സംഭാഷണസുവിശേഷം

The Gospel of Dialogue
Published on: 
ഒരു മെത്രാന് എത്രത്തോളം തന്റെ ജനതയ്ക്കുവേണ്ടി മാത്രമുള്ള ശുശ്രൂഷാപരിസരങ്ങളിൽ നിന്ന് പുറത്തു വരാൻ കഴിയും?

1981 മുതൽ ദിബ്രുഗഡ് ബിഷപ്പ്, 1992-ൽ ഗുവാഹത്തിയുടെ പ്രഥമ ബിഷപ്പ്, 1995 മുതൽ 2012-ൽ വിരമിക്കുംവരെ ഗുവാഹത്തി ആർച്ചുബിഷപ്പ്. ഒരു മെത്രാന്റെ ജീവിതം സാധാരണ ഇത്തരം തീയതികളി ലാണ് അടയാളപ്പെടുത്തപ്പെടുന്നത്. എന്നാൽ ഈയിടെ അന്തരിച്ച ആർച്ചുബിഷപ്പ് മേനാംപറമ്പിലിന്റേത് രേഖപ്പെടുത്തുന്നത് അദ്ദേഹം നടന്നുചെന്ന സംഘർഷ ഭൂമികളിലെ അജപാലന മാതൃകകളിലൂടെയാണ്. അധികാരത്തിന്റെ ഭാഷയേക്കാൾ അനുരഞ്ജനത്തിന്റെ ഭാഷയ്ക്കു കൂട്ടുനിന്ന ഒരാൾ. ചിലപ്പോൾ ചില മനുഷ്യർ ചരിത്രത്തിൽ ഇടംനേടുന്നത് അവർ രൂപം നല്കിയ പ്രോജക്ടുകളുടെയോ, കെട്ടിപ്പടുത്ത സ്ഥാപനങ്ങളു ടെയോ പേരിൽ ആയിരിക്കില്ല, തൊട്ടുണർത്തിയ മനുഷ്യഹൃദയങ്ങളെ പിൻപറ്റിയാകും.

വ്യത്യസ്ത ഭാഷകളും ഗോത്രങ്ങളും മതങ്ങളും സംസ്കാരങ്ങളുമുള്ള വടക്കുകിഴക്കനിന്ത്യൻ ജനതയ്ക്കിടയിൽ അപരിചിതനായി എത്തിയ ഒരു മലയാളി സലേഷ്യൻ സന്യാസി എങ്ങനെയാണ് അവരുടെ വിശ്വാസവും സ്നേഹവും നേടി വിശ്വസ്തനായെന്നതിന്റെ സാക്ഷ്യമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.

വടക്കുകിഴക്കൻ ഇന്ത്യയിലെ ഗോത്ര-വംശീയ സംഘർഷങ്ങളെ സമീപിച്ച രീതിയാണ് അദ്ദേഹത്തിന്റെ അജപാലനശൈലിയുടെ മുഖ്യസവിശേഷത. 1996-ലെ ബോഡോ-ആദിവാസി സംഘർഷം (മണിപ്പൂർ 1996), കുക്കി-പൈറ്റോ കലാപം (1999 മണിപ്പൂർ), ഹഫ്ലോഗി ലെ ദിമാസ-ഹമാർ കലാപം (ആസാം), ഡിഫുവിലെ കുക്കി-കർബി കലാപം (ആസാം), റാഭ-ഗാരോ സംഘർഷം എന്നിങ്ങനെ അദ്ദേഹത്തിന്റെ ശുശ്രൂഷാ പരിസരത്തും പരിധികൾക്കു പുറത്തും നടന്ന നിരവധി സംഘർഷങ്ങളിലേക്ക് അദ്ദേഹം സഭയുടെ പരമ്പരാഗത ശുശ്രൂഷാവഴികൾ വിട്ടിറങ്ങി ചെന്നു. കലാപഭൂമികളിൽ അദ്ദേഹം നേരിട്ട് മധ്യസ്ഥനായി, ഹൈന്ദവ നേതാക്കളു മായും ഗോത്രമുഖ്യരുമായും ബന്ധം സ്ഥാപിച്ചു. സർക്കാർ പരാജയപ്പെട്ട ഇടങ്ങളിൽ പോലും സമാധാനം സാധ്യമാക്കി. പ്രസ്താവനകളും പ്രതിഷേധങ്ങളും വഴിയല്ല, ഇരുപക്ഷത്തെയും കേൾക്കുന്ന സംഭാഷണത്തിലൂടെ യായിരുന്നു അദ്ദേഹത്തിന്റെ ഇടപെടൽ. ഇരുപക്ഷത്തിനു മൊപ്പം ഇരിക്കുക, കേൾക്കുക, വീണ്ടും വീണ്ടും മടങ്ങിച്ചെല്ലുക. അതായിരുന്നു അദ്ദേഹത്തിന്റെ രീതി.

