
ഫ്രാന്‍സിലെ രാജാവ് ളൂയി എട്ടാമന്റെ മകനായി 1214 ഏപ്രില്‍ 25 ന് വി. ളൂയി ജനിച്ചു. രാജാവ് മരിക്കുമ്പോള്‍ ളൂയിക്ക് പതിനൊന്നു വയസ്സായിരുന്നു. എങ്കിലും, അച്ഛന്റെ മരണത്തോടെ രാജാവായിത്തീര്‍ന്ന ളൂയി. സമര്‍ത്ഥയായ അമ്മ ബ്ലാഞ്ചെ രാജ്ഞിയുടെ സഹായത്താല്‍ പത്താം വര്‍ഷം രാജ്യം ഭരിച്ചു. 1252-ല്‍ രാജ്യകാര്യങ്ങളില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തിയിരുന്നു. പത്തൊമ്പതാമത്തെ വയസ്സില്‍ പ്രോവന്‍ സിലെ മാര്‍ഗ്ഗരറ്റിനെ ളൂയി വിവാഹം ചെയ്തു. അവര്‍ക്കു പത്തു മക്കളും ജനിച്ചു. ഉത്തരവാദിത്വമുള്ള ഒരു ഭര്‍ത്താവും അച്ഛനുമായിരുന്നു ളൂയി.
അമ്മയുടെ നിയന്ത്രണത്തില്‍, നല്ല ആത്മീയ അന്തരീക്ഷത്തില്‍ വളര്‍ന്നുവന്ന ളൂയി അമ്മയുടെ വാക്കുകള്‍ ഒരിക്കലും വിസ്മരിച്ചില്ല: "ഒരു കടുത്ത പാപം ചെയ്ത നിന്നെ ജീവനോടെ കാണുന്നതിനേക്കാള്‍ എനിക്കിഷ്ടം നിന്റെ നിര്‍ജീവമായ ജഡം കാണുന്നതാണ്." ദിവസവും രണ്ടു പ്രാവശ്യമെങ്കിലും ദിവ്യബലിയില്‍ പങ്കെടുക്കാന്‍ ളൂയി സമയം കണ്ടെത്തിയിരുന്നു. മാത്രമല്ല, മറ്റാരുമറിയാതെ, മണിക്കൂറുകള്‍ അദ്ദേഹം പ്രാര്‍ത്ഥനയ്ക്കും പ്രായശ്ചിത്തപ്രവൃത്തികള്‍ക്കുമായി ചെലവഴിച്ചിരുന്നു. വിശ്വാസപ്രമാണം ചൊല്ലുമ്പോഴും ക്രിസ്തുവിന്റെ കുരിശുമരണത്തെപ്പറ്റിയുള്ള ബൈബിള്‍ ഭാഗം വായിക്കുമ്പോഴും കുനിഞ്ഞുവണങ്ങുന്ന രീതി ളൂയി ആരംഭിച്ചതാണ്. സ്വന്തം സുഖസൗകര്യങ്ങളേക്കാള്‍, നിര്‍ഭാഗ്യരുടെയും ദരിദ്രരുടെയും കഷ്ടപ്പാടുകള്‍ക്കാണു ളൂയി പ്രാധാന്യം നല്‍കിയത്. അനേകം ആശുപത്രികള്‍ക്കു പുറമെ 300 അന്ധരെ സംരക്ഷിക്കാനും പശ്ചാത്തപിച്ച വേശ്യ സ്ത്രീകളെ സംരക്ഷിക്കാനും ഓരോ സ്ഥാപനവും അദ്ദേഹം ആരംഭിച്ചിരുന്നു. എല്ലാ ദിവസവും പാവങ്ങള്‍ക്കു ഭക്ഷണം നല്‍കുകയും കുഷ്ഠരോഗികളെ ശുശ്രൂഷിക്കുകയും ചെയ്തിരുന്നു. സാധാരണ അടിപിടി കേസുകളൊക്കെ മാന്യമായി ഒത്തുതീര്‍പ്പാക്കാനുള്ള നിയമപരിഷ്‌കാരങ്ങളും അദ്ദേഹം വരുത്തി.
