വേലൂര്‍ : പുലിയന്നൂര്‍ സെന്റ് തോമസ് യു.പി. സ്‌കൂളിന്റെ നൂറുവര്‍ഷം പഴക്കമുള്ള പേര് പൂര്‍ണ്ണമായി നീക്കിക്കളഞ്ഞ് ഗവ. യു.പി. സ്‌കൂള്‍ പുലിയന്നൂര്‍ എന്നാക്കി മാറ്റിയ ഗവ. നടപടിയില്‍ പ്രതിഷേധിച്ചുകൊണ്ട് വേലൂര്‍ ഫൊറോനയിലെ വിവിധ ഇടവകകളില്‍നിന്നുവന്ന അല്‍മായ പ്രതിനിധികള്‍ പുലിയന്നൂര്‍ സ്‌കൂള്‍ പരിസരത്ത് ഏകദിന ഉപവാസ സമരം നടത്തി. 100 വര്‍ഷം മുമ്പ് വേലൂര്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ പരിസരത്തുള്ള വിവിധ കത്തോലിക്ക സമുദായങ്ങള്‍ കഷ്ടപ്പെട്ട് പടുത്തുയര്‍ത്തിയതായിരുന്നു ഈ സ്‌കൂള്‍.
ഉപവാസസമരം ഫാ. ദേവസ്സി പന്തല്ലൂകാരന്‍ ഉദ്ഘാടനം ചെയ്തു. വേലൂര്‍ ഫൊറോന പള്ളി വികാരി ഫാ. ജെയ്‌സണ്‍ തെക്കുംപുറം, അസി. വികാരി ഫാ. ജോണ്‍ പേരാമംഗലം, തണ്ടിലം പള്ളി വികാരി ഫാ. ജോണ്‍സണ്‍ അന്തിക്കാടന്‍, ഫാ. ആന്റോസ് ഇലവുത്തിങ്കല്‍, പി.ഐ. ലാസര്‍ മാസ്റ്റര്‍, ജനറല്‍ കണ്‍വീനര്‍ സി.ഐ. പൗലോസ് മാസ്റ്റര്‍, കെ.എ. ഫ്രാന്‍സിസ്, വത്സ ജോസ്, എല്‍സി ഔസേഫ്, എം.പി. ജോര്‍ജ്ജ് മാങ്ങന്‍, അലോഷ്യസ് കുറ്റിക്കാട്ട്, ജെയ്‌സണ്‍ കണ്ണനായ്ക്കല്‍, പി.പി. യേശുദാസ്, ജോണ്‍ കള്ളിയത്ത് എന്നിവര്‍ പ്രസംഗിച്ചു.
ഏകദിന ഉപവാസ സമരത്തില്‍ സമാപന സമ്മേളനം കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമ്മല്‍ ഉദ്ഘാടനം ചെയ്തു.
സമാപന സമ്മേളനത്തില്‍ വേലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സ്വപ്‌ന രാമചന്ദ്രനും വൈസ് പ്രസിഡന്റ് നിധീഷ് ചന്ദ്രനും മുഴുവന്‍ കോണ്‍ഗ്രസ് പഞ്ചായത്ത് മെമ്പര്‍മാരും ഉപവാസ പന്തലില്‍വന്ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
സെന്റ് തോമസിന്റെ പേര് പുനഃസ്ഥാപിക്കാന്‍ കോണ്‍ഗ്രസ്സ് ഏതറ്റംവരെയും പോകാന്‍ തയ്യാറാണെന്നും വേലൂര്‍ പഞ്ചായത്ത് ഈ ആവശ്യത്തിനുവേണ്ടി നിലകൊള്ളുന്ന വേലൂര്‍ ജനതയോടുകൂടി ഉറച്ചു നില്‍ക്കുമെന്നും സ്വപ്‌ന രാമചന്ദ്രന്‍ പറഞ്ഞു.