കാഞ്ഞൂർ : കഴിഞ്ഞ ഈസ്റ്റർ നോമ്പിനോടനുബന്ധിച്ച് ഒരു ദിവസം പോലും മുടങ്ങാതെ 50 ദിവസവും വി. കുർബാനയിൽ സംബന്ധിച്ച 110 കുട്ടികൾക്ക് സ്കൂൾ ബാഗും, ഒരാൾക്ക് നറുക്കെടുപ്പിലൂടെ സൈക്കിളും സമ്മാനമായി നൽകി. സെന്റ് മേരീസ് ഫൊറോന പള്ളിയിലെ 1 മുതൽ 12 വരെ ക്ലാസ്സുകളിൽ വിശ്വാസ പരിശീലനം നടത്തി വരുന്ന കുട്ടികളാണ് സമ്മാനങ്ങൾക്ക് അർഹരായത്.
ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾ തുടങ്ങി മുതിർന്ന കുട്ടികൾ വരെ രാവിലെയും വൈകീട്ടുമായി കുട്ടികളുടെ സൗകര്യാർത്ഥം വന്ന് ദിവ്യബലിയിൽ സംബന്ധിക്കുവാൻ സൗകര്യമൊരുക്കിയിരുന്നു. മാതാപിതാക്കളുടെയും വിശ്വാസ പരിശീലകരുടെയും നിരന്തര പ്രോത്സാഹനവും പിന്തുണയും കുട്ടികൾക്ക് മുടക്കം കൂടാതെ എല്ലാ ദിവസവും ദിവ്യബലിയിൽ സംബന്ധിക്കുവാൻ പ്രേരണയായി.
ഭൂരിഭാഗം കുട്ടികളും അതിരാവിലെ ഒരുങ്ങി സ്കൂൾ യൂണിഫോമിലാണ് പള്ളിയിൽ വന്നിരുന്നത്. വി. കുർബാനയ്ക്ക് ശേഷം നേരെ സ്‌കൂളിലേയ്ക്ക് പോകുന്നതിന് വേണ്ടിയായിരുന്നു ഇത്. വി. കുർബാനയർപ്പണത്തിന് ശേഷം കുട്ടികൾ സങ്കിർത്തിയിൽ വന്ന് ഓരോ ദിവസവും അവർക്ക് നൽകിയിരിക്കുന്ന കാർഡിൽ വൈദീകരിൽ നിന്നും ഒപ്പ് വാങ്ങണമായിരുന്നു. കുട്ടികൾ അനുദിനം ദിവ്യബലിയിൽ സംബന്ധിക്കുവാൻ താല്പര്യം പ്രകടിപ്പിക്കുന്നതിന് വേണ്ടിയാണ് വികാരി ഫാ.ജോയ് കണ്ണമ്പുഴ ഇങ്ങനെ ഒരു പദ്ധതി കുട്ടികൾക്കായി ആവിഷ്‌കരിച്ചത്.
കുട്ടികൾ വളരെ ആവേശത്തോടും താൽപ്പര്യത്തോടും കൂടി വികാരിയച്ചന്റെ ആഗ്രഹത്തോട് പ്രത്യുത്തരിച്ചു. അധ്യാപകൻ ജോജി പുതുശ്ശേരി സൈക്കിൾ സ്പോൺസർ ചെയ്തു. ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥി ജുആൻ ബൈജു കാച്ചപ്പിള്ളി നറുക്കെടുപ്പിലൂടെ സൈക്കിളിന് അർഹനായി. സഹവൈദീകരായ ഫാ. അമൽ പെരിയപ്പാടൻ, ഫാ. ജോസ് വലിയകടവിൽ, ഫാ. റിൻസ് പുതുശ്ശേരി, ഡീക്കൻ ബിൻസ് മാത്യു, കൈക്കാരന്മാരായ ജോസ് വർഗീസ് പാറയ്ക്ക, ജോസി കോഴിക്കാടൻ, പ്രധാനാധ്യാപകൻ സിനു പുത്തൻപുരയ്‌ക്കൽ, സെക്രട്ടറി സി. ഷാലി റോസ്, ലിൻസ് ജോസഫ് എന്നിവർ നേതൃത്വം നൽകി.