എറണാകുളം: കേള്‍ക്കാനും വിമര്‍ശിക്കപ്പെടാനും ഭയപ്പെടുന്ന സഭ ക്രിസ്തുവിന്റെ സഭയല്ലെന്ന് എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ചുബിഷപ് ആന്റണി കരിയില്‍ പ്രസ്താവിച്ചു. അതിരൂപത സിനഡിന്റെ ഭാഗമായി ഇതര മതസ്ഥരെയും കര്‍ഷകരെയും അതിഥി തൊഴിലാളികളെയും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെയും വനിതകളെയും അഭിഭാഷകരെയും മാധ്യമ പ്രവര്‍ത്തകരെയുമെല്ലാം കേട്ടു. ഇതൊരു തുടര്‍ പ്രകിയയുമാണ്. ക്രിസ്തുവിന്റെ പ്രവാചക ദൗത്യത്തില്‍ പങ്കുചേരുന്ന ദൈവജനത്തെ ശ്രവിച്ചു കൊണ്ട് സഭയുടെ സിനഡല്‍ പ്രക്രിയ മുന്നോട്ടു നീങ്ങുന്നു. ആര്‍ച്ചുബിഷപ് കരിയില്‍ വിശദീകരിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പാ പ്രഖ്യാപിച്ചിട്ടുള്ള ആഗോള സിനഡ് 2021 2023 ന്റെ ഭാഗമായ അതിരൂപതാതല സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആര്‍ച്ചുബിഷപ്.
സഭയുടെ അടിസ്ഥാന സ്വഭാവമായ സിനഡാലിറ്റി നഷ്ടപ്പെടുത്തുന്നതാണ് സഭ പരാജയപ്പെടുന്നുണ്ടെങ്കില്‍ അതിന്റെ കാരണമെന്നും എറണാകുളം അങ്കമാലി അതിരൂപത ആരേയും മാറ്റി നിറുത്തുകയില്ലെന്നും ആര്‍ച്ചുബിഷപ് കൂട്ടി ചേര്‍ത്തു.
സമ്മേളനത്തില്‍ കാഴ്ച പരിമിതിക്കാരിയായ ഷൈനി തോമസ് ബൈബിള്‍ വായന നടത്തി. വികാരി ജനറാള്‍ മോണ്‍. ജോയി അയിനിയാടന്‍ സ്വാഗതം പറഞ്ഞു. സജീവ് പാറേക്കാട്ടില്‍, സിസ്റ്റര്‍ ഡോ. സോജാ മരിയ, സുജാമോള്‍ ജോസ് എന്നിവര്‍ പ്രസംഗിച്ചു. അതിരൂപതയിലെ ഇടവകകളെയും സംഘടനകളെയും കാനോനിക സമിതികളെയും സന്യാസസമൂഹങ്ങളെയും പ്രതിനിധീകരിച്ച് 971 പേര്‍ തൃക്കാക്കര ഭാരതമാത കേളേജില്‍ നടന്ന സമ്മേളനത്തിലും ചര്‍ച്ചകളിലും പങ്കെടുത്തു. ചര്‍ച്ചകളുടെ റിപ്പോര്‍ട്ട് അവതരണത്തില്‍ വികാരി ജനറാള്‍ മോണ്‍. ജോസ് പുതിയേടത്ത് മോഡറേറ്ററായിരുന്നു. ആര്‍ച്ചുബിഷപ് ആന്റണി കരിയില്‍ സമാപന സന്ദേശം നല്‍കി. റവ.ഡോ. മാര്‍ട്ടിന്‍ കല്ലുങ്കല്‍ നന്ദി പറഞ്ഞു.