പൊടിമറ്റം സെന്റ് മേരീസ് പള്ളിയുടെ സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ കാഞ്ഞിരപ്പള്ളി രൂപത മുന്‍ അദ്ധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ ഉദ്ഘാടനം ചെയ്യുന്നു. വികാരി ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം, ഫാ. അഗസ്റ്റിന്‍ നെല്ലിയാനി, ഫാ. തോമസ് പരിന്തിരിക്കല്‍, പാരീഷ് കൗണ്‍സില്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ് രണ്ടുപ്ലാക്കല്‍ എന്നിവര്‍ സമീപം.

 
Kerala

വിശ്വാസതീക്ഷ്ണതയും വിശ്വസ്ത കുടുംബങ്ങളും ക്രൈസ്തവ മുഖമുദ്ര: മാര്‍ മാത്യു അറയ്ക്കല്‍

പൊടിമറ്റം സെന്റ് മേരീസ് പള്ളിയുടെ സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി

Sathyadeepam

പൊടിമറ്റം: ക്രിസ്തുവില്‍ അടിയുറച്ച വിശ്വാസതീക്ഷ്ണതയും പരസ്പരം സ്‌നേഹിച്ചും സഹകരിച്ചും വിശ്വസ്തതയോടെ വര്‍ത്തിക്കുന്ന കുടുംബങ്ങളുമാണ് ക്രൈസ്തവ മുഖമുദ്രയെന്ന് കാഞ്ഞിരപ്പള്ളി രൂപത മുന്‍ അധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍.

പൊടിമറ്റം സെന്റ് മേരീസ് പള്ളിയുടെ ഇടവക പ്രഖ്യാപന സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഷ്ടപ്പാടിന്റെയും നഷ്ടപ്പെടലിന്റെയും കാലഘട്ടം ഓരോവ്യക്തിയുടെയും ജീവിതത്തിലുടനീളമുണ്ടാകും. പ്രതിസന്ധികളിലും പ്രതിബന്ധങ്ങളിലും പരിശുദ്ധ മാതാവിന്റെ സവിധത്തിലേയ്ക്ക് കടന്നുവന്ന് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും ആശ്വാസം കണ്ടെത്തുവാനും സഭാമക്കള്‍ക്കാകണമെന്നും മാര്‍ അറയ്ക്കല്‍ സൂചിപ്പിച്ചു.

സുവര്‍ണ്ണജൂബിലിയോടനുബന്ധിച്ച് ഇടവകയിലെ 31 കുടുംബക്കൂട്ടായ്മകളും എല്ലാ കുടുംബങ്ങളും ഇടവകാതിര്‍ത്തിക്കുള്ളിലെ വിവിധ സ്ഥാപനങ്ങളും കേന്ദ്രീകരിച്ചുനടത്തുന്ന ജപമാലപ്രദക്ഷിണത്തിന്റെ ഉദ്ഘാടനവും മാതാവിന്റെ തിരുസ്വരൂപ വെഞ്ചിരിപ്പും മാര്‍ അറയ്ക്കല്‍ നിര്‍വ്വഹിച്ചു.

സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ നടന്ന ഇടവക കുടുംബസമ്മേളനത്തില്‍ പൗരോഹിത്യ രജതജൂബിലിയിലേയ്ക്ക് പ്രവേശിച്ച വികാരി ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം, പൗരോഹിത്യ സുവര്‍ണജൂബിലി ആഘോഷിക്കുന്ന ഫാ. അഗസ്റ്റിന്‍ നെല്ലിയാനി എന്നിവരെ കാഞ്ഞിരപ്പള്ളി രൂപതാ വികാരിജനറാള്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ ആദരിച്ചു. ജനറല്‍ കണ്‍വീനര്‍ ജോജി വാളിപ്ലാക്കല്‍, ഇടവകട്രസ്റ്റി ഡോമിനിക് കിഴക്കേമുറി എന്നിവര്‍ സംസാരിച്ചു. ഭക്തിനിര്‍ഭരവും വര്‍ണ്ണാഭവുമായ പ്രദക്ഷിണവും സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് രൂപം നല്‍കിയ 50 അംഗ ഗായകസംഘത്തിന്റെ ജൂബിലി ഗാനാലാപനവും ഇടവകാംഗങ്ങളുടെ വിവിധ കലാപരിപാടികളും തിരുനാളാഘോഷങ്ങളെയും സമ്മേളനത്തെയും മോടിപിടിപ്പിച്ചു.

വരുംമാസങ്ങളില്‍ ആത്മീയ കുടുംബ നവീകരണ ധ്യാന പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍, ഇടവക വിദ്യാഭ്യാസ സഹായനിധി, യുവജന, വനിത, കുടുംബകൂട്ടായ്മാ സമ്മേളനങ്ങള്‍, സാംസ്‌കാരിക, വിദ്യാഭ്യാസ, എക്യുമെനിക്കല്‍, പ്രവാസി, കാര്‍ഷിക സെമിനാറുകള്‍ എന്നിവ സംഘടിപ്പിക്കപ്പെടും. 2022 സെപ്തംബര്‍ 18ന് സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ സമാപിക്കും.

വികാരി ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം, ഫാ. അഗസ്റ്റിന്‍ നെല്ലിയാനി, ട്രസ്റ്റിമാരായ ബോബച്ചന്‍ കൊണ്ടുപ്പറമ്പില്‍, ഡോമിനിക് കിഴക്കേമുറി, ജോര്‍ജ്ജുകുട്ടി വെട്ടിക്കല്‍, ജോയി കല്ലുറുമ്പേല്‍, പാരീഷ് കൗണ്‍സില്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ് രണ്ടുപ്ലാക്കല്‍, ജനറല്‍ കണ്‍വീനര്‍ ജോജി വാളിപ്ലാക്കല്‍, പിആര്‍ഓ ഡോ. ജോജോ കെ. ജോസഫ് കുളങ്ങര, പബ്ലിസിറ്റി കണ്‍വീനര്‍ ജെയ്‌സണ്‍ ചെംബ്ലായില്‍ എന്നിവരടങ്ങുന്ന വിപുലമായ സംഘാടക സമിതി സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 46]

ആഗ്രഹവും പരിശ്രമവും!

സയൻസും മതവും: പാപ്പയും ശാസ്ത്രജ്ഞരും

കോൺസ്റ്റാന്റിനോപ്പിളിന്റെ ഉദയം

വിശുദ്ധ ആന്റണി മേരി സക്കറിയ (1502-1539) : ജൂലൈ 5