മലയാറ്റൂർ: കെ.സി.വൈ.എം സംസ്ഥാന സമിതിയുടെയും എറണാകുളം-അങ്കമാലി അതിരൂപതയുടെയും സംയുക്ത ആഭിമുഖ്യത്തിൽ മലയാറ്റൂർ കുരിശുമുടിയിൽ പ്രാർത്ഥനാ സംഗമവും സമ്മേളനവും സംഘടിപ്പിച്ചു. യുവജനങ്ങൾ സഭയുടെയും സമൂഹത്തിന്റെയും കരുത്തായി മാറണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കെ.സി.വൈ.എം സംസ്ഥാന പ്രസിഡന്റ് ഷിബിൻ ഷാജി ആഹ്വാനം ചെയ്തു. കെ.സി.വൈ.എം എറണാകുളം-അങ്കമാലി മേജർ അതിരൂപത പ്രസിഡന്റ് ജെറിൻ പാറയിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
മലയാറ്റൂർ കുരിശുമുടി റെക്ടർ റവ. ഫാ. ജോസ് ഒഴലക്കാട്ട് സമ്മേളനത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തി. കെ.സി.വൈ.എം സംസ്ഥാന സമിതി ഡയറക്ടറും കെസിബിസി യൂത്ത് കമ്മീഷൻ സെക്രട്ടറിയുമായ റവ. ഫാ. ഡിറ്റോ കൂള മുഖ്യപ്രഭാഷണം നടത്തി. പ്രസ്ഥാനത്തിന്റെ ലക്ഷ്യബോധത്തോടെയുള്ള മുന്നേറ്റത്തിന് യുവജനങ്ങളുടെ സജീവ പങ്കാളിത്തം അനിവാര്യമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
കെ.സി.വൈ.എം സംസ്ഥാന സമിതി ജനറൽ സെക്രട്ടറി കാസി പൂപന സ്വാഗതവും സി.എം.എൽ ഡയറക്ടർ റവ. ഫാ. സെബാസ്റ്റ്യൻ പോട്ടോളി ആമുഖ പ്രഭാഷണവും നടത്തി. സി.എം.എൽ പ്രസിഡന്റ് പോൾ ജോവർ, എറണാകുളം-അങ്കമാലി മേജർ അതിരൂപത കെ.സി.വൈ.എം ഡയറക്ടർ റവ. ഫാ. എബിൻ ചിറക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു. കെ.സി.വൈ.എം സംസ്ഥാന സെനറ്റ് അംഗം അമൽ ജോസ് നന്ദി രേഖപ്പെടുത്തി. വിവിധ രൂപതകളിൽ നിന്നുള്ള യുവജന പ്രതിനിധികളും വൈദികരും സംഗമത്തിൽ സംബന്ധിച്ചു