Kerala

ഫാ. മൈക്കിള്‍ പനച്ചിക്കല്‍: തിരുനാമകീര്‍ത്തനം പാടിയും പ്രസംഗിച്ചും ധന്യമായ ജീവിതം

Sathyadeepam

മലയാളത്തിനു മറക്കാനാകാത്ത ക്രൈസ്തവഭക്തിഗാനങ്ങളുടെ ശില്‍പിയായി സഭാ-സാഹിത്യ-മാധ്യമചരിത്രത്തില്‍ സ്ഥാനം പിടിച്ച അതുല്യവ്യക്തിത്വമാണ് ജൂണ്‍ 15 നു നിര്യാതനായ ഫാ. മൈക്കിള്‍ പനച്ചിക്കല്‍ വി സി (77). കേരളത്തിലെ കരിസ്മാറ്റിക് നവീകരണരംഗത്തു തരംഗം സൃഷ്ടിച്ച പോട്ട ധ്യാനകേന്ദ്രത്തില്‍ നിന്നുള്ള വചനോത്സവം മാസികയുടെ സ്ഥാപകപത്രാധിപരായിരുന്നു. പൊതുമാധ്യമരംഗത്തെ ഭാവാത്മകമായ ഇടപെടലുകളുടെ ഭാഗമായി, ഒരു വാണിജ്യ സിനിമ നിര്‍മ്മിക്കുവാനും അദ്ദേഹം രംഗത്തിറങ്ങിയിരുന്നു. അദ്ദേഹം നിര്‍മ്മിച്ച 'കന്മഴ പെയ്യുംമുമ്പേ' എന്ന സിനിമ കേരളത്തിലെ തിയേറ്ററുകളില്‍ റിലീസ് ചെയ്യുകയായിരുന്നു. ഒ ടി ടി കാലത്തിനു മുമ്പ് അങ്ങനെയൊരു സാഹസത്തിനു മുതിര്‍ന്ന ആദ്യത്തെ വൈദികനായിരിക്കണം പനച്ചിക്കലച്ചന്‍.

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍, നിത്യത തീര്‍ക്കുന്ന നിമിഷങ്ങളില്‍, ശ്യാമാംബരത്തിലെ സൗന്ദര്യമായി നീ, പിതാവേ അനന്ത നന്മയാകും തുടങ്ങി 700 ല്‍ അധികം ഗാനങ്ങളാണ് അച്ചന്റെ തൂലികത്തുമ്പില്‍ നിന്നു പിറവി കൊണ്ടത്. ഗാനരചനയും എഴുത്തും കൂടാതെ അനേകം നിലകളില്‍ അദ്ദേഹം തന്റെ സംഭാവനകള്‍ കേരളസഭയ്ക്കു നല്‍കി.

വിന്‍സെന്‍ഷ്യന്‍ സഭയുടെ പ്രസിദ്ധമായ ഇടവകനവീകരണധ്യാനങ്ങളായ പോപ്പുലര്‍ മിഷന്‍ ഡയറക്ടര്‍, അടിച്ചിറ പരിത്രാണ ധ്യാനകേന്ദ്ര ഡയറക്ടര്‍, കട്ടപ്പന കൃപാലയ റിട്രീറ്റ് സെന്റര്‍ ഡയറക്ടര്‍, അസിസ്റ്റന്റ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ എന്നി നിലകളില്‍ അദ്ദേഹം സേവനം ചെയ്തു. പാലാ വിന്‍സെന്‍ഷ്യന്‍ മൈനര്‍ സെമിനാരിയിലും ആലുവ വിന്‍സെന്‍ഷ്യന്‍ വിദ്യാഭവനിലും സ്പിരിച്വല്‍ ഡയറക്ടറായും നോവിസ് മാസ്റ്ററായും പ്രവര്‍ത്തിച്ചു. വിന്‍സെന്‍ഷ്യന്‍ സഭയുടെ കോതമംഗലം, കലൂര്‍, വട്ടപ്പാറ ആശ്രമങ്ങളില്‍ സുപ്പീരിയറായും അങ്കമാലി, തോട്ടകം ആശ്രമങ്ങളില്‍ പ്രൊക്യുറേറ്ററായും സേവനമനുഷ്ഠിച്ചു.

കോയമ്പത്തൂര്‍ ഹോളി ട്രിനിറ്റി ഫൊറോനയില്‍ അസിസ്റ്റന്റ് വികാരിയായും പാലക്കയം ഇടവകയില്‍ വികാരിയായും സേവനം ചെയ്ത അദ്ദേഹം, ആറ്റിങ്ങല്‍ സെന്റ് ജൂഡ് മിഷന്‍ പള്ളി, നെടുമങ്ങാട് സെന്റ് തോമസ് മിഷന്‍ പള്ളി, കിള്ളി സെന്റ് ജോണ്‍ പോള്‍ രണ്ടാമന്‍ മിഷന്‍ പള്ളി എന്നിവിടങ്ങളില്‍ പ്രീസ്റ്റ്-ഇന്‍-ചാര്‍ജായും പ്രവര്‍ത്തിച്ചു. വിന്‍സെന്‍ഷ്യന്‍ സന്യാസസമൂഹത്തിന്റെ സെന്റ് ജോസഫ് പ്രോവിന്‍സ് അംഗവും വചനപ്രഘോഷകനും ഗാനരചയിതാവും സാഹിത്യകാരനും മാധ്യമപ്രവര്‍ത്തകനുമായിരുന്നു.

സീറോ മലബാര്‍ സഭ വിശുദ്ധ കുര്‍ബാന ടെക്‌സ്റ്റ് തയാറാക്കിയ കമ്മിറ്റിയില്‍ അംഗമായിരുന്നു. വിശുദ്ധ കുര്‍ബാനയുടെ ഗാനരചനയിലും ശ്രദ്ധേയ പങ്കുവഹിച്ചു. കെസിബിസി അവാര്‍ഡ്, ശാലോം മീഡിയ അവാര്‍ഡ്, സിസിലിയന്‍ അവാര്‍ഡ്, ഗുഡ്‌നസ് മീഡിയ അവാര്‍ഡ്, വിന്‍സെന്‍ഷ്യന്‍ ജനറലൈറ്റിന്റെ ലൂമിനസ് അവാര്‍ഡ് തുടങ്ങി നിരവധി അംഗീകാരങ്ങള്‍ കരസ്ഥമാക്കി.

1974 ഡിസംബര്‍ 19 നായിരുന്നു തിരുപ്പട്ടം. വിന്‍സെന്‍ഷ്യന്‍ സന്യാസസമൂഹത്തിന്റെ സെന്റ് ജോസഫ് പ്രോവിന്‍സ് അംഗമായിരുന്നു. അന്തീനാട് പനച്ചിക്കല്‍ പരേതരായ ദേവസ്യ-ഏലി ദമ്പതികളുടെ മകനാണ്.

അന്താരാഷ്ട്ര ഗാര്‍ഹിക തൊഴിലാളി ദിനാചരണം:

വിശുദ്ധ ഗ്രിഗറി ബാര്‍ബരിഗോ (1625-1697) : ജൂണ്‍ 17

ആനിമസ്ക്രിൻ അനുസ്മരണ ദിനം ആചരിച്ചു

ഫാ. ഫ്രാൻസിസ് ആലപ്പാട്ടിന് തൃശൂർ പൗരാവലി പ്രണാമം അർപ്പിച്ചു

വിശുദ്ധ ജോണ്‍ ഫ്രാന്‍സിസ് റെജിസ്  (1597-1640)  : ജൂണ്‍ 16