

സാങ്കേതിക വിദഗ്ധരെയും ഉദ്യോഗസ്ഥ മേധാവികളെയും മാനേജ്മെന്റ് നിപുണരെയും ഉൾക്കൊള്ളിച്ചാണ് ടി വി കെയുടെ പുതിയ മന്ത്രിസഭ. പരമ്പരാഗത ദ്രാവിഡ പാർട്ടികളുടെ വൈകാരികവും പ്രത്യയശാസ്ത്രപരവുമായ പഥങ്ങളിലൂന്നിയ അധികാര ശൈലികളിൽ നിന്ന് മാറി വിഷയവിദഗ്ധർക്ക് മുൻതൂക്കമുള്ള പ്രൊഫഷണൽ അധികാരമാതൃകയിലേക്കുള്ള മാറ്റം ആണ് ടി വി കെ മുന്നോട്ടുവയ്ക്കുന്നത് എന്നു കരുതാവുന്നതാണ്.
പ്രൊഫഷണലുകളെ ഭരണനേതൃനിരയിൽ എത്തിക്കുമ്പോൾ ഭരണത്തിന്റെ കാര്യക്ഷമതയ്ക്ക് ആണ് മുൻതൂക്കം. അവിടെ ചരിത്രപരമോ സാംസ്കാരികമോ ആയ ആഭിമുഖ്യങ്ങളോ പ്രത്യയശാസ്ത്രങ്ങളോ ജാതി മത സമവാക്യങ്ങളോ അല്ല, മറിച്ച് വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള നയരൂപീകരണവും നിർവഹണവും ആകും സർക്കാരിന്റെ നിലനിൽപ്പിനെ ന്യായീകരിക്കുന്നതും അടയാളപ്പെടുത്തുന്നതും. അതിന് പതിവ് തമിഴ് രാഷ്ട്രീയ അധികാര ശൈലികളുടെ രുചിയും മണവും കുറഞ്ഞേക്കാം. തമിഴ് മക്കൾക്ക് അത് ഇഷ്ടപ്പെടുമോ?
സോഷ്യൽ എൻജിനീയറിങ് എന്ന തത്വത്തിന്റെ ഒരു തമിഴക വേർഷന്റെ സാധ്യതകളാണ് ഇവിടെ തെളിയുന്നത്. പ്രത്യയശാസ്ത്രപരമായ ശുദ്ധി പരിശോധിച്ച് സമൂഹത്തെ ആകെ മാറ്റിമറിക്കാൻ ശ്രമിക്കുന്ന ശൈലിയിൽ നിന്ന് വ്യത്യസ്തമായി സംസ്ഥാനത്തിന്റെ ഭരണസംവിധാനത്തെ ഉള്ളിൽ നിന്ന് തന്നെ വ്യവസ്ഥാപിതമായി പുനഃനിർമ്മിക്കാനാണ് ടി വി കെ യുടെ ടെക്നോക്രാറ്റിക് സമീപനം ലക്ഷ്യമിടുന്നത്. വിദഗ്ധരെ ഭരണ നേതൃത്വത്തിൽ കൊണ്ടുവരുന്നത് തമിഴ്നാടിന്റെ രാഷ്ട്രീയ സംസ്കാരത്തെ ഒരു പരിധിവരെ മാറ്റാൻ ഇടയാക്കാം! വോട്ടിന് പണം, രാഷ്ട്രീയ പ്രീണനം എന്ന സ്ഥിരം ശൈലി തകർത്ത് അർഹതയ്ക്കും ഭരണ മികവിനും പ്രാധാന്യം നൽകുന്ന ഒരു സംവിധാനം. ഐഡന്റിറ്റി പൊളിറ്റിക്സിനെക്കാൾ ഭരണപരമായ മികവിന് വില കല്പിക്കാൻ വോട്ടർമാരെ പ്രേരിപ്പിക്കുന്ന ബോധപൂർവമായ ഒരു ശ്രമം. അതാണ് ടി വി കെ മന്ത്രിസഭയിൽ നടക്കുന്ന നവകാല സാമൂഹിക എൻജിനീയറിങ്.
