വിശുദ്ധ മത്തായി ശ്ലീഹ : സെപ്തംബര്‍ 21

വിശുദ്ധ മത്തായി ശ്ലീഹ : സെപ്തംബര്‍ 21
Published on
ഭൂമിയില്‍ നിക്ഷേപം കരുതിവയ്ക്കരുത്; തുരുമ്പും കീടങ്ങളും അതു നശിപ്പിക്കും; കള്ളന്മാര്‍ തുരന്നു മോഷ്ടിക്കും.
മത്താ. 6:19

ബാങ്കുകാരുടെയും നികുതി പിരിക്കുന്നവരുടെയുമൊക്കെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനായ വി. മത്തായി, കഫര്‍നാമിന്റെ ചുങ്കം പിരിച്ചു കൊണ്ടിരിക്കുമ്പോഴാണ്, ഈശോ തന്നെ അനുഗമിക്കാന്‍ ആവശ്യപ്പെട്ടത്. റോമാക്കര്‍ക്കുവേണ്ടിയാണ് മത്തായി ചുങ്കം പിരിച്ചിരുന്നത്. ഹെറോദ് അന്തിപ്പാസാണ് അന്നു റോമന്‍ ചക്രവര്‍ത്തി. യഹൂദര്‍ക്ക് ചുങ്കക്കാരോട് പൊതുവെ വെറുപ്പായിരുന്നു. ചുങ്കക്കാരെല്ലാം വിജാതീയരാണെന്നു കരുതിയിരുന്നെങ്കിലും മത്തായി യഹൂദനായിരുന്നു.
ലേവി എന്നുകൂടി അറിയപ്പെട്ടിരുന്ന മത്തായി ധനികനും വിവേകിയുമായിരുന്നു. ഈശോ വിളിച്ചപ്പോള്‍ അത്യാഹ്ലാദം കൊണ്ട് മത്തായിയുടെ ഹൃദയം തുള്ളിച്ചാടി. ആ സന്തോഷം പ്രകടിപ്പിക്കാനാണല്ലോ ഈശോയ്ക്കും മറ്റു ശിഷ്യന്മാര്‍ക്കുമായി തന്റെ വീട്ടില്‍ ഒരു വലിയ വിരുന്നൊരുക്കിയത്. തന്റെ സഹപ്രവര്‍ത്തകരായ മറ്റു ചുങ്കക്കാരെയും വിരുന്നിന് ക്ഷണിച്ചിരുന്നു. ഈശോ എന്തു ചെയ്യുമെന്ന് ആകാംക്ഷയോടെ നോക്കിയിരുന്ന ഫരിസേയരെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവിടുന്നു വിരുന്നിനു പോയി. ഫരിസേയരുടെ കാഴ്ചപ്പാടില്‍ ചുങ്കക്കാരെല്ലാം ഭീഷണിപ്പെടുത്തി ബലമായി പണം പിടിച്ചെടുക്കുന്നവരും ആത്മാര്‍ത്ഥതയില്ലാത്തവരും രാജ്യദ്രോഹികളും കൊള്ളക്കാരുമായിരുന്നു. അവരുടെ കൂടെ ഭക്ഷണം കഴിക്കുന്ന കാര്യം ചിന്തിക്കാനേ കഴിയുമായിരുന്നില്ല.

പക്ഷേ, കുറ്റം വെറുക്കുകയും കുറ്റവാളികളെ സ്‌നേഹിക്കുകയും ചെയ്യുന്ന ഈശോ മത്തായിയുടെ മനസ്സിലെ നന്മ മനസ്സിലാക്കിയിരുന്നു. താന്‍ ചെയ്തുകൊണ്ടിരുന്ന ജോലിയില്‍നിന്ന് അദ്ദേഹം മോചനം ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണല്ലോ, ഈശോ വിളിച്ചപ്പോള്‍ എല്ലാം ഉപേക്ഷിച്ച് ഇറങ്ങി പുറപ്പെട്ടതും. ആ ആഹ്ലാദം പങ്കുവയ്ക്കാന്‍ വിരുന്നൊരുക്കിയതും. പിന്നീട്, ഒരിക്കലും പഴയ ജോലിയിലേക്ക് തിരിച്ചുപോകാന്‍ മത്തായി ആഗ്രഹിച്ചുമില്ല.

അല്‍ഫേയുടെ പുത്രനായ ലേവി എന്നു മര്‍ക്കോസ് പറയുന്ന മത്തായിക്ക് അത്യാവശ്യം വിദ്യാഭ്യാസവുമുണ്ടായിരുന്നു. അറമായ ഭാഷയ്ക്കു പുറമെ ഗ്രീക്കും വശമായിരുന്നു. എഴുതാനുള്ള കഴിവും ഉണ്ടായിരുന്നു. ലേവി എന്ന പേരിനു പകരം, "യഹോവയുടെ ദാനം" എന്നര്‍ത്ഥമുള്ള മത്തായി എന്ന പേരു നല്‍കിയത് ഈശോ തന്നെയായിരിക്കാം.

കര്‍ത്താവിന്റെ സുവിശേഷം ആദ്യം രചിച്ചത് മത്തായിയാണ്. ഈശോയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങളും ഉപദേശങ്ങളും തന്റെ അനുഭവത്തിന്റെ വെളിച്ചത്തിലും മറ്റു ശ്ലീഹന്മാരില്‍നിന്നു പറഞ്ഞു കേട്ട വിധത്തിലും ക്രോഡീകരിക്കുകയായിരുന്നു മത്തായി ചെയ്തത്.

സാധാരണ ജനങ്ങള്‍ക്കു വേണ്ടിയായതുകൊണ്ട് അറമായ ഭാഷയില്‍ത്തന്നെയാണ് ആദ്യം രചന നടത്തിയതെന്നും പിന്നീട് അത് ഗ്രീക്കിലേക്ക് വിവര്‍ത്തനം ചെയ്യുകയായിരുന്നെന്നും കരുതപ്പെടുന്നു. ഏതായാലും മൂലകൃതി നഷ്ടപ്പെട്ടു. ഇന്നു പ്രചാരത്തിലുള്ള സുവിശേഷം ഗ്രീക്കില്‍ നിന്നു തര്‍ജ്ജമ ചെയ്തതാണ്.

യഹൂദജനത പ്രതീക്ഷിച്ചിരുന്ന രക്ഷകന്‍ ഈശോ തന്നെയാണെന്ന് അവരെ ബോദ്ധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മത്തായി രചന നിര്‍വഹിച്ചിരിക്കുന്നത് അതുകൊണ്ടാണ്, ആകര്‍ഷകമായ ഒരു കഥ പറയുന്നതുപോലെ, അറമായ ഭാഷയില്‍ത്തന്നെ അദ്ദേഹം സുവിശേഷം രചിച്ചത്. സുവിശേഷകനായ മത്തായി പാലസ്തീന്‍, എത്യോപ്യ, പാര്‍ത്ഥ്യ, പേര്‍ഷ്യ എന്നിവിടങ്ങളില്‍ സുവിശേഷം പ്രസംഗിക്കുകയും അവസാനം രക്തസാക്ഷിയായി മരിക്കുകയും ചെയ്‌തെന്നു കരുതപ്പെടുന്നു. അദ്ദേഹത്തെ കല്ലെറിഞ്ഞു കൊല്ലുകയായിരുന്നത്രെ!

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org