Kerala

കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളിയുടെ 1025-ാം വാർഷിക ജൂബിലിമുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Sathyadeepam

കാഞ്ഞൂർ: ആയിരത്തി ഇരുപത്തിയഞ്ച് വർഷങ്ങളുടെ വിശ്വാസ പൈതൃകവും പൂർവികരുടെ ജീവിതസാക്ഷ്യവും ആഘോഷിക്കുന്ന കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളിയുടെ ജൂബിലി സമാപന ആഘോഷങ്ങൾക്ക് നവംബർ 28-ന് തുടക്കമാകും.

28 ന് വൈകുന്നേരം നാലിന് എറണാകുളം-അങ്കമാലി അതിരൂപത സിഞ്ചെല്ലൂസ് ഫാ. ജോസ് പുതിയേടത്തിന്റെ മുഖ്യകാർമികത്വത്തിലും ഫൊറോനയിലെ വൈദികരുടെ സഹകാർമികത്വത്തിലും കൃതജ്ഞതാ ദിവ്യബലിയും 101 അംഗ ജൂബിലി കമ്മിറ്റി അംഗങ്ങളുടെ കാഴ്ച സമർപ്പണവും നടക്കും.

വൈകിട്ട് 5:30-ന് നടക്കുന്ന ജൂബിലി സമാപന പൊതുസമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.

വികാരി. ഫാ. ജോയ് കണ്ണമ്പുഴ സ്വാഗതവും സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ് ആമുഖപ്രഭാഷണവും നടത്തും. സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ അധ്യക്ഷത വഹിക്കും.

ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ ഫാമിലി ഡയറക്ടറിയുടെയും സുവനീറിന്റെയും പ്രകാശനം നിർവഹിക്കും. ജൂബിലിയുടെ ഭാഗമായി നടപ്പിലാക്കുന്ന ‘കാരുണ്യ സ്പർശം’ 1025 സൗജന്യ ഡയാലിസിസ് പദ്ധതിയുടെ ഉദ്ഘാടനം ചാലക്കുടി എം.പി ബെന്നി ബെഹനാൻ നിർവഹിക്കും.

എം.എൽ.എമാരായ അൻവർ സാദത്ത് (ആലുവ), മനോജ് മൂത്തേടൻ (പെരുമ്പാവൂർ), കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ പോൾ, ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഡേവിസ്, ജില്ലാ പഞ്ചായത്ത് അംഗം അഹല്യ സദാനന്ദൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.സി. രഘു, കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജി ബിജു, കൈക്കാരന്മാരായ ജോസ് പാറയ്ക്ക, ജോസി കോഴിക്കാടൻ, സെൻട്രൽ കമ്മിറ്റി വൈസ് ചെയർമാൻ ഡേവിസ് വരേകുളം എന്നിവർ ആശംസകൾ നേരും.

ജൂബിലി ആഘോഷ കമ്മിറ്റി കൺവീനർ കുരിയച്ചൻ മഞ്ഞളി നന്ദി പറയും. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ ഫെബ്രുവരിയിൽ ഇടവകയിലെ 7 സോണുകളിലായി ആരംഭിച്ച പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുസ്വരൂപ പ്രയാണം 10 മാസത്തെ ഭവന സന്ദർശനങ്ങൾക്ക് ശേഷം പള്ളിയിൽ സമാപിച്ചു. ആർച്ച് ബിഷപ്പ് മാർ ആന്റണി കരിയിൽ സമാപന ആശീർവാദം നൽകി.

29 ന് രാത്രി 7:30-ന് പ്രശസ്ത ഗായിക അഞ്ജു ജോസഫ് നയിക്കുന്ന ‘അഞ്ജു ജോസഫ് ലൈവ്’ മ്യൂസിക് മെഗാ ഷോ അരങ്ങേറും. സമാപന ദിവസമായ 30 ന് പൂർവിക സ്മരണ ദിനമായി ആചരിക്കും. വൈകിട്ട് 6 മണിക്ക് മരിച്ചുപോയവർക്കായുള്ള പ്രത്യേക തിരുകർമ്മങ്ങൾ, വിശുദ്ധ കുർബാന, ജൂബിലി കൊടിയിറക്കം, നേർച്ച കഞ്ഞി വിതരണം എന്നിവയോടെ ജൂബിലി ആഘോഷങ്ങൾക്ക് തിരശ്ശീല വീഴും.

കെ.സി.ബി.സി മീഡിയ കമ്മീഷൻ സംഘടിപ്പിച്ച 'പി.ഒ.സി വാങ്മയം'

തട്ടിപ്പിന്റെ ചെക്ക്ലിസ്റ്റ് : നമ്മുടെ തീരുമാനങ്ങളെ നിയന്ത്രിക്കുന്നത് ആരാണ്?

സംഭാഷണസുവിശേഷം

ബ്രദര്‍ മഞ്ഞളി 15-ാം ചരമവാര്‍ഷിക അനുസ്മരണം നടത്തി

കെ.സി.എഫ് ഭരണഘടനാ ദിനം സമുചിതമായി ആചരിച്ചു