ആയിരക്കണക്കിന് മനുഷ്യർ ദുരിതാശ്വാസ ക്യാമ്പു കളിൽ കഴിയുകയും പരസ്പരവിശ്വാസം തകരുകയും ചെയ്തപ്പോൾ, സഭയുടെ സേവനം ഭക്ഷണവും മരുന്നും നല്കുന്നതിൽ മാത്രം അവസാനിപ്പിച്ചില്ല. ശത്രുക്കളായി മാറിയ മനുഷ്യരെ വീണ്ടും പരസ്പരം സംസാരിക്കാൻ പ്രാപ്തരാക്കുക എന്നത് സഭയുടെ ഉത്തരവാദിത്തമായി കരുതി. അതുകൊണ്ടുതന്നെ 2011-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിനുള്ള നോമിനേഷൻ ലഭിച്ചവരിൽ അദ്ദേഹത്തിന്റെ പേരും ഉൾപ്പെട്ടിരുന്നു.

ഒരാളെ കേൾക്കുക എന്നത് അയാളുടെ നിലപാടി നോട് പൂർണ്ണമായി യോജിക്കലല്ല. മറിച്ച്, അയാളുടെ മാനുഷികതയെ അംഗീകരിക്കലാണ്. സംഘർഷ പരിഹാരത്തിൽ അദ്ദേഹം സ്വീകരിച്ച ഈ സമീപനം ഇന്ത്യൻ സഭയ്ക്ക് വിലപ്പെട്ട മാതൃകയാണ്. ഒപ്പം വിശ്വാസത്തെ വാദപ്രതിവാദത്തിന്റെ ആയുധമാക്കാതെ, കേൾവിയുടെയും ആത്മാഭിമാനത്തിന്റെയും ഭാഷയിൽ നിരന്തരം അദ്ദേഹം അവതരിപ്പിച്ചു. അതുകൊണ്ടുതന്നെ സമാധാനം അദ്ദേഹത്തെ പിൻചെല്ലുകയായിരുന്നു.

സമാധാനത്തെ ക്രൈസ്തവ സമൂഹത്തിന്റെ മാത്രം ആവശ്യമായി അദ്ദേഹം കണ്ടില്ല. ഹിന്ദുക്കളും മുസ്ലിങ്ങളും വിവിധ ക്രൈസ്തവസഭകളും ഗോത്രസമൂഹ ങ്ങളും ഒന്നിച്ചുനിൽക്കേണ്ട പൊതുനന്മയായി അദ്ദേഹം സമാധാനശ്രമങ്ങളെ സമീപിച്ചു. കലാപപരിസരങ്ങളിൽ ഒന്നുചേർന്ന് പ്രവർത്തിക്കാൻ കത്തോലിക്കർ മാത്രമല്ല, പ്രൊട്ടസ്റ്റന്റ് സഭകളും ഉൾപ്പെട്ട എക്യുമെനിക്കൽ സമാധാനസംഘം രൂപീകരിച്ചു (2003). മറ്റുള്ളവരുടെ അവകാശങ്ങളെ ആദ്യം അംഗീകരിച്ചശേഷം സ്വന്തം അവകാശങ്ങളെക്കുറിച്ച് സംസാരിക്കണമെന്ന അദ്ദേഹ ത്തിന്റെ നിലപാട് ഗാന്ധിയൻ അഹിംസയുടെയും സുവിശേഷസ്നേഹത്തിന്റെയും ഓർമ്മപ്പെടുത്തലായി. രൂപതാഭരണത്തിൽ നിന്ന് വിരമിച്ചശേഷവും സമാധാന ദൗത്യവുമായി അദ്ദേഹം മണിപ്പൂരിൽ സഞ്ചരിച്ചിരുന്നു.

