കൊച്ചി: ആഗസ്റ്റ് മൂന്ന് തിങ്കളാഴ്ച കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ വച്ചുനടന്ന കെസിബിസി സമ്മേളനത്തില്‍ കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളിലെയും മെത്രാന്മാര്‍ പങ്കെടുക്കുകയും പ്രാധാന്യമര്‍ഹിക്കുന്ന വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുകയുമുണ്ടായി.
1. പശ്ചിമഘട്ട പാരിസ്ഥിതിക സംവേദക മേഖല (ESA): പശ്ചിമഘട്ട പരിസ്ഥിതിക സംവേദക മേഖലകള്‍ (ESA)) സംബന്ധിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ജൂലൈ 27 ന് വീണ്ടും കരട് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുകയാണ്. ഇത് ഏഴാം തവണയാണ് കേന്ദ്രം കരട് വിജ്ഞാപനം പുതുക്കി ഇറക്കുന്നത്. കേരളത്തിന്റെ നിലവിലുള്ള മാപ്പില്‍, 123 റവന്യൂ വില്ലേജുകളിലായി, ലക്ഷകണക്കിന് ഏക്കര്‍ ജനവാസമേഖലകളും കൃഷിഭൂമിയും ഉള്‍പ്പെടെ 9,993.7 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്.
നിയമപരമായി നിലനില്‍ക്കുന്ന രീതിയില്‍ റവന്യൂ വില്ലേജുകളും ESA) അതിര്‍ത്തികളും തരംതിരിച്ച് ഫീല്‍ഡ് സര്‍വേ നടത്തുന്നതിലുണ്ടായ വര്‍ഷങ്ങളായുള്ള അലംഭാവവും വീഴ്ചയുമാണ് ഈ പ്രതിസന്ധിയെ ഇത്രത്തോളം വഷളാക്കിയത്. സമാനമായ ആശങ്കകള്‍ നിലനിന്നിരുന്ന തമിഴ്‌നാട്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങള്‍ കൃത്യമായ ഉപഗ്രഹ-ഫീല്‍ഡ് സര്‍വേകള്‍ വഴി അതിര്‍ത്തികള്‍ വേര്‍തിരിച്ച് കേന്ദ്രത്തിന് സമര്‍പ്പിക്കുകയും സ്വന്തം സംസ്ഥാനങ്ങളിലെ ജനവാസകേന്ദ്രങ്ങളെ ESA) പരിധിയില്‍ നിന്ന് സംരക്ഷിച്ചു നിര്‍ത്തുകയും ചെയ്തു. എന്നാല്‍ കേരളത്തില്‍ ഇപ്പോഴും ജനങ്ങളുടെ ആശങ്ക പരിഹരിച്ച് വ്യക്തമായി അതിര്‍ത്തി നിര്‍ണ്ണയിക്കാന്‍ സാധിച്ചിട്ടില്ല എന്നത് ഏറെ ഖേദകരമാണ്. അതിനാല്‍, ജനവാസമേഖലകളും കൃഷിഭൂമിയും പൂര്‍ണ്ണമായും ഒഴിവാക്കി, റവന്യൂ വില്ലേജുകളെ കൃത്യമായി തരംതിരിച്ച്, കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ സത്വരമായി ഇടപെടണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഏകോപിച്ച് പ്രവര്‍ത്തിച്ച് പശ്ചിമഘട്ട ESA) വിഷയത്തില്‍ കേരളത്തിലെ കര്‍ഷകസമൂഹത്തിന് ആശ്വാസമേകുന്ന ശാശ്വത പരിഹാരം ഉടന്‍ കണ്ടെത്തണമെന്ന് കെസിബിസി ആവശ്യപ്പെടുന്നു.
2. പ്രകൃതിദുരന്തങ്ങള്‍: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രകൃതി ദുരന്തങ്ങളില്‍ മരണപ്പെട്ടവര്‍ക്ക് കെസിബിസി ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. ദുരിതത്തില്‍ അകപ്പെടുന്നവരെ സഹായിക്കാന്‍ സഭ പ്രതിജ്ജാബദ്ധമാണ്. അനിതരസാധാരണമായ രീതിയില്‍ അടിക്കടിയുണ്ടാകുന്ന വെള്ളപ്പൊക്കം ഉരുള്‍പ്പൊട്ടല്‍ തുടങ്ങിയവയെക്കുറിച്ച് ശാസ്ത്രീയപഠനം നടത്തി പുഴകളുടെയും, ഡാമുകളുടെയും ആഴം വര്‍ധിപ്പിക്കുന്നതുള്‍പ്പടെ ശാശ്വതവും ക്രിയാത്മകവുമായ പരിഹാരം കണ്ടെത്താനും പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കാനും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നു. ഒപ്പംതന്നെ, കേരള സര്‍ക്കാരിന്റെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് കേരള കത്തോലിക്കാ സഭയുടെ ഐക്യദാര്‍ഢ്യവും പിന്തുണയും അറിയിക്കുന്നു.
ഫാ. തോമസ് തറയില്‍
ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍/ഔദ്യോഗിക വക്താവ്,
ഡയറക്ടര്‍, പിഒസി.