ആലുവ : ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്നും അഞ്ചു ദിവസത്തിനുള്ളിൽ കണ്ടെത്തിയത് 9 കുട്ടികളെ. എറണാകുളം റെയിൽവേ ചൈൽഡ് ലൈനിന്റെ നേതൃത്വത്തിൽ ചൈൽഡ് ഹെൽപ് ലൈൻ ദിനത്തോടനുബന്ധിച്ചു ആലുവ റെയിൽവേ സ്റ്റേഷനിൽ നടത്തിയ ഓപ്പറേഷൻ സുരക്ഷാ 2.1 പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് 9 കുട്ടികളെ കണ്ടെത്തിയത് 8 പേർ 14 വയസിനു താഴെ മാത്രം പ്രായമുള്ളവരും, ഒരാൾക്ക് 16 വയസുമാണ്. റെയിൽവേ ചൈൽഡ് ലൈൻ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ലയിലെ റെയിൽവേ സ്റ്റേഷനുകളിൽ കുട്ടികളുടെ സുരക്ഷയെ മുൻനിർത്തി, അവരുടെ സംരക്ഷണത്തിനും, ഉന്നമനത്തിനും അക്ഷീണം പരിശ്രമിക്കുന്ന റെയിൽവേ ചൈൽഡ് ലൈനിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി എറണാകുളം നോർത്ത്, ആലുവ, ഇടപ്പള്ളി എന്നീ റെയിൽവേ സ്റ്റേഷനുകളിൽ ഔട്ട്‌റീച്ച് പ്രോഗ്രാമുകൾ സംഘടിപ്പിക്കാറുണ്ട്. ആലുവ റെയിൽവേ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ബെനഡിക്ട്, സിവിൽ പോലീസ് ഓഫീസർമാരായ ടി. സി അനീഷ്, വി. എസ് രതീഷ് എന്നിവർ സംസാരിച്ചു. റെയിൽവേ ചൈൽഡ് ലൈൻ പ്രവർത്തകർ, ആലുവ റെയിൽവേ പോലീസ്, സോഷ്യൽ വർക്ക് വിദ്യാർത്ഥികൾ എന്നിവർ സംയുക്തമായി ചേർന്ന് നടത്തിയ ഔട്ട്റീച് പ്രോഗ്രാമിലൂടെ 38 ട്രെയിനുകൾ പരിശോധിച്ചു. അന്യസംസ്ഥാനങ്ങളിൽ നിന്നും തൊഴിലിനായി കേരളത്തിൽ എത്തിയവരാണ് ഭൂരിഭാഗവുമെന്ന് റെയിൽവേ ചൈൽഡ് ലൈൻ കോർഡിനേറ്റർ അമൃത ശിവൻ അറിയിച്ചു. ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം കുട്ടികളെ സുരക്ഷിതമായി ഷെൽട്ടർ ഹോമുകളിൽ പാർപ്പിച്ചു. റെയിൽവേ പോലീസ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ ചൈൽഡ് ലൈൻ കോർഡിനേറ്റർ അമൃത ശിവൻ, കൗൺസിലർ സഞ്ജന റോയ്, ചൈൽഡ് ലൈൻ പ്രവർത്തകരായ അമൽ ജോൺ, ആൻ സൈമൺ, ദീപക് സുരേഷ്, മിൽട്ടൺ കെ ജെയ്സൺ, ക്രിസ്റ്റഫർ മജോ, ചിഞ്ചു ദേവസി, ഷിംജോ ദേവസ്യ എന്നിവരോടൊപ്പം സോഷ്യൽ വർക്ക് വിദ്യാർഥികളും ചേർന്നാണ് ഓപ്പറേഷൻ സുരക്ഷാ പ്രോഗ്രാമിന് നേതൃത്വം നൽകിയത്. എറണാകുളം ജില്ലയിലെ റെയിൽവേ സ്റ്റേഷനുകളിൽ സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ കുട്ടികളെ കാണാനിടയായാൽ പൊതുജനങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ അറിയിക്കാവുന്നതാണ്.
എറണാകുളം റെയിൽവേ ചൈൽഡ് ലൈൻ : 0484 - 2981098, 9188211098