Kerala

കേരള സഭാതാരം അവാര്‍ഡും സി ബി സി ഐ പ്രഥമ അവാര്‍ഡും സീറ്റ്‌ലി ജോര്‍ജ് മേച്ചേരി കരസ്ഥമാക്കി

Sathyadeepam

തൃശൂര്‍ ജില്ലയിലെ ഒല്ലൂര്‍ ഫൊറോനപ്പള്ളി ഇടവകയിലെ, ദൈവഭയവും ആത്മീയകാര്യങ്ങളില്‍ താല്പര്യവുമുള്ള ആലപ്പാട്ട് മേച്ചേരി (മലേഷ്യയിലെ കര്‍ദ്ദിനാള്‍ ഫ്രാന്‍സീസ് മേച്ചേരിയുടെ കുടുംബം) എന്ന കത്തോലിക്കാ കുടുംബത്തില്‍ ജോര്‍ജ്, എല്‍സി ദമ്പതികളുടെ മൂന്നാമത്തെ മകനായി 1972 ലാണ് സീറ്റ്‌ലിയുടെ ജനനം.

ജീസസ് യൂത്തുമായി ബന്ധപ്പെട്ട് ഒട്ടേറെക്കാലം പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിനവസരമുണ്ടായി. 1992-ല്‍ ഫാ. ധീരജ് സാബുവിന്റെ നേതൃത്വത്തില്‍ സാന്ത്വന കമ്മ്യൂണിറ്റി മിഷന്‍ പ്രവൃത്തനങ്ങള്‍ തുടങ്ങിയ സമയത്ത് കരിസ്മാറ്റിക് നവീകരണത്തിന്റെ പശ്ചാത്തലമുള്ള ഏതാനും പേരോടുകൂടെ സീറ്റ്‌ലി മിഷന്‍ യാത്രയ്ക്കായി പോയിരുന്നു.

2006-ല്‍ സീറ്റ്‌ലി ജോര്‍ജ് മുഴുവന്‍ സമയ ശുശ്രൂഷകനായി. സമാനകാഴ്ചപ്പാടുള്ള, കര്‍ത്താവിനുവേണ്ടി ആത്മാര്‍ത്ഥമായി പ്രവൃത്തിക്കുന്നവരെ കൂട്ടിച്ചേര്‍ത്ത് മിഷനെ പരിചയപ്പെടുത്താന്‍, മിഷനെ സഹായിക്കാന്‍ 2008-ല്‍ ഫിയാത്ത് മിഷന്‍ ആരംഭിച്ചു.

ബിഷപ്പ് ബോസ്‌കോ പുത്തൂര്‍, ബിഷപ്പ് ചാക്കോ തോട്ടുമാരിക്കല്‍ എസ്.വി.ഡി., ബിഷപ്പ് തോമസ് മാര്‍ അന്തോണിയോസ് എന്നീ അഭിവന്ദ്യ പിതാക്കന്മാരെ ഫിയാത്ത് മിഷന്റെ രക്ഷാധികാരികളായും. ഫാ. ജോസഫ് അന്തിക്കാട്ടിനെ ഈ പ്രസ്ഥാനത്തിന്റെ ആത്മീയ പിതാവായും നല്‍കിയതും ഈശോയുടെ അനന്തമായ കരുണയുടേയും ഫിയാത്ത് മിഷനോടുള്ള കരുതലിന്റേയും ഭാഗം ആയിരുന്നു.

ഇന്ന് പതിനേഴ് സംസ്ഥാനങ്ങളില്‍ ഫിയാത്ത് മിഷന്റെ സാന്നിദ്ധ്യമുണ്ട്. കൂടാതെ ഇന്ത്യയ്ക്ക് പുറത്ത് ആഫ്രിക്കന്‍ രാജ്യങ്ങളിലും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും കര്‍ത്താവ് ഫിയാത്തിനെ കൂട്ടിക്കൊണ്ടു പോയി ശുശ്രൂഷകള്‍ ഏല്‍പിച്ചിരിക്കുന്നു. മാസം 50,000 ത്തോളം ബൈബിള്‍ സൗജന്യ നിരക്കില്‍ വിതരണം ചെയ്യുന്നു. 300 ഓളം സഹോദരങ്ങള്‍ ഇന്ന് ഫിയാത്തിനു വേണ്ടി മുഴുവന്‍ സമയം പ്രവൃത്തിക്കുന്നു.

