വിശുദ്ധ അനിസെത്തൂസ് (166) : ഏപ്രില്‍ 17

വിശുദ്ധ അനിസെത്തൂസ് (166) : ഏപ്രില്‍ 17

സിറിയായിലെ എമേസായാണ് വി. അനിസെത്തൂസിന്റെ ജന്മദേശമെന്നു കരുതുന്നു. പോപ്പ് സെന്റ് പയസ് ഒന്നാമനുശേഷം അധികാരത്തില്‍ വന്ന പതിനൊന്നാമത്തെ പോപ്പാണ് വി. അനിസെത്തൂസ്. 155 ആണ് കാലഘട്ടം.

പതിനൊന്നുവര്‍ഷം സഭയെ നയിച്ച അനിസെത്തൂസിന്റെ കാലത്തെ പ്രധാന വെല്ലുവിളി രണ്ടു തെറ്റായ ചിന്താഗതികളായിരുന്നു. ഒന്ന്. ഗ്നോസ്റ്റിസിസം. ഇത് വാലെന്റൈനിന്റെ ചിന്തയെ അടിസ്ഥാനമാക്കി രൂപംകൊണ്ടതാണ്. അതായത്, മനുഷ്യകുലം മൂന്നുവിഭാഗത്തില്‍ പെടുന്നു. ഒന്ന്, ഭൗതികമനുഷ്യന്‍-ഇവന്റെ നാശം മുന്‍കൂട്ടി തീരുമാനിക്കപ്പെട്ടതാണ്. രണ്ട്. ആത്മീയ മനുഷ്യന്‍-ഉയിര്‍പ്പുവഴി ഇവന്‍ രക്ഷപെട്ടേക്കാം. മൂന്ന്, ആദ്ധ്യാത്മിക മനുഷ്യന്‍-ഇവനാണു പരിപൂര്‍ണ മനുഷ്യന്‍, നിത്യസൗഭാഗ്യത്തിനുവേണ്ടി തിരഞ്ഞെടുക്കപ്പെട്ടവന്‍.

രണ്ട്: മര്‍സിയാനിസം. ജീസസ് ക്രൈസ്റ്റ് പഴയനിയമത്തിലെ യഹോവയുടെ പുത്രനല്ല; യഹൂദരുടെ ദൈവവുമല്ല, ക്രിസ്ത്യാനികളുടെ ദൈവം-എന്നീ മര്‍സിയാന്റെ ചിന്തകളെ ആധാരമാക്കി രൂപംകൊണ്ടതായിരുന്നു ഈ വികല ചിന്താഗതി.

സ്മിര്‍നായിലെ ബിഷപ്പായിരുന്ന വൃദ്ധനായ വി. പൊളിക്കാര്‍പ്പ് ഈസ്റ്റര്‍ ആഘോഷിക്കുന്ന ദിവസത്തെപ്പറ്റിയുള്ള വിവാദത്തില്‍ ഒരു തീരുമാനമെടുക്കാന്‍ പോപ്പ് അനിസെത്തൂസിനെ സന്ദര്‍ശിച്ചിരുന്നു. കാരണം, ഇക്കാര്യത്തില്‍ ഒരു തീരുമാനമുണ്ടാക്കാനും, സഭയില്‍ എല്ലാക്കാര്യത്തിലും ഐകരൂപ്യം സ്ഥാപിച്ചെടുക്കാനും പുതിയ പോപ്പ് അതീവ തത്പരനായിരുന്നു. ഏഷ്യന്‍ രാജ്യങ്ങളില്‍ ഉയിര്‍പ്പുതിരുനാള്‍ ആഘോഷിച്ചിരുന്നത് നീസാന്‍ (ഏപ്രില്‍) 14-ാം തീയതി ആയിരുന്നു. അതു ഞായറാഴ്ചയാണോ അല്ലയോ എന്നു നോക്കിയിരുന്നില്ല. കാരണം, അന്നാണ് ഈശോ ഉയിര്‍ത്തത് എന്നായിരുന്നു വിശ്വാസം.

രണ്ടു വിശുദ്ധന്മാര്‍ തമ്മില്‍ നടത്തിയ ഈ ഒത്തുതീര്‍പ്പുചര്‍ച്ചയെപ്പറ്റി ഏതാണ് 30 വര്‍ഷത്തിനുശേഷം വി. ഇരണേവൂസ് എഴുതി: "പൊളിക്കാര്‍പ്പിന് അനിസെത്തൂസിനെയോ, അനിസെത്തൂസിന് പൊളിക്കാര്‍പ്പിനെയോ പിന്തിരിപ്പിക്കാനായില്ല. അതുകൊണ്ട് ആ വിവാദത്തിന് പരിഹാരം ഉണ്ടായില്ല. എങ്കിലും, അനിസെത്തൂസ് ബിഷപ്പ് പൊളിക്കാര്‍പ്പിനെ തങ്ങളുടെ ആചാരം തുടരാന്‍ അനുവദിച്ചു."

പോപ്പ് അനിസെത്തൂസിന്റെ രസകരമായ ഒരു കത്തും ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ട്. ഗോളിലെ ബിഷപ്പുമാര്‍ക്കുള്ളതാണ്. വൈദികരെല്ലാം തലയില്‍ 'പട്ടം' വെക്കണമെന്ന നിര്‍ദ്ദേശമായിരുന്നു ആ കത്തില്‍.

മാര്‍ക്കസ് അവുറേലിയസിന്റെ സഭാപീഡനകാലത്ത് രക്തസാക്ഷിയായിരിക്കാമെന്നാണ് പോപ്പ് അനിസെത്തൂസിന്റെ മരണത്തെപ്പറ്റി കരുതപ്പെടുന്നത്.

സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ കരയുകയും വിലപിക്കുകയും ചെയ്യും, എന്നാല്‍ ലോകം സന്തോഷിക്കും; നിങ്ങള്‍ ദുഃഖിതരാകും, എന്നാല്‍ നിങ്ങളുടെ ദുഃഖം സന്തോഷമായി മാറും.
യോഹന്നാന്‍ 16: 20

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org