വിശുദ്ധ ഹിപ്പോളിറ്റസും വിശുദ്ധ പൊന്തിയാനസും (235) : ആഗസ്റ്റ് 13

വിശുദ്ധ ഹിപ്പോളിറ്റസും വിശുദ്ധ പൊന്തിയാനസും (235) : ആഗസ്റ്റ് 13
Published on
അധികം അറിയപ്പെടുന്നില്ലെങ്കിലും സഭയ്ക്കും വിശ്വാസത്തിനും വേണ്ടി കഠിനാദ്ധ്വാനം ചെയ്യുകയും കഷ്ടപ്പെട്ടു മരിക്കുകയും ചെയ്ത രണ്ടു ബുദ്ധിശാലികളാണ് ഹിപ്പോളിറ്റസും പൊന്തിയാനസും. പൊന്തിയാനസ് അഞ്ചുവര്‍ഷം പോപ്പായിരുന്നെങ്കില്‍, ഹിപ്പോളിറ്റസ് 18 വര്‍ഷം ആന്റിപോപ്പായി ജീവിച്ചു. എങ്കിലും, അവസാനം ഇരുവരും വീട്ടുവീഴ്ചയ്ക്കു തയ്യാറാകുകയും ഐക്യപ്പെടുകയും ചെയ്തു.

ഹിപ്പോളിറ്റസ് എന്ന വാക്കിന്റെ അര്‍ത്ഥം "സമനില തെറ്റിയ കുതിര" എന്നാണ്. ഹിപ്പോളിറ്റസ് റോമിലെ പണ്ഡിതനായ ഒരു വൈദികനും ആ കാലഘട്ടത്തിലെ ശ്രദ്ധേയനായ ദൈവശാസ്ത്ര പണ്ഡിതനുമായിരുന്നു. വി. ഇറനേവൂസിന്റെ ശിഷ്യനെന്നാണ് അദ്ദേഹം അവകാശപ്പെട്ടിരുന്നത്. വി. ജറോം അദ്ദേഹത്തെപ്പറ്റി "വിശുദ്ധനും സമര്‍ത്ഥനായ വാഗ്മിയും" എന്നാണ് പറഞ്ഞിരിക്കുന്നത്. ഏതായാലും ആദ്യകാലത്ത്, പോപ്പിനെപോലും വിമര്‍ശിക്കുന്ന ധീരനായ ഒരു വിമര്‍ശകനായിട്ടാണ് അദ്ദേഹം അറിയപ്പെട്ടത്. പാഷണ്ഡതകളെ തിരിച്ചറിഞ്ഞ് സമയത്ത് പ്രതികരിക്കാത്തതിന് പോപ്പ് സെഫിറീന്തസിനെ വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം പരസ്യമായി രംഗത്തെത്തി. ത്രിത്വത്തെപറ്റി അന്നു പ്രചരിച്ചിരുന്ന തെറ്റായ വ്യാഖ്യാനങ്ങളെയെല്ലാം യുക്തിപൂര്‍വ്വം വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം മുന്നില്‍ത്തന്നെ നിന്നു. പോപ്പ് സെഫിറീനൂസിന്റെ പിന്‍ഗാമി കലിസ്റ്റസ് ഒന്നാമനെയും സബെല്ലിയാനിസം എന്ന പാഷണ്ഡതയുടെ പേരില്‍ പ്രതിക്കൂട്ടില്‍ നിറുത്തിയ ഹിപ്പോളിറ്റസിനെ, അനുയായികള്‍ ആന്റിപോപ്പായി തിരഞ്ഞെടുത്തു. ഹിപ്പോളിറ്റസിന്റെ പരാക്രമങ്ങള്‍ അര്‍ബന്‍ ഒന്നാമന്റെയും പൊന്തിയാനസിന്റെയും കാലത്തോടെയാണ് കെട്ടടങ്ങിയത്.
235-ല്‍ മാക്‌സിമസ് ചക്രവര്‍ത്തി ഹിപ്പോളിറ്റസിനെ സര്‍ ദീനിയയിലേക്ക് നാടുകടത്തി. അവിടെ നാടുകടത്തപ്പെട്ടവരുടെ കൂട്ടത്തില്‍ പോപ്പ് പൊന്തിയാനസും ഉണ്ടായിരുന്നു. തന്റെ ഭരണകാലത്ത് (230-235) പൊന്തിയാനസ് ഒരു സൂനഹദോസ് വിളിച്ചുകൂട്ടുകയും അതില്‍വച്ച് മഹാനായ വേദപാരംഗതന്‍ അലെക്‌സാണ്ഡ്രിയായിലെ ഒറിജനെ സഭാഭ്രഷ്ടനാക്കുകയും ചെയ്തിരുന്നു.
എന്നും സത്യത്തിന്റെയും നന്മയുടെയും പക്ഷം ചേരുന്ന ഒരു തീവ്രവാദിയും യാഥാസ്ഥിതികനുമായിരുന്നു ഹിപ്പോളിറ്റസ്. എങ്കിലും തന്റെ എടുത്തുചാട്ടങ്ങള്‍ തിരിച്ചറിയാനും ഒത്തുതീര്‍പ്പാക്കാനുമുള്ള വകതിരിവും അദ്ദേഹത്തിനുണ്ടായിരുന്നു. തീക്ഷ്ണനായ പുരോഗമന വാദിയും സത്യവാദിയുമായിരുന്നപ്പോള്‍ തിരിച്ചറിയാതെ പോയ കാര്യങ്ങള്‍ അദ്ദേഹം പൊന്തിയാനൂസിനൊപ്പം തടവില്‍ കഴിഞ്ഞ കാലത്ത് കഷ്ടതകളുടെയും ഒറ്റപ്പെടലിന്റെയും വേദനകളുടെയിടയില്‍ തിരിച്ചറിഞ്ഞു. അവരിരുവരും ആന്റി പോപ്പും പോപ്പുമെന്ന സ്ഥാനങ്ങള്‍ ത്യജിക്കാന്‍ സന്നദ്ധരാകുകയും അങ്ങനെ റോമില്‍ പുതിയ സംവിധാനങ്ങള്‍ക്ക് കളമൊരുക്കുകയും ചെയ്തുവെന്നതാണ് അനന്തരഫലങ്ങള്‍. വി. അന്തേരൂസിന്റെ സ്ഥാനാരോഹണത്തോടെ പാഷണ്ഡതകള്‍ക്ക് അറുതി വന്നെങ്കിലും അദ്ദേഹം പെട്ടെന്ന് വധിക്കപ്പെട്ടു. പിന്നീട് പോപ്പായി സ്ഥാനമേറ്റ വി. ഫാബിയാന്‍ (236-250) ഹിപ്പോളിറ്റസിന്റെയും പൊന്തിയാനൂസിന്റെയും ഭൗതികാവശിഷ്ടങ്ങള്‍ റോമില്‍ കൊണ്ടുവന്ന് ആഘോഷമായ ശവസംസ്‌കാരം നടത്തി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org