

നന്മയെ, സൗന്ദര്യത്തെ, സ്‌നേഹത്തെ തീക്ഷ്‌ണമായി സ്‌നേഹിക്കുന്നതും, ആന്തരികമായ സ്വന്തം രൂപാന്തരീകരണത്തിനായി ദാഹിക്കുന്നതും, അപരരിലേക്ക് സ്‌നേഹമായി സ്വയം ഒഴുക്കുന്നതുമായ മനുഷ്യർ ഇവിടെ എക്കാലവും ഉണ്ടായിരിക്കും.
ഈയിടെ ഒരിക്കൽ ക്ലാരിസ്റ്റ് സന്ന്യാസ സമൂഹത്തിന്റെ കേരളത്തിലെ നോവിഷ്യേറ്റ് സന്ദർശിച്ചിരുന്നു. കേരളത്തിലെ വിവിധ പ്രോവിൻസുകളിൽ നിന്നായി പതിനാല് സന്ന്യാസ അർത്ഥികൾ അവിടെ ഉണ്ടായിരുന്നു.
ഹ്രസ്വമായ പ്രസ്തുത സന്ദർശനത്തിനുശേഷം അവിടെനിന്ന് തിരിക്കുമ്പോൾ ക്രൈസ്‌തവ സന്ന്യാസത്തിന്റെ ഭാവിയെക്കുറിച്ചുള്ള ചിന്തയായിരുന്നു മനസ്സുനിറയെ.
യോഹന്നാന്റെ സുവിശേഷം അവസാന അധ്യായത്തിൽ തിബേരിയസ് കടൽത്തീരത്തുവച്ച് യേശു പത്രോസിനോട് നീ എന്നെ സ്നേഹിക്കുന്നുവോ എന്ന് മൂന്നുവട്ടം ചോദിച്ചശേഷം തന്റെ അജഗണ ത്തിന്റെ ഉത്തരവാദിത്തം അവനെ ഏൽപ്പിക്കുന്നുണ്ട്. അതിനുശേഷം നാം ഇങ്ങനെ വായിക്കുന്നു: “പത്രോസ് തിരിഞ്ഞു നോക്കിയ പ്പോള്‍ യേശു സ്നേഹിച്ചിരുന്ന ആ ശിഷ്യന്‍ പിന്നാലെ വരുന്നതു കണ്ടു... പത്രോസ് യേശുവിനോടു ചോദിച്ചു: കര്‍ത്താവേ, ഇവന്റെ കാര്യം എന്ത്? യേശു പറഞ്ഞു: ഞാന്‍ വരുന്നതുവരെ ഇവന്‍ ജീവിച്ചിരിക്കണമെന്നാണ് എന്റെ ഹിതമെങ്കില്‍ നിനക്കെന്ത്? നീ എന്നെ അനുഗമിക്കുക. ആ ശിഷ്യൻ മരിക്കുകയില്ല എന്ന ഒരു സംസാരം സഹോദരരുടെയിടയില്‍ പരന്നു.”
ഒരു സന്ന്യാസ സമൂഹാംഗമായതിനാൽ ആവണം, പത്രോസ് ഔദ്യോഗിക സഭയുടെയും; യേശു സ്നേഹിച്ച, യേശുവിനെ അനുഗമിക്കുന്ന ആ ശിഷ്യൻ സന്ന്യാസ സമർപ്പിത ജീവിതത്തിന്റെയും പ്രതിനിധാനമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.
സന്ന്യാസം അവസാനിക്കാറായോ, അതിന് സാംഗത്യം ഇല്ലാതായോ എന്നും മറ്റുമുള്ള ചർച്ചകൾ ചിലപ്പോഴെങ്കിലും കേട്ടിട്ടുണ്ട്. ‘ലോകം ആധുനികോത്തരമായി; ശാസ്‌ത്രം പുരോഗമിച്ച് ഇപ്പോൾ അവയവങ്ങൾ മാത്രമല്ല, കൃത്രിമമായി ജീവൻ പോലും ഉണ്ടാക്കാൻ മാത്രം വളർന്നു. പഴയ കാലത്തെ മണ്ടൻ പരിപാടികൾക്ക് ഇനിയുള്ള കാലത്ത് ചെറുപ്പക്കാരെ കിട്ടില്ല; അവിടങ്ങളിൽ ഇപ്പോഴുള്ളവർ മരിച്ചുതീരുന്ന മുറയ്ക്ക് സന്ന്യാസംതന്നെ അവസാനിക്കും’ എന്നും മറ്റും ചിന്താശീലമുള്ളവർ പറയുന്നത് കേട്ടിട്ടുണ്ട്. സന്ന്യാസ വഴിയേ പിച്ചവെക്കാൻ തുടങ്ങുന്ന ഒരു ശിശു എന്ന നിലയിൽ ഏതായാലും എനിക്കങ്ങനെ തോന്നുന്നില്ല.
എന്തുകൊണ്ട് ഞാൻ അത്തരത്തിൽ പ്രത്യാശിക്കുന്നു എന്ന് ഒരുപക്ഷേ മറ്റുള്ളവർ കൗതുകം കൊണ്ടേക്കാം. സന്ന്യാസത്തിന് മൂന്ന് തലങ്ങളുള്ളതായാണ് ഞാൻ കാണുന്നത്. അതിനാൽ, വേണമെങ്കിൽ മൂന്നേമൂന്ന് വാക്യങ്ങളിൽ അത് പറയാൻ കഴിയും.
