സിനിമ ആത്യന്തികമായി ഒരു ക്രിയേറ്റീവ് പ്രോസസാണ് (സൃഷ്ടിപരമായ പ്രക്രിയയാണ്) : സിബി മലയില്‍

സിനിമ ആത്യന്തികമായി ഒരു ക്രിയേറ്റീവ് പ്രോസസാണ് (സൃഷ്ടിപരമായ പ്രക്രിയയാണ്) : സിബി മലയില്‍
Published on

കൊച്ചി : സിനിമ ആത്യന്തികമായി ഒരു ക്രിയേറ്റീവ് പ്രോസസാണ്. എന്നാല്‍ ആ ക്രിയേറ്റീവ് പ്രോസസ് നടക്കണമെങ്കില്‍ സാങ്കേതികതയും അറിയണം. അതിന് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ പഠിക്കുന്നത് നല്ലതാണെന്ന് പ്രശസ്ത സംവിധായകന്‍ സിബി മലയില്‍ അഭിപ്രായപ്പെട്ടു. ചാവറ കള്‍ച്ചറല്‍ സെന്ററില്‍ ചാവറ ഫിലിം സ്‌കൂളില്‍ വിദ്യാരംഭം ഉദ് ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കണമെന്ന് ഒരുപാട് ആഗ്രഹിച്ച ഒരാളായിരുന്നു ഞാന്‍. നടക്കാതെ പോയി. എന്നാല്‍ പിന്നീട് സിനിമ എന്നെത്തേടി വന്നു. അത്രമേല്‍ സിനിമയെ ഞാന്‍ ആഗ്രഹിച്ചിരുന്നു. എന്റെ ചെറുപ്പത്തിലേതുപോലെയല്ല, ഇന്ന് സിനിമ പഠിക്കാന്‍ നിരവധി ഇന്‍സ്റ്റിറ്റിയൂറ്റുകളുണ്ട്. അതില്‍ തന്നെ ഏറ്റവും ഉയര്‍ന്ന സാങ്കേതിക നിലവാരമുള്ള, അത്യാധുനിക സംവിധാനങ്ങളുള്ള ഇന്‍സ്റ്റിറ്റിയൂറ്റാണ് ചാവറ ഫിലിം സ്‌കൂളെന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു.

സി എം ഐ സഭ സാമൂഹ്യ സേവന വിഭാഗം ജനറല്‍ കൗണ്‍സിലര്‍ ഫാ. ബിജു വടക്കേല്‍ അധ്യക്ഷത വഹിച്ചു. സി എം ഐ സഭ വികാര്‍ ജനറല്‍ ഫാ. ജോസി താമരശേരി സന്ദേശം നല്‍കി. ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവര്‍ത്തി വിശിഷ്ടാഥിതിയായിരുന്നു. മറ്റൊന്നിന്റെ പകര്‍പ്പുകളല്ല, മറിച്ച് നിലവിലുള്ളതിനെ പൊളിക്കുന്നതായിരിക്കണം സര്‍ഗസൃഷ്ടികളെന്നും അതിനെ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അക്കാദമിക് മേധാവി സംവിധായകന്‍ പ്രജേഷ് സെന്‍, ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് സ എം ഐ, ഫിനാന്‍സ് ഓഫീസര്‍ ഫാ. മാത്യു കിരിയാന്തന്‍ സി എം ഐ, നടനും സംവിധായകനുമായ ശ്രീകാന്ത് മുരളി, ചാവറ മാട്രിമോണി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ജോണ്‍സണ്‍ സി അബ്രഹാം, ജോസഫ് മാത്യു, ഗൊയ്‌ഥെ സെന്‍ട്രം കൊച്ചി അക്കാഡമിക് ഹെഡ് ജോസഫ് സെബാസ്റ്റ്യന്‍, ക്യാമ്പസ് ഫ്രാന്‍സ് മാനേജര്‍ ശബരി കിഷോര്‍, ഹോട്ടല്‍ മാനേജ്മന്റ് വിഭാഗം മേധാവി ജെയ്‌മോള്‍ മേരി, ടൂറിസം ഏവിയേഷന്‍ ലെക്ചര്‍ ജോ ഫിലിപ്പ്, ഫിലിം സ്‌കൂള്‍ അക്കാഡമിക് മാനേജര്‍ ആനന്ദ് ഗംഗന്‍, സഞ്ജു സാമുവേല്‍, അഞ്ജു ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org