ബെനഡിക്ട് പതിനാറാമൻ മാർപാപ്പ കൊളോസിയ ത്തിലെ കുരിശിന്റെ വഴിക്കുള്ള ധ്യാനചിന്തകൾ എഴുതാൻ 2010-ൽ അദ്ദേഹത്തെ തിരഞ്ഞെടുത്തപ്പോൾ, പാശ്ചാത്യ-പൗരസ്ത്യ പാരമ്പര്യങ്ങളിൽ നിന്ന് ഒരുപോലെ അദ്ദേഹം ഉദ്ധരിച്ചു. അന്യായമായി വിധിക്കപ്പെട്ട യേശു, എതിരാളികൾക്കെതിരെ ജനങ്ങളുടെ കൂട്ടായ രോഷം ഇളക്കിവിടാതിരുന്നതിനെ അദ്ദേഹം ചൂണ്ടിക്കാട്ടി. താൻ പ്രസംഗിച്ച ദൈവശാസ്ത്രം അദ്ദേഹം ജീവിച്ചു: അക്രമത്തെ അക്രമം കൊണ്ട് നേരിടാൻ വിസമ്മതിച്ചു.

സമകാലിക ഇന്ത്യൻ സഭയുടെ നേതൃത്വത്തെക്കുറി ച്ചുള്ള ചർച്ചകളിൽ അദ്ദേഹത്തിന്റെ ജീവിതം ഉയർത്തുന്ന ചോദ്യവും പ്രസക്തമാണ്: ഒരു മെത്രാന് എത്രത്തോളം തന്റെ ജനതയ്ക്കുവേണ്ടി മാത്രമുള്ള ശുശ്രൂഷാപരിസരങ്ങ ളിൽ നിന്ന് പുറത്തു വരാൻ കഴിയും? എങ്ങനെ സമൂഹ ത്തിലെ മുറിവുകൾ സഭയുടെ മുറിവുകളായി കാണാൻ കഴിയും? ഇത്തരത്തിൽ ഒരു കാഴ്ചയ്ക്കും കാഴ്ചപ്പാടിനും സഭയ്ക്ക് എന്തു വില നല്കേണ്ടിവരും? എല്ലാ ജനതയ്ക്കും വേണ്ടി ശബ്ദിക്കുന്നവരാണ് സഭാനേതാക്കളെന്ന പൊതു ബോധം ഇന്ന് സമൂഹത്തിൽ നിലനില്ക്കുന്നുണ്ടോ? നീതിക്കും സമാധാനത്തിനും മനുഷ്യാന്തസ്സിനും വേണ്ടി സംസാരിക്കാനുള്ള ധാർമ്മിക ഉത്തരവാദിത്വത്തിൽ ഏതറ്റം വരെ സഭ സഞ്ചരിക്കേണ്ടി വരും?

ഗോത്രസംസ്കാരങ്ങളെ ആദരിച്ച, സുവിശേഷത്തെ അവയിലൂടെ വായിച്ച, സഭയുടെ ശബ്ദം പൊതുസമൂഹ ത്തിൽ വിശ്വാസ്യതയോടെ എത്തിച്ച, സമ്പർക്കത്തിലും സംഭാഷണത്തിലും സമാധാനത്തിലും കൂടി വിശ്വാസ ത്തെ ജനകീയമാക്കിയ അസാധാരണ അജപാലനമുഖ ത്തിന് ഇന്ത്യൻ സഭയിൽ പിന്തുടർച്ചകൾ ഉണ്ടാകട്ടെ.