ഇവിടെ ചോദ്യം ഇതാണ്? ടെക്നോക്രാറ്റുകൾക്ക് യഥാർത്ഥ സാമൂഹിക പ്രശ്നങ്ങൾ തിരിച്ചറിയാനും രാഷ്ട്രീയ നിലപാടുകൾ പറയാനും കഴിയുമോ? രാഷ്ട്രീയബുദ്ധിക്കു പകരമാകുമോ സാങ്കേതികവിജ്ഞാനം?
ജനാധിപത്യ പൊതുമണ്ഡലത്തെക്കുറിച്ച് (democratic public sphere) ഏറ്റവും കൂടുതൽ പഠനം നടത്തിയ സൈദ്ധാന്തികരിൽ ഒരാളാണ് ജർമ്മൻ തത്വചിന്തകനായ യൂർഗൻ ഹാബർമാസ്. യുക്തിപരമായ സംവാദങ്ങളിലൂടെ ഭരണകൂടത്തെ ഉത്തരവാദിത്വമുള്ളവരാക്കി മാറ്റാൻ വിമർശനാത്മകമായ ഒരു പൊതുസമൂഹം ഉണ്ടാകണം. അത് സ്വതന്ത്രവും തുറവിയുള്ളതും സംഘർഷഭരിതവും ആയിരിക്കുമ്പോഴാണ് ജനാധിപത്യം ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്നതെന്ന് The structural transformation of the public sphere എന്ന പുസ്തകത്തിൽ അദ്ദേഹം നിരീക്ഷിക്കു ന്നുണ്ട്. എന്നാൽ രാഷ്ട്രീയ തീരുമാനങ്ങളിൽ, നയരൂപീകരണ ങ്ങളിൽ പൊതുജനങ്ങളുടെ പങ്ക് കുറയ്ക്കാൻ ശ്രമിക്കുന്ന പബ്ലിക് റിലേഷൻസ്, മാനേജ്മെന്റ് കാലഘട്ടത്തിൽ ഈ പൊതുമണ്ഡലത്തിന് / അതിലെ സംവാദങ്ങൾക്ക് ബലക്ഷയം ഉണ്ടായതിനെ കുറിച്ച് യൂറോപ്പിന്റെ രാഷ്ട്രീയ ചരിത്രത്തിന്റെ പശ്ചാത്തലത്തിൽ തന്നെ ഹാബർമാസ് പറഞ്ഞുവയ്ക്കുന്നു.
പ്രൊഫഷണലുകളെ ഭരണനേതൃനിരയിൽ എത്തിക്കുമ്പോൾ ഭരണത്തിന്റെ കാര്യക്ഷമതയ്ക്ക് ആണ് മുൻതൂക്കം. സോഷ്യൽ എൻജിനീയറിങ് എന്ന തത്വത്തിന്റെ ഒരു തമിഴക വേർഷന്റെ സാധ്യതകളാണ് ഇവിടെ തെളിയുന്നത്.
