International

ക്രൈസ്തവകുടുംബങ്ങള്‍ പ്രാര്‍ഥനയുടെ പ്രാധാന്യം തിരിച്ചറിയണമെന്നു പാപ്പ

Sathyadeepam

മനുഷ്യജീവിതത്തിന്റെ അടിസ്ഥാനപരമായ ഒരു ഘടകമെന്ന നിലയില്‍ പ്രാര്‍ത്ഥനയെ വീണ്ടും തിരിച്ചറിയാന്‍ വിശ്വാസികളോട് ലിയോ പതിനാലാമന്‍ മാര്‍പാപ്പ ആഹ്വാനം ചെയ്തു. കാര്യക്ഷമതയ്ക്കും ഉപഭോഗ സംസ്‌കാരത്തിനും പ്രാധാന്യം നല്‍കുന്ന ഈ കാലഘട്ടത്തില്‍ പ്രാര്‍ത്ഥന അര്‍ത്ഥശൂന്യവും നിസ്സാരവുമായി തോന്നിയേക്കാമെന്ന അപകടത്തെ ക്കുറിച്ച്, ഓഗസ്റ്റ് 5-ന് നടന്ന പൊതു കൂടിക്കാഴ്ചയില്‍ മാര്‍പാപ്പ മുന്നറിയിപ്പു നല്‍കി.

ശാസ്ത്രവും സാങ്കേതികവിദ്യയും എല്ലാത്തിനും ഉത്തരം നല്‍കുന്നു എന്ന് അവകാശപ്പെടുന്ന ഒരു ലോകത്ത്, പ്രാര്‍ത്ഥിക്കുന്നത് യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമായി കാണപ്പെട്ടേക്കാം, അദ്ദേഹം പറഞ്ഞു. ക്രൈസ്തവ ഭവനങ്ങളില്‍ പോലും പ്രാര്‍ത്ഥന തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. കൂടാതെ, പല ക്രൈസ്തവ കുടുംബങ്ങളിലും പ്രാര്‍ത്ഥനയുടെ പാരമ്പര്യം കൈമാറ്റം ചെയ്യപ്പെടുന്നില്ല. അതേസമയം, വ്യക്തിപരമായ ക്ഷേമം ലക്ഷ്യമിട്ടുള്ള ഒരു മനഃശാസ്ത്രപരമായ തന്ത്രം മാത്രമായി പ്രാര്‍ത്ഥനയെ തെറ്റിദ്ധരിക്കാനുള്ള സാധ്യത പലരും അഭിമുഖീകരിക്കുന്നു. - അദ്ദേഹം പറഞ്ഞു.

നമ്മുടെ മനുഷ്യത്വത്തിന്റെ അടിസ്ഥാനപരമായ ഒരു ഘടകമെന്ന നിലയില്‍ പ്രാര്‍ത്ഥനയെ അതിന്റെ യഥാര്‍ത്ഥ രൂപത്തില്‍ വീണ്ടും തിരിച്ചറിയേണ്ടതുണ്ടെന്നു പാപ്പാ വ്യക്തമാക്കി. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഇതിനെ പ്രധാനമായി കരുതുന്നുണ്ട്. “ദൈവത്തിനാണ് ഒന്നാം സ്ഥാനം; പ്രാര്‍ത്ഥനയാണ് നമ്മുടെ പ്രാഥമിക കടമ; നമുക്ക് നല്‍കിയിട്ടുള്ള ദൈവിക ജീവന്റെ പ്രാഥമിക ഉറവിടവും നമ്മുടെ ആത്മീയ ജീവിതത്തിന്റെ പ്രാഥമിക വിദ്യാലയവുമാണ് ആരാധനാക്രമം,” എന്നു പോള്‍ ആറാമന്‍ അന്ന് പറഞ്ഞിരുന്നു.

വിശുദ്ധ കുര്‍ബാനയില്‍ നിന്ന് വേര്‍പെടുത്താനാകാത്തതും സഭയുടെ ഔദ്യോഗിക ദിനചര്യ പ്രാര്‍ത്ഥനയുമായ ‘യാമപ്രാര്‍ത്ഥനകള്‍‘ എല്ലാ ക്രൈസ്തവ പ്രാര്‍ത്ഥനകളെയും സ്വാധീനിക്കുകയും പ്രചോദിപ്പിക്കുകയും നയിക്കുകയും ചെയ്യണമെന്ന പോള്‍ ആറാമന്റെ ആഗ്രഹം ലിയോ അനുസ്മരിച്ചു. ഈ ആഗ്രഹം നിവേറണമെങ്കില്‍, മാമ്മോദീസ സ്വീകരിച്ചവരുടെ അനുദിന ജീവിതത്തിലും സമൂഹങ്ങളിലും യാമപ്രാര്‍ത്ഥനകളെ കൂടുതല്‍ പൂര്‍ണ്ണമായി സ്വീകരിക്കുകയും ജീവിക്കുകയും ചെയ്യേണ്ടതുണ്ട്.

വിശുദ്ധ കുര്‍ബാനയെയും യാമപ്രാര്‍ത്ഥനകളെയും ‘സഭാജീവിതത്തിന്റെ ശ്വാസോച്ഛ്വാസം’ എന്നാണ് മാര്‍പാപ്പ വിശേഷിപ്പിച്ചത്. ഇതിലൂടെ പരിശുദ്ധാത്മാവ് ക്രിസ്തുവിന്റെ ശരീരത്തിലുടനീളം വ്യാപിക്കുന്നു.

പ്രാര്‍ത്ഥിക്കാന്‍ പഠിക്കുന്നവര്‍ക്ക്, പ്രത്യേകിച്ച് കത്തോലിക്കാസഭയിലേക്ക് കടന്നുവരാന്‍ തയ്യാറെടുക്കുന്നവര്‍ക്ക്, യാമപ്രാര്‍ത്ഥനകള്‍ ഒരു പ്രായോഗിക പഠനകേന്ദ്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.

ഇസ്രായേലി കുടിയേറ്റക്കാര്‍ ക്രൈസ്തവരെ ആക്രമിക്കുന്നുവെന്നു വികാരി

മാര്‍പാപ്പയുടെ ചിത്രവുമായി വീണ്ടും വത്തിക്കാന്‍ സിറ്റി നാണയങ്ങള്‍

മാര്‍പാപ്പ ഫ്രാന്‍സില്‍ അടുത്ത മാസം

യുദ്ധം തീരാവേദനകളിലേക്ക് നയിക്കുന്നു

വിശുദ്ധ ഹിപ്പോളിറ്റസും വിശുദ്ധ പൊന്തിയാനസും (235) : ആഗസ്റ്റ് 13