ഇതുവരെ ബൈബിള്‍ നിര്‍മിക്കപ്പെടാത്തതും, ദുര്‍ലഭമായി മാത്രം ബൈബിള്‍ ലഭിക്കുന്നതുമായ ഭാഷകളില്‍ ബൈബിള്‍ നിര്‍മിച്ച് വിലകുറച്ചും അര്‍ഹരായവര്‍ക്ക് സൗജന്യമായും നല്‍കുന്ന ബൈബിള്‍ നിര്‍മ്മാണ വിതരണ ശുശ്രൂഷയാണ് ഫിയാത്ത് മിഷന്റെ പ്രധാന ശുശ്രൂഷ. 23 ഇന്ത്യന്‍ ഭാഷകളിലും 7 ആഫ്രിക്കന്‍ ഭാഷകളിലും ഇതിനോടകം ബൈബിള്‍ നിര്‍മിച്ചു വിതരണം ചെയ്തു കഴിഞ്ഞു. അനേകം ഭാഷകളിലുള്ള ബൈബിളുകള്‍ നിര്‍മാണത്തിന്റെ വിവിധഘട്ടങ്ങളിലാണ്. മധ്യസ്ഥ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍, ധ്യാനശുശ്രൂഷകള്‍, ശിഷ്യത്വ പരിശീലന ശുശ്രൂഷകള്‍, മാധ്യമ ശുശ്രൂഷകള്‍, വര്‍ഷംതോറും നടത്തുന്ന ജിജിഎം മിഷന്‍ കോണ്‍ഗ്രസ് എന്നിവയാണ് സീറ്റ്‌ലി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ഫിയാത്ത് മിഷന്‍ ചെയ്തുവരുന്ന മറ്റു ശുശ്രൂഷകള്‍.

2007-2008 കാലഘട്ടത്തില്‍ ഒറീസയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ നടന്ന ഭീകരമര്‍ദ്ദനങ്ങളുടെ സമയത്ത് അവിടെയെത്തി അവര്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ സീറ്റ്‌ലിയും സംഘവും തയ്യാറായി. ഇന്നും അവിടെ ഫിയാത്ത് മിഷന്റെ ശുശ്രൂഷകള്‍ മുന്നേറുന്നുണ്ട്. ഇറാക്കിലും സിറിയയിലും ശ്രീലങ്കയിലും സഭ പീഡനങ്ങളിലൂടെയും വേദനകളിലൂടെയും കടന്നുപോയ നാളുകളിലും കര്‍ത്താവിന്റെ പ്രചോദനത്താല്‍ അവിടെയെത്തി അവര്‍ക്കായി ഫിയാത്ത് മിഷന്‍ മധ്യസ്ഥപ്രാര്‍ത്ഥന നടത്തിവരുന്നു.

2025 ലെ ഇരിങ്ങാലക്കുട രൂപതയുടെ ''കേരള സഭാതാരം'' അവാര്‍ഡും 2026 ലെ സി ബി സി ഐ യുടെ സഭയ്ക്കും സമൂഹത്തിനും രാജ്യത്തിനും ചെയ്ത മാതൃകാപരമായ പ്രേഷിതസേവനങ്ങളെ ആദരിക്കുന്നതിന് നല്കുന്ന പ്രഥമ ദേശീയ പുരസ്‌കാരത്തിനും സീറ്റ്‌ലി ജോര്‍ജ് അര്‍ഹനാകുകയുണ്ടായി.

കാലം ചെയ്ത ഫ്രാന്‍സീസ് മാര്‍പാപ്പയുമായും ഇപ്പോഴത്തെ ലെയോ മാര്‍മാപ്പയുമായും കൂടിക്കാഴ്ച നടത്തുന്നതിനും സീറ്റ്‌ലിക്ക് അവസരമുണ്ടായിട്ടുണ്ട്. ഒല്ലൂര്‍ ഇടവകയ്ക്കും തൃശൂര്‍ അതിരൂപതയ്ക്കും അഭിമാനമായ ഈ അന്തര്‍ദേശീയ പ്രേഷിത പ്രവര്‍ത്തകന് ആത്മാര്‍ത്ഥമായ അനുമോദനങ്ങള്‍ അര്‍പ്പിക്കുന്നു!!!

കൊരട്ടി സ്വദേശി വെളിയത്ത് ബേബി ചിന്നമ്മ ദമ്പതികളുടെ മകള്‍ ബെറ്റ്‌സിയാണ് സീറ്റ്‌ലി ജോര്‍ജിന്റെ ജീവിത പങ്കാളി. എലിസബത്ത്, ജോര്‍ജ്, വര്‍ഗീസ്, പാട്രിക്, റാല്‍ഫ്, ഫൗസ്റ്റീന എന്നിങ്ങനെ 6 പേരാണ് മക്കള്‍.

നീണ്ടൂർ സെന്റ് ജോസഫ് പള്ളിയുടെ ശിലാ സ്ഥാപനം നടത്തി

വിശുദ്ധ കുത്ബര്‍ട്ട് (635-687) : മാര്‍ച്ച് 20

ശുദ്ധീകരിക്കുന്ന കല

യുദ്ധങ്ങളുടെ ലോകത്ത്, സാഹോദര്യം ഒരു ആദര്‍ശമല്ല, ഒരു ഉത്തരവാദിത്തമാണ്: പേപ്പല്‍ ധ്യാനപ്രസംഗകന്‍

നല്ല മനുഷ്യരുടെ ദുരന്തബോധം