Kerala

ബോണ്ടിംഗ് ഫാമിലീസ് പദ്ധതി ലോഗോ പ്രകാശനം ചെയ്തു

Sathyadeepam

കോട്ടയം: സമൂഹത്തില്‍ ദിനം പ്രതി വര്‍ദ്ധിച്ചു വന്നുകൊണ്ടിരിക്കുന്ന കുടുംബ പ്രശ്‌നങ്ങള്‍, വിവാഹ മോചനം, വിവിധ തരത്തിലുള്ള അതിക്രമങ്ങള്‍, ആത്മഹത്യ, ലഹരി വസ്തുക്കളുടെ ഉപയോഗം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമം തുടങ്ങിയ സാമൂഹ്യ തിന്മകള്‍ക്കെതിരെ അവബോധത്തോടൊപ്പം സഹായ ഹസ്തവും ഒരുക്കുവാന്‍ കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്തിരിക്കുന്ന ബോണ്ടിംഗ് ഫാമിലീസ് പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു.

തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ലോഗോ പ്രകാശന കര്‍മ്മം രജിസ്‌ട്രേഷന്‍, മ്യൂസിയം, ആര്‍ക്കിയോളജി വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വ്വഹിച്ചു. സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്റ്റീഫന്‍ ജോര്‍ജ്ജ് എക്‌സ്. എം എല്‍ എ,

കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ചൈതന്യ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ഷീബ എസ് വി എം, കെ എസ് എസ് എസ്, പി ആര്‍ ഒ സിജോ തോമസ്, പ്രോഗ്രാം ഓഫീസര്‍ ഫെലിക്‌സ് സിറിയക് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെയും അമേരിക്കയിലെ ക്‌നാനായ കാത്തലിക് റീജിയന്റെ ബോണ്ടിംഗ് ഫാമിലീസ് സംഘടനയുടെയും പങ്കാളിത്തത്തോടെയാണ് പദ്ധതി വിഭാവനം ചെയ്ത് നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി കൗണ്‍സിലിംഗ് സേവനം, നിയമ സഹായം, അവബോധ പരിപാടികള്‍, ജോലി സാധ്യതകളുടെ പ്രയോജനപ്പെടുത്തല്‍, അടിയന്തിര സഹായം, വ്യക്തികളുടെയും സംഘടനകളുടെയും പങ്കാളിത്തത്തോടുകൂടിയുള്ള സഹായ സാധ്യതകളുടെ ലഭ്യമാക്കല്‍ തുടങ്ങിയ സേവനങ്ങളാണ് വിഭാവനം ചെയ്തിരിക്കുന്നത്.

അതിരൂപത ഫാമിലി, ടെമ്പറന്‍സ് കമ്മീഷനുകളുടെയും കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഗ്രാമതല സന്നദ്ധ പ്രവര്‍ത്തകരുടെയും പങ്കാളിത്വവും പദ്ധതിയില്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ട്. പദ്ധതിയുടെ ഉദ്ഘാടനം മെയ് 6-ാം തീയതി ചൊവാഴ്ച്ച രാവിലെ 10.30 ന് തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വഹിക്കും.

കോട്ടയം അതിരൂപത വികാരി ജനറാള്‍ വെരി. റവ. ഫാ. തോമസ് ആനിമൂട്ടില്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. ചിക്കാഗോ രൂപത വികാരി ജനറാള്‍ വെരി. റവ. ഫാ. തോമസ് മുളവനാല്‍ അനുഗ്രഹ പ്രഭാഷണം നടത്തും. അതിരൂപതയിലെ സന്ന്യാസ സമൂഹം പ്രതിനിധികളും ജനപ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും.

വത്തിക്കാന്‍ സംഘം ഖസാക്ക്സ്ഥാനിലെ മതാന്തര സമ്മേളനത്തില്‍

എഴുപതാം പിറന്നാളില്‍ മാതാപിതാക്കള്‍ക്ക് നന്ദി പറഞ്ഞു മാര്‍പാപ്പ

വിശുദ്ധ റോബര്‍ട്ട് ബല്ലാര്‍മൈന്‍ (1542-1621) : സെപ്തംബര്‍ 17

അവകാശദിനാചരണവും ഭീമഹര്‍ജി ഒപ്പുശേഖരണവും നടത്തി

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16