1) ഭൂമിയിൽ ഏതെങ്കിലും കുറച്ചുപേരിൽ ദൈവവിശ്വാസം അവശേഷിക്കുന്നുണ്ട് എന്നുവരികിൽ, ആ ദൈവത്തെ എങ്ങനെ കൂടുതൽ അനുഭവിക്കാൻ കഴിയും എന്ന് അവരിൽ ഏതാനും പേരെങ്കിലും അന്വേഷിച്ചുകൊണ്ടിരിക്കും. എന്നുവച്ചാൽ, ആധ്യാത്മികമായി ആഴമുള്ള അനുഭവം അന്വേഷിക്കുന്ന കുറേപ്പേരെങ്കിലും എക്കാലവും ഇവിടെ അവശേഷിക്കും.
2) ഭൂമിയിലെ മനുഷ്യർ ധാർമ്മികവും മാനസികവുമായ തങ്ങളുടെ പൂർണ്ണതയെ പ്രാപിക്കുന്നതുവരെ കുറേപ്പേർ അതിനായി പരിശ്രമിച്ചുകൊണ്ടിരിക്കും. അതായത്, ക്രിസ്റ്റിഫിക്കേഷൻ എന്നൊരു കാര്യമുണ്ട്. മാനവകുലമാകെ ഒരുനാൾ ക്രിസ്തുവിലേക്ക് രൂപാന്തരപ്പെടും എന്നതാണത്. ക്രിസ്തുവിൽ സർവ്വവും സമന്വയിക്കപ്പെടും എന്ന വിശുദ്ധഗ്രന്ഥ ദർശനത്തിന്റെ ഷാർദ്ദേനിയൻ വ്യാഖ്യാനമാണത്. അത്തരം ഒരു ക്രിസ്‌തീകരണം അഥവാ മാനവീകരണം പൂർണ്ണമാകുന്നതുവരെ ഭൂമിയിൽ കുറേപ്പേർ അത്തരം മാനവികതയുടെ പൂർണ്ണതയിൽ എത്താൻ വേണ്ടിയുള്ള അവരുടെ പരിശ്രമം തുടർന്നു കൊണ്ടിരിക്കും.
3) സ്‌നേഹം നല്കാനും സ്വീകരിക്കാനും കഴിവുള്ള മനുഷ്യർ ഈ ഭൂമിയിൽ ഉണ്ടായിരിക്കുന്നിടത്തോളംകാലം, പ്രത്യേകിച്ച് ഏതെങ്കിലും തരത്തിൽ ദുർബലരോ മുറിവേറ്റവരോ നിരാലംബരോ ആയ മനുഷ്യർ ഈ ഭൂമിയിൽ ഉള്ളിടത്തോളംകാലം, ചിലർ ഉള്ളം തപിച്ച് അപരർക്കായി സ്വയം നല്കിക്കൊണ്ടിരിക്കും. കാരണം, എക്കാലവും മനുഷ്യരിൽ നന്മയുണ്ടായിരിക്കും എന്നതുതന്നെ. “ദരിദ്രർ എക്കാലവും നിങ്ങളോടുകൂടിയുണ്ടല്ലോ” എന്ന് യേശു സൂചിപ്പിക്കുന്നുണ്ട്. ശാരീരികമായോ മാനസികമായോ സാമൂഹികമായോ സാമ്പത്തികമായോ ദുർബലരോ മുറിവേറ്റവരോ നിരാലംബരോ ആയവർ എക്കാലവും ഭൂമുഖത്ത് ഉണ്ടായിരിക്കും. സ്‌നേഹത്താൽ പ്രചോദിതരായി അപരരെ സേവിക്കുന്ന, അവരെ ഉയർത്തുന്ന, ഉൾകൊള്ളാൻ ശ്രമിക്കുന്ന, മനുഷ്യരും ഇവിടെ ഉണ്ടാകും.
ചുരുക്കത്തിൽ, നന്മയെ, സൗന്ദര്യത്തെ, സ്‌നേഹത്തെ തീക്ഷ്‌ണമായി സ്‌നേഹിക്കുന്നതും, ആന്തരികമായ സ്വന്തം രൂപാന്തരീകരണത്തിനായി ദാഹിക്കുന്നതും, അപരരിലേക്ക് സ്‌നേഹമായി സ്വയം ഒഴുക്കുന്നതുമായ മനുഷ്യർ ഇവിടെ എക്കാലവും ഉണ്ടായിരിക്കും. മതഭേദമെന്യേ ഒരു പരിധിവരെ എല്ലാവരും അങ്ങനെ ചെയ്യുന്നവർ തന്നെയാവാം. എന്നാൽ, സാധാരണയിൽനിന്ന് ഒരുപടി കടന്ന് ഇക്കാര്യങ്ങൾ ചെയ്യുന്നവരെക്കുറിച്ചാണ് പറഞ്ഞത്. യോഹന്നാനെപ്പോലെ, അഗസ്റ്റിനെപ്പോലെ, ബനഡിക്റ്റിനെപ്പോലെ, എഫ്രേമിനെപ്പോലെ, ഫ്രാൻസിസിനെപ്പോലെ, കൊച്ചുത്രേസ്യയെപ്പോലെ, നോർവിച്ചിലെ ജൂലിയനെപ്പോലെ, കൊൽക്കത്തയിലെ തെരേസയെപ്പോലെ: അത്തരം മറ്റ് പതിനായിരങ്ങളെപ്പോലെ! അതാണ് സന്ന്യാസം. അതിന്റെ രൂപങ്ങൾ മാറി വന്നേക്കാം. മുമ്പും മാറിയിട്ടുണ്ട്. ഉള്ളടക്കത്തിലും ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം. മുമ്പും ഉണ്ടായിട്ടുണ്ട്. സന്ന്യാസം നിലനില്ക്കും.
അത്രയും ലളിതമാണത് !