോടതിയും 2022 ല്‍ സമാനമായ വിധി നടത്തി. മാനേജ്‌മെന്റ് നിശ്ചയിക്കുന്ന യൂണിഫോം ധരിക്കുവാന്‍ തയ്യാറല്ലാത്തവർക്ക് വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങി മറ്റ് സ്ഥാപനങ്ങളിലേക്ക് മാറാവുന്നതാണെന്നും കോടതി വ്യക്തമാക്കുമ്പോള്‍ നിയമ നീതി സംവിധാനങ്ങളെപ്പോലും നിഷ്പ്രഭമാക്കി വെല്ലുവിളിക്കാന്‍ ചില മത തീവ്രവാദ സംഘങ്ങൾ ആസൂത്രിതമായി ശ്രമിക്കുന്നത് എന്തു വിലകൊടുത്തും എതിര്‍ക്കുവാന്‍ രാഷ്ട്രീയ മത സാമുദായിക നേതൃത്വങ്ങള്‍ മുന്നോട്ടുവരണം. കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങളുടെ ബോധപൂര്‍വമായ മൗനം തീവ്രവാദ അടിമത്വവും നിര്‍ഭാഗ്യകരവുമാണ്.
2019 ഏപ്രില്‍ 14ന് മുസ്ലിം എഡ്യൂക്കേഷന്‍ സൊസൈറ്റി പോലും ആധുനികതയുടെ പേരിലോ മതാചാരപ്രകാരമോ വസ്ത്രധാരണങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അനുവദനീയമല്ലെന്ന് സര്‍ക്കുലറിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും പൊതുവായ യൂണിഫോം ഒഴിവാക്കി മതപരമായ വസ്ത്രധാരണ രീതി ആവശ്യപ്പെടുന്നതിന്റെ പിന്നില്‍ ബോധപൂര്‍വമായ അജണ്ടകളുണ്ട്. ഇത്തരം തീവ്രവാദ ടെസ്റ്റ് ഡോസുകള്‍ അംഗീകരിച്ചാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഭാവിയില്‍ തീവ്രവാദ ഗ്രൂപ്പുകളുടെ കേന്ദ്രങ്ങളായി മാറും.
ഈ യൂണിഫോം സമത്വത്തിന്റെയും അച്ചടക്കത്തിന്റെ പ്രതീകമാണ്. വളരുന്ന തലമുറയില്‍ സാഹോദര്യവും പരസ്പര സ്‌നേഹവും ദേശബോധവും വളര്‍ത്തിയെടുത്ത് സമൂഹത്തിന്റെ ചാലകശക്തികളായി രൂപപ്പെടുത്തുവാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ അവരെ മതത്തിന്റെയും വര്‍ഗീയതയുടെയും തീവ്രവാദത്തിന്റെയും ചട്ടുകങ്ങളാക്കുവാന്‍ വിട്ടുകൊടുക്കരുതെന്നും പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലുണ്ടായ സംഭവങ്ങള്‍ കേരളത്തില്‍ ഒരിടത്തും ആവര്‍ത്തിക്കുവാന്‍ അനുവദിക്കില്ലെന്നും, ഭാവി തലമുറയെ ബലിയാടാക്കിയുള്ള ഇത്തരം തീവ്രവാദ കടന്നാക്രമങ്ങളെ എന്തുവിലകൊടുത്തും എതിര്‍ക്കുമെന്നും വി സി സെബാസ്റ്റ്യന്‍ പറഞ്ഞു.