അത് സൂചിപ്പിക്കുന്നത് ശ്രദ്ധേയമായ ഒരു കാര്യമാണ്. പുതിയ രാഷ്ട്രീയ ആവശ്യങ്ങൾ, ജനകീയ വികാരങ്ങൾ, ആശയ രൂപീകരണങ്ങൾ എന്നിവയെ തിരിച്ചറിയാനുള്ള പൊതുമണ്ഡലത്തിന്റെ (democratic public sphere) കഴിവിനെ പരിമിതപ്പെടുത്തുന്നതിലേക്ക്, അത്തരം അറിവുകളെ വെറും സ്ഥിതിവിവരകണക്കുകളായി മാത്രം നേരിടാൻ ശ്രമിക്കുന്നതിലേക്ക് മാനേജ്മെന്റ് / ടെക്നോക്രാറ്റ് അധികാര ശൈലികൾ നാടിനെ നയിച്ചേക്കാം. അത് ധാർമ്മികവും രാഷ്ട്രീയവുമായ ചോദ്യങ്ങളെ ഉൾക്കൊള്ളാൻ മടിക്കുന്ന ശൈലി രൂപപ്പെടുത്തിയേക്കാം. എന്നാൽ, ടി വി കെ മന്ത്രിസഭയിലെത്തിയിട്ടുള്ള വിദഗ്ധർ പലരും അടിസ്ഥാനജനവിഭാഗങ്ങളിൽ നിന്നുയർന്നുവന്നവരാണ് എന്നത് ഈ വെല്ലുവിളിയെ നേരിടാൻ സാധ്യത നൽകുന്നു.
വിജയ് യുടെ മന്ത്രിസഭാ രൂപീകരണം ഒരു വലിയ സിനിമ പോലെ ആയിരുന്നു. മുഖ്യമന്ത്രിയായിട്ടും അദ്ദേഹത്തിലെ സൂപ്പർ താരം ആ ശരീരത്തിൽ നിന്ന് ഇനിയും ഇറങ്ങി പോന്നിട്ടുമില്ല! കയ്യടിക്കാൻ വെമ്പുന്ന തീയറ്റർ ഓഡിയൻസിന്റെ മുമ്പിൽ ആണ് താൻ എപ്പോഴും എന്ന് ഓർമ്മിപ്പിക്കുന്ന തരത്തിലാണ് അദ്ദേഹത്തിന്റെ അഭിമുഖങ്ങളും പ്രസംഗങ്ങളും ആംഗ്യവിക്ഷേപങ്ങളും. ഇങ്ങനെ ഒരു നടൻ നയിക്കുന്ന; ആശയങ്ങളേക്കാൾ, താര ആരാധന നിയന്ത്രിക്കുന്ന ഒരു പാർട്ടിക്ക്, ഒരു ബഹുകക്ഷി ജനാധിപത്യഘടനയ്ക്കുള്ളിൽ,
അതും ആയിരക്കണക്കിന് വർഷം പഴക്കമുള്ള ഭാഷാ, സംസ്കാര പശ്ചാത്തലത്തിൽ, ഫലപ്രദമായി ആശയവിനിമയം നടത്താൻ ഒരുപാട് അധ്വാനിക്കേണ്ടി വരും. സജീവ രാഷ്ട്രീയത്തിന്റെ ജൈവ പ്രക്രിയയിലേക്ക് പരിവർത്തനം ചെയ്യാൻ ഗൃഹപാഠങ്ങൾ ഒരുപാട് ചെയ്യേണ്ടിവരും. അതിനു മന്ത്രിസഭയിലെ മാനേജ്മെന്റ് വിദഗ്ധരുടെയും സ്ട്രാറ്റജിസ്റ്റുകളുടെയും നയ-കർമ്മ പരിപാടികൾക്ക് സാധിക്കുമോ? കാത്തിരിക്കാം.
കേരളത്തിൽ രൂപീകരിക്കപ്പെടുന്ന പുതിയ മന്ത്രിസഭയിൽ മുഴുവൻ സമയ രാഷ്ട്രീയക്കാരായിരിക്കും മുഴുവനും എന്നു തീർച്ചയാണ്. അത് അതിൽ തന്നെ തെറ്റല്ല. എന്നാൽ, സമൂഹത്തിലെ നാനാതുറകളിൽ നിന്നുള്ള വിഷയവിദഗ്ധരുടെ ആലോചനയും സേവനവും ഉപയോഗപ്പെടുത്താനും മികവുറ്റ ഭരണം നടത്താനും മുഖ്യമന്ത്രി ശ്രീ. വി ഡി സതീശനും പുതിയ കേരളനേതൃത്വത്തിനും സാധിക്കട്ടെ.