പന്ത്രണ്ടാം ദിവസത്തിലേക്ക് പ്രവേശിച്ചിരിക്കുന്ന വിഴിഞ്ഞം തീരദേശവാസികളുടെ അതിജീവനസമരം സർക്കാരിന്റെ കണ്ണ് തുറപ്പിക്കേണ്ടതാണെന്ന് കേരള കോൺഫറൻസ് ഓഫ് മേജർ സുപ്പീരിയേഴ്സ് (KCMS) എക്സിക്യൂട്ടീവ് കമ്മിറ്റി വിലയിരുത്തി. അനേകായിരങ്ങളുടെ കിടപ്പാടവും, സ്വത്തും, തൊഴിലും നഷ്ടപ്പെടുത്തി അവരെ പെരുവഴിയിൽ ഇറക്കാൻ കാരണമാകുന്ന വിധത്തിലുള്ള പദ്ധതിനടത്തിപ്പുകൾ ആത്യന്തികമായി രാജ്യത്തിന് നന്മയല്ല. അശാസ്ത്രീയമായ വികസനപ്രവർത്തനങ്ങൾക്കൊണ്ട് ഉണ്ടാകുന്ന പരിസ്ഥിതി നാശവും പരിഗണനയിലെടുക്കേണ്ടതുണ്ട്. പദ്ധതി നിർത്തിവച്ച് വിശദമായ പഠനം നടത്തണമെന്ന ആവശ്യവും, പദ്ധതിമൂലം സംഭവിച്ചിട്ടുള്ള നഷ്ടങ്ങൾക്ക് ന്യായമായ പരിഹാരമുണ്ടാകണമെന്നും, കിടപ്പാടം നഷ്ടപ്പെട്ടവർക്ക് ഭവനം നൽകണമെന്നുമുള്ള ആവശ്യങ്ങളും ഗൗരവമായി പരിഗണിക്കപ്പെടേണ്ടവയാണ്. തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടന്നുവരുന്ന അതിജീവന സമരത്തിന് കേരളത്തിലെ എല്ലാ സന്യാസ സമൂഹങ്ങളെയും പ്രതിനിധീകരിച്ച് കെസിഎംഎസ് എക്സിക്യൂട്ടീവ് കമ്മറ്റി പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.
ആഗസ്റ്റ് 26ന് നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റി മീറ്റിങ്ങിൽ, കെസിഎംഎസ് പ്രസിഡന്റ് ഫാ. സെബാസ്റ്റ്യൻ ജാക്കോബി OSJ, ഫാ. ജോർജ്ജ് അയ്യനാത്ത് OIC, ഫാ. തോമസ് മരോട്ടിക്കാപ്പറമ്പിൽ OCD, ഫാ. ബെന്നി നൽക്കര CMI, സി. വിമല CMC എന്നിവർ സംസാരിച്ചു.