

നമ്മുടെ സാംസ്കാരികവും സാഹിത്യപരവുമായ മണ്ഡലങ്ങളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമാണ് ആനി തയ്യിൽ. വാക്കുകളിലൂടെയും അനുഭവങ്ങളിലൂടെയും മനുഷ്യജീവിതത്തിന്റെ സങ്കീർണ്ണതകളെ ആഴത്തിൽ തൊട്ടറിഞ്ഞ അവർ, എഴുത്തിന്റെയും ജീവിതത്തിന്റെയും വിവിധ തലങ്ങൾ പുനർവായിക്കാനും ഓർമ്മിക്കാനും ഇടയാക്കിയ മനോഹരമായ ഒരു സായാഹ്നമാണ് ഇന്നലെ പി.ഒ.സി വാങ്മയത്തിലൂടെ സമ്മാനിച്ചത്.
"ആനി തയ്യിൽ - എഴുത്തും ജീവിതവും" എന്ന വിഷയത്തിൽ നടന്ന സ്മരണാഞ്ജലിയിലും സംവാദത്തിലും നിരവധി പേർ പങ്കെടുത്തു.
രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും ദീപിക ദിനപത്രത്തിന്റെ സാരഥിയുമായ ഫാ. മൈക്കിൾ വെട്ടിക്കാട്ട് അധ്യക്ഷതയും, മുൻ പാർലമെന്റ് അംഗവും, പ്രമുഖ അഭിഭാഷകനും, മാധ്യമവിമർശകനും, എഴുത്തുകാരനുമായ ഡോ. സെബാസ്റ്റ്യൻ പോൾ, മുൻ പാർലമെന്റ് അംഗവും, പ്രമുഖ അഭിഭാഷകനും, തൊഴിലാളി യൂണിയൻ നേതാവുമായ അഡ്വ. തമ്പാൻ തോമസ്, ആനി തയ്യിലിന്റെ ബന്ധുവും, പ്രമുഖ കാർഡിയോളജിസ്റ്റും, എഴുത്തുകാരനുമായ ഡോ. ജോർജ്ജ് തയ്യിൽ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങളും നിർവഹിച്ചു. സാംസ്കാരിക ഓർമ്മകളുടെയും സംവാദങ്ങളുടെയും ഈ വേദി ഏറെ അർത്ഥവത്തായി മാറി.