

ചൈനയില്‍നിന്നുള്ള സിസ്റ്റര്‍സിയന്‍ സഭാംഗവും ലന്താവോ ദ്വീപിലെ ‘ഔര്‍ ലേഡി ഓഫ് ജോയ്’ ആശ്രമാംഗവും ലോകത്തിലേക്കും ഏറ്റവും പ്രായം കൂടിയ ട്രാപ്പിസ്റ്റ് സന്ന്യാസിയുമായ ഫാ. ബെനഡിക്ട് ചാവോ അന്തരിച്ചു. 108 വയസ്സ് പ്രായമുണ്ടായിരുന്നു. 1950-കളില്‍ പണിയപ്പെട്ട ‘ഔര്‍ ലേഡി ഓഫ് ജോയ്’ ആശ്രമത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ മുഖ്യ പങ്കുവഹിച്ചിരുന്ന അദ്ദേഹത്തിന്റെ മൃതസംസ്‌കാരച്ചടങ്ങുകള്‍ ഓഗസ്റ്റ് 14-ന് ഹോങ്കോങ്ങില്‍ നടന്നു.
1918-ല്‍ ഹെബെയ് പ്രവിശ്യയിലെ ചെങ്ടിംഗില്‍ ജനിച്ച ഫാ. ചാവോ 1941-ല്‍, തന്റെ ഇരുപത്തിമൂന്നാം വയസ്സില്‍, ‘ഔര്‍ ലേഡി ഓഫ് ജോയ്’ ആശ്രമത്തിലെ സിസ്റ്റര്‍സിയന്‍ കര്‍ശനാനുഷ്ഠാന സമൂഹത്തില്‍ ചേര്‍ന്നു. 1947-ല്‍ നിത്യവ്രതം സ്വീകരിച്ച അദ്ദേഹം 1949-ല്‍ വൈദികനായി. 1974 മുതല്‍ 1998 വരെ ആശ്രമത്തിന്റെ പ്രിയോറായി സേവനമനുഷ്ഠിച്ചു.
താന്‍ അംഗമായ സന്ന്യാസസമൂഹത്തിന്റെ ചരിത്രത്തിലെ നിരവധി വേദനാജനകമായ ഘട്ടങ്ങള്‍ക്ക് അദ്ദേഹം സാക്ഷി യായിട്ടുണ്ട്. 1937-ല്‍ ജപ്പാന്‍ അധിനിവേശ സേന ആശ്രമം പിടിച്ചെടുത്തിരുന്നു. 1949-ല്‍ ചൈനീസ് അധികാരികള്‍ ഈ ആശ്രമസമൂഹത്തെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് നിരവധി സന്യാസികള്‍ അറസ്റ്റിലാകുകയും ചിലര്‍ നാടുകടത്തപ്പെടു കയും മറ്റു ചിലര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
ഇക്കാലത്ത് ഫാ. ചാവോ ചില സഹസന്യാസികളോടൊപ്പം ചൈനയിലെ മറ്റു പ്രദേശങ്ങളിലേക്കും പിന്നീട് കാനഡയിലേക്കും അമേരി ക്കയിലേക്കും പോയി. 1950-കളില്‍ ഹോങ്കോങ്ങിലെത്തിയ അദ്ദേഹം 1956-ല്‍ മറ്റു സന്യാസികളോടൊപ്പം ലന്താവോ ദ്വീപില്‍ ഒരു പുതിയ ആശ്രമം പണിതു. പിന്നീട് അത് ‘ഔര്‍ ലേഡി ഓഫ് ജോയ്’ എന്ന പേരില്‍ അറിയപ്പെട്ടു. 1980-കളില്‍ അദ്ദേഹം ഒരു ട്രാപ്പിസ്റ്റ് ഡയറി ഫാമിനും തുടക്കം കുറിച്ചു.
79 വര്‍ഷം സന്യാസിയായും 77 വര്‍ഷം വൈദികനായും അദ്ദേഹം ജീവിച്ചു.