അമലനഗര്‍: അമല കോളേജ് ഓഫ് അലെയ്ഡ് ഹെല്‍ത്ത് സയന്‍സസിലെ വിദ്യാര്‍ഥികളുടെയും സ്റ്റാഫ് അംഗങ്ങളുടെയും അമല ബ്ലഡ് സെന്ററിന്റെയും നേതൃത്വത്തില്‍, ദേശീയ സന്നദ്ധ രക്തദാന ദിനം ആചരിച്ചു. ഡോക്ടര്‍മാരും നഴ്‌സുമാരും വിദ്യാര്‍ഥികളും അവരുടെ കുടുംബാംഗങ്ങളും പൊതുജനങ്ങളും ഉള്‍പെടെ 105 പേര്‍ രക്തം ദാനം ചെയ്തു.
സിസ്റ്റര്‍ ഡോക്ടര്‍ ലീനസ്, ദേശീയ സന്നദ്ധ രക്തദാനത്തിന്റെ മഹത്വത്തെക്കുറിച്ച് സന്ദേശം നല്‍കി. അമല ചാപ്പലില്‍ നടന്ന പൊതു മീറ്റിങ്ങില്‍, 135 തവണ രക്തം ദാനം ചെയ്ത ശ്രീ. ടൈനി ഫ്രാന്‍സിസ് പടിക്കലയെ പൊന്നാടയണിച്ച് ആദരിച്ചു. ജോയിന്റ് ഡയറക്ടര്‍മാരായ ഫാ. ആന്റണി പെരിഞ്ചേരി, ഫാ. ജെയ്‌സണ്‍ മുണ്ടന്‍മാണി, ഫാ. ഷിബു പുത്തന്‍പുരയ്ക്കല്‍, അമല അലെയ്ഡ് ഹെല്‍ത്ത് സയന്‍സസ് പ്രിന്‍സിപ്പല്‍, പ്രൊഫസര്‍, ഷീബ ഭാസ്‌കര്‍, ട്രാന്‍സ് ഫ്യൂഷന്‍ മെഡിസിന്‍ വിഭാഗം മേധാവി, ഡോ. വിനു വിപിന്‍, ക്യാമ്പ് ഓര്‍ഗനൈസര്‍, നൗഷാദ്, ഡി എം എല്‍ ടി വിദ്യാര്‍ഥിനി അനാമിക വിനോദ് എന്നിവര്‍ പ്രസംഗിച്ചു.
സന്നദ്ധ രക്തദാനക്യാമ്പുകള്‍ സംഘടിപ്പിച്ചവരെയും തുടര്‍ച്ചയായി രക്തം ദാനം ചെയ്തവരെയും മീറ്റിംഗില്‍ മെമന്റോ നല്‍കി ആദരിച്ചു. 200 അംഗങ്ങളെ പങ്കെടുപ്പിച്ച് രക്തദാനത്തിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിച്ചു കൊണ്ട് അമല അലയ്ഡ് ഹെല്‍ത്ത് സയന്‍സസ് വിദ്യാര്‍ഥികള്‍ റാലിയും, മൈമും, ഫ്‌ളാഷ് മോബും നടത്തി. രക്തദാനത്തിന്റെ സന്ദേശം ലോകം മുഴുവന്‍ എത്തിക്കുന്നതിന്റെ പ്രതീകമായി അമല ആശുപത്രി ജോയിന്റ് ഡയറക്ടര്‍, പ്രാവിനെ പറത്തി. തുടര്‍ന്ന്, അലെയ്ഡ് ഹെല്‍ത്ത് സയന്‍സ് വിഭാഗം സംഘടിപ്പിച്ച എ ഐ പോസ്റ്റര്‍, ട്രോള്‍ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.