Kerala

കലയെ ഹൃദയം കൊണ്ട് സ്‌നേഹിക്കുക : ഡോ. വിന്ദുജ മേനോന്‍

Sathyadeepam

കൊച്ചി: നൃത്തംപോലെ ഒരു കല, ജാതിയുടെയോ മതത്തിന്റെയോ അല്ല. മറിച്ചു, ഹൃദയം കൊണ്ട് അതിനെ സ്‌നേഹിക്കുന്നവരിലൂടെയാണ് നിലനില്‍ക്കുന്നതെന്നും കലയിലൂടെ ദേശീയോദ്ഗ്രഥനം എന്നത് ഒരു പ്രധാനപ്പെട്ട കാര്യമാണെന്നും നര്‍ത്തകിയും നടിയുമായ ഡോ. വിന്ദുജ മേനോന്‍ അഭിപ്രായപ്പെട്ടു.

ചാവറ കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവല്‍ 'നൃത്യ 2025' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡോ. വിന്ദുജ മേനോന്‍. മനുഷ്യന്റെ സൂക്ഷ്മ സത്തയിലേക്കുള്ള പ്രയാണമാണ് കലയെന്ന് മുഖ്യാഥിതി പ്രൊഫ. എം. തോമസ് മാത്യു അഭിപ്രായപ്പെട്ടു. കേരളത്തിന് പുറമെ 15 സംസ്ഥാനങ്ങളില്‍ നിന്നായി നൂറോളം കലാകാരന്മാരും കലാകാരികളുമാണ് ദ്വിദിന ദേശീയ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നത്. കലയിലൂടെ ദേശീയോദ്ഗ്രഥനം എന്ന ആശയം മുന്‍നിര്‍ത്തിയുള്ള നൃത്തോത്സവത്തിന്റെ ഭാഗമായി ഡാന്‍സ് കോണ്‍ക്ലേവും നടന്നു.

പ്രശസ്ത നടി റിമ കല്ലിങ്കല്‍, നടിയും നര്‍ത്തകിയുമായ ഡോ. വിന്ദുജ മേനോന്‍ , ധരണി സ്‌കൂള്‍ ഓഫ് പെര്‍ഫോമിംഗ് ആര്‍ട്‌സ് മാനേജിങ് ട്രസ്റ്റി ശ്യാമള സുരേന്ദ്രന്‍, കലാമണ്ഡലം മുന്‍ ഡപ്യൂട്ടി രജിസ്ട്രാറും പ്രമുഖ കലാ നിരൂപകനുമായ വി. കലാധരന്‍, കലാമണ്ഡലം ഐശ്വര്യ, ആര്‍ എല്‍ വി ഷിംന രതീഷ് എന്നിവര്‍ സംവാദത്തില്‍ പങ്കെടുത്തു സംസാരിച്ചു. സി എം ഐ സഭ സാമൂഹ്യ സേവന വിഭാഗം ജനറല്‍ കൗണ്‍സിലര്‍ ഫാ. ബിജു വടക്കേല്‍ സി എം ഐ അധ്യക്ഷത വഹിച്ചു.

ആലുവ അദൈ്വത ആശ്രമം മഠം മേധാവി സ്വാമി ധര്‍മ്മ ചൈതന്യ, എറണാകുളം കരയോഗം ജനറല്‍ സെക്രട്ടറി പി. രാമചന്ദ്രന്‍, ടി എം എബ്രഹാം, ബണ്ടി സിംഗ്, സുബ്രത ഡേ, ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് സി എം ഐ, കലാക്ഷേത്ര രേഷ്മ രാജീവ് എന്നിവര്‍ പ്രസംഗിച്ചു. രാജ്യത്തെ മികവുറ്റ നര്‍ത്തകരെ ഒരു കുടക്കീഴില്‍ വിവിധ നൃത്ത രൂപങ്ങളായ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, കഥക്, ഒഡിസ്സി, ഫോക്, ഓട്ടന്‍ തുള്ളല്‍ തുടങ്ങിയവയ്‌ക്കൊപ്പം പ്രമുഖ നടി റിമ കല്ലിങ്കലിന്റെ 'നെയ്തും' നൃത്താവിഷ്‌കാരവും നടന്നു.

സഹൃദയവേദി ആദ്യദിന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ലഹരിക്കെതിരെ 'കവച'വുമായി തിരുമുടിക്കുന്ന് ഇടവക

പ്രതിമാസം പി ഒ സി : നാടകം

മലങ്കര കത്തോലിക്കാസഭയില്‍നിന്നും ആദ്യമായി ലോഗോസ് പ്രതിഭ!

ദേശീയ ഡാന്‍സ് ഫെസ്റ്റിവലിന് കൊടിയിറങ്ങി