നല്ല ആദര്‍ശധീരനും വിശുദ്ധനുമായിരുന്ന ളൂയി പുരോഹിതന്മാരുടെ ഒരു നല്ല സുഹൃത്തുമായിരുന്നു. പ്രത്യേകിച്ച്, ഫ്രാന്‍സിസ്‌ക്കന്‍ ഡൊമിനിക്കന്‍ സന്ന്യാസിമാരോട് പ്രത്യേക മമത കാട്ടിയിരുന്നു. ഏഴാമത്തെ കുരിശുയുദ്ധത്തിനു മുമ്പ് അദ്ദേഹം ഫ്രാന്‍സിസ്‌കന്‍ മൂന്നാം സഭയില്‍ അംഗമായി ചേര്‍ന്നിരുന്നു. സഭാനിയമങ്ങള്‍ കൃത്യമായി പാലിക്കുന്നതില്‍ അദ്ദേഹം ദത്തശ്രദ്ധനായിരുന്നു. കോടതിയില്‍ ക്രിസ്ത്യന്‍ ധാര്‍മ്മികതയ്ക്കു വിരുദ്ധമായ മോശമായ പരാമര്‍ശമോ ഭാഷയോ പോലും അനുവദിക്കപ്പെട്ടിരുന്നില്ല.
അദ്ദേഹം പടുത്തുയര്‍ത്തിയ പ്രസ്ഥാനങ്ങളില്‍ ഏറ്റവും തലയെടുപ്പുള്ളവയില്‍ ഒന്ന് സൊര്‍ബോണ്‍ കോളേജാണ്. പാരീസിലെ തിയളോജിക്കല്‍ ഫാക്കല്‍റ്റിയായി രൂപപ്പെട്ടത് ഈ കോളേജാണ്. മറ്റൊന്ന്, സെന്റ് ചാപ്പെല്‍. സുന്ദരമായ ഒരു കലാശില്പം. യേശുവിനെ തൂക്കിലേറ്റിയ യഥാര്‍ത്ഥ കുരിശിന്റെയും ധരിച്ച മുള്‍മുടിയുടെയും ഭാഗങ്ങള്‍ ഇവിടെ സംരക്ഷിച്ചിരിക്കുന്നു.
രാഷ്ട്രീയമായി ളൂയി തന്ത്രപരമായ പല നീക്കങ്ങളും നടത്തിയിരുന്നു. അല്‍ബജന്‍സിയന്‍ യുദ്ധം അവസാനിപ്പിച്ചു. 1259-ല്‍ പാരീസും ഇംഗ്ലണ്ടും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ച് ഒത്തുതീര്‍പ്പ് ഉടമ്പടിയില്‍ ഒപ്പുവച്ചു. പോപ്പും ചക്രവര്‍ത്തിയും തമ്മിലുള്ള ഒത്തുതീര്‍പ്പു ചര്‍ച്ചകളില്‍ മദ്ധ്യസ്ഥനായിരുന്നത് വി. ളൂയി ആയിരുന്നു. തുര്‍ക്കികളുടെ അധീനത്തില്‍നിന്ന് പാലസ്തീനിനെ രക്ഷപ്പെടുത്തുന്നതിനുള്ള പദ്ധതികളെപ്പറ്റിയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ചിന്ത. 1248-ല്‍ ഏഴാം കുരിശുയുദ്ധം നയിച്ച അദ്ദേഹം ഒരു പരിധിവരെ വിജയിച്ചെങ്കിലും തടവിലാക്കപ്പെട്ടു. അവിടെനിന്നു മോചനം നേടാന്‍ വന്‍തുക ചെലവാക്കേണ്ടി വന്നു. ഇരുപത്തിരണ്ടു വര്‍ഷത്തിനുശേഷം, 1270-ല്‍ വീണ്ടുമൊരു അങ്ക ത്തിനു പുറപ്പെട്ട അദ്ദേഹം ടൂണിസില്‍വച്ച് ടൈഫോയിഡ് പിടിപെട്ട് ആഗസ്റ്റ് 25 ന് ചരമം പ്രാപിച്ചു. 1297-ല്‍ പോപ്പ് ബോനിഫസ് എട്ടാമന്‍ ളൂയിയെ വിശുദ്ധനായി പ്രഖ്യാപിച്ചു.