തമിഴ്‌നാട് സര്‍ക്കാരിന്റെ 2025 ലെ അധ്യാപക പുരസ്‌കാരമായ ഡോ. എസ് രാധാകൃഷ്ണന്‍ അവാര്‍ഡിന്, വിദ്യാഭ്യാസ വിചക്ഷണനും സി എം ഐ സമര്‍പ്പിതസമൂഹാംഗവും ദീര്‍ഘകാലമായി തമിഴ്‌നാട്ടിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മേധാവിയായി സേവനമനുഷ്ഠിച്ചിട്ടുളള മലയാളി വൈദികന്‍ ഫാ. ഡോ. ആന്‍സന്‍ പാണേങ്ങാടന്‍ അര്‍ഹനായി.
മികച്ച ഭരണനിര്‍വഹണം, ക്ലാസ് മാനേജ്‌മെന്റ്, സാമൂഹ്യ ഇടപെടലുകള്‍, പ്രാദേശിക ഇടപെടലുകള്‍, സ്‌കൂളിന്റെ അക്കാദമിക നിലവാരം, അധ്യാപക പഠന നിലവാരം, ഗണിത സാമൂഹ്യശാസ്ത്ര സാങ്കേതിക കലാസാഹിത്യസാംസ്‌കാരിക കായിക തലത്തിലുള്ള സ്‌കൂളിന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ കണക്കിലെടുത്താണ്, ഈ വര്‍ഷത്തെ തമിഴ്‌നാട് സര്‍ക്കാരിന്റെ അധ്യാപക അവാര്‍ഡിന്, ഈറോഡ് കാര്‍മ്മല്‍ മെട്രിക്കുലേഷന്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ. ഡോ. ആന്‍സന്‍ പാണേങ്ങാടന്‍ അര്‍ഹനായത്.
സി എം ഐ. കോയമ്പത്തൂര്‍ പ്രേഷിത പ്രവിശ്യാംഗമായ ഫാ. ആന്‍സന്‍, കഴിഞ്ഞ 15 വര്‍ഷക്കാലമായി, തമിഴ്‌നാട്ടിലെ വിദ്യാഭ്യാസ മേഖലയില്‍ സജീവ നേതൃത്വത്തിലുള്ളയാള്‍ കൂടിയാണ്. തമിഴ്‌നാടിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ ഈ നേട്ടം കരസ്ഥമാക്കിയ മലയാളികള്‍ വിരളവും ഈ വര്‍ഷത്തെ പുരസ്‌കാര ജേതാക്കളിലെ ഏക മലയാളിയുമാണ്. ബിരുദ ബിരുദാനന്തര കാലയളവില്‍ റാങ്ക് ജേതാവുകൂടിയായ ഫാ. ആന്‍സന്‍, വിദ്യാഭ്യാസത്തില്‍ ബിരുദാനന്തര ബിരുദവും കോയമ്പത്തൂര്‍ ഭാരതിയാര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ഗവേഷണ ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.
നേരത്തെ ചെന്നൈ പൂനമല്ലി ക്രൈസ്റ്റ് മെട്രിക്കുലേഷന്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, കോയമ്പത്തൂര്‍ ചാവറ വിദ്യാഭവന്‍ മെട്രിക്കുലേഷന്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രിന്‍സിപ്പാളായി സേവനമനുഷ്ഠിച്ചിട്ടുള്ള ഫാ. ആന്‍സന്‍, കഴിഞ്ഞ ആറു വര്‍ഷക്കാലമായി ഈറോഡ് കാര്‍മ്മല്‍ മെട്രിക്കുലേഷന്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാളാണ്. സി എം ഐ പ്രേഷിത പ്രൊവിന്‍സിന്റെ മുന്‍ വിദ്യാഭ്യാസ കൗണ്‍സിലര്‍ കൂടിയായിരുന്നു, ഫാ. ആന്‍സന്‍.
വിദ്യാര്‍ഥികളുടെ പഠന നിലവാരമുയര്‍ത്തുന്നതിലും ലാബ് ലൈബ്രറി സൗകര്യങ്ങളുള്‍പ്പെടെ സ്‌കൂളിന്റെ ഭൗതിക സാഹചര്യമൊരുക്കുന്നതിലും പ്രിന്‍സിപ്പാളെന്ന നിലയില്‍ കാണിച്ച ഔല്‍സുക്യവും അവാര്‍ഡിനു പരിഗണിക്കുന്നതിന് കാരണമായിട്ടുണ്ട്. ദേശീയ അധ്യാപകദിനമായ സെപ്റ്റംബര്‍ 5 ന്, ചെന്നൈയിലെ അറിഞ്ഞര്‍ അണ്ണ സെന്റിനറി ലൈബ്രറി ഹാളില്‍ വച്ച് തമിഴ്‌നാട് സെപ്യൂട്ടി ചീഫ് മിനിസ്റ്റര്‍ ഉദയനിധി സ്റ്റാലിന്റെ സാന്നിധ്യത്തില്‍ തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി അന്‍പില്‍ മഹേഷില്‍ നിന്ന് പുരസ്‌കാരം, ഏറ്റുവാങ്ങി.
തൃശ്ശൂര്‍ പറപ്പൂര്‍ സ്വദേശിയായ പാണേങ്ങാടന്‍ ജോസ്-ആനി ദമ്പതികളുടെ മകനും തൃശ്ശൂര്‍ സെന്റ് തോമസ് കോളേജിലെ അധ്യാപകനായ ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്റെ സഹോദരനുമാണ് അവാര്‍ഡു ജേതാവായ ഫാ. ഡോ. ആന്‍സന്‍ പാണേങ്ങാടന്.