വിശുദ്ധ സെഫിറീനസ്  (217) : ആഗസ്റ്റ് 26

വിശുദ്ധ സെഫിറീനസ്  (217) : ആഗസ്റ്റ് 26
മാര്‍പാപ്പയായിരുന്ന വി. വിക്ടര്‍ ഒന്നാമന്റെ മരണശേഷം 199-ല്‍ സെഫിറീനസ് പതിനഞ്ചാമത്തെ മാര്‍പാപ്പയായി സ്ഥാനമേറ്റു. മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍ സെപ്തീമിയസ് സെവരൂസ് ചക്രവര്‍ത്തി മതപീഡനം അഴിച്ചുവിട്ടു. അദ്ദേഹത്തിന്റെ അമ്മ ക്രിസ്തീയ വിശ്വാസിയായിരുന്നെങ്കിലും അതൊന്നും അദ്ദേഹം കാര്യമാക്കിയില്ല. ആര്‍ച്ചുഡീക്കന്‍ വി. കല്ലിസ്റ്റസ് ഒന്നാമനെയാണ് സഭയ്ക്ക് അനുവദിച്ചുകിട്ടിയ ശ്മശാനഭൂമിയുടെ ഉത്തരവാദിത്വം ഏല്പിച്ചത്. അതുകൊണ്ടാണ് പിന്നീട് അത് വി. കല്ലിസ്റ്റസിന്റെ കാറ്റക്കോമ്പ്‌സ് എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്.

സെഫിറീനസിന്റെ ഭരണകാലത്ത് അനേകം പാഷണ്ഡികള്‍ തലപൊക്കി. പരിശുദ്ധാത്മാവാണെന്ന് അഭിനയിച്ച് ക്രിസ്തുവിന്റെ രണ്ടാംവരവിന് ജനങ്ങളെ ഒരുക്കാന്‍ തുടങ്ങിയ മോണ്ടനിസ്റ്റു പാഷണ്ഡികളും അന്നു റോമില്‍ പ്രബലരായിരുന്നു. ചില പാപങ്ങള്‍ക്ക് പരിഹാരമില്ലെന്നു വാദിച്ച തെര്‍ത്തുല്യനും മൊണ്ടാണിസ്റ്റുകളുമായി സഖ്യം ചേര്‍ന്നു. എല്ലാം വിജയകരമായി അമര്‍ച്ച ചെയ്യാന്‍ സെഫിറീനസിനു കഴിഞ്ഞു.
വി. കുര്‍ബാനയില്‍ തടികൊണ്ടുള്ള കാസയുടെ ഉപയോഗം നിറുത്തി പകരം ഗ്ലാസുകൊണ്ടുള്ള കാസ ഉപയോഗത്തിലാക്കിയതും സെഫിറീനിസാണ്. ചെലവു കുറയ്ക്കാനാണ് ഗ്ലാസുപയോഗിച്ചത്. ഈസ്റ്ററിന് എല്ലാ വിശ്വാസികളും വി. കുര്‍ബാന ഉള്‍ക്കൊള്ളണമെന്നു നിര്‍ദ്ദേശിച്ചതും സെഫിറീനസാണ്.
217 ആഗസ്റ്റ് 26-ന് സെഫിറീനസ് പാപ്പാ രക്തസാക്ഷിത്വം വരിച്ചു.

സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ കരയുകയും വിലപിക്കുകയും ചെയ്യും; എന്നാല്‍, ലോകം സന്തോഷിക്കും; നിങ്ങള്‍ ദുഃഖിതരാകും; എന്നാല്‍, നിങ്ങളുടെ ദുഃഖം സന്തോഷമായി മാറും.
യോഹ. 16:20

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org