

തൈബെയിലെ ജനങ്ങള്‍ക്ക് നേരെയുള്ള ഇസ്രായേലി കുടിയേറ്റക്കാരുടെ ആക്രമണങ്ങള്‍ സമീപ മാസങ്ങളില്‍ ഗണ്യമായി വർധിച്ചതായി പ്രാദേശിക ഇടവക വികാരി യായ ഫാ. ബഷാര്‍ ഫവാദ്ലെ വ്യക്തമാക്കി. വിശുദ്ധ നാട്ടിലെ ഈ ചെറിയ ക്രൈസ്തവ ഗ്രാമത്തെ മറക്കരുതെന്ന് ലോകമെമ്പാടുമുള്ള വിശ്വാസികളോട് അദ്ദേഹം അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
തന്റെ പീഡാനുഭവങ്ങള്‍ക്ക് തൊട്ടുമുമ്പ് യേശു സന്ദര്‍ശിച്ച എഫ്രായീം എന്ന ബൈബിള്‍ നഗരത്തിന്റെ ഇന്നത്തെ പേരാണ് തൈബെ (യോഹന്നാന്‍ 11:54). ഈ മേഖലയില്‍ പൂര്‍ണ്ണമായും ക്രൈസ്തവര്‍ മാത്രം വസിക്കുന്ന ഏക ഗ്രാമം ആണിത്.
ഞങ്ങള്‍ ദിവസേനെയെന്നോണം കുടിയേറ്റക്കാരുടെ ആക്രമണങ്ങള്‍, സ്വകാര്യ സ്വത്തുക്കളിലേക്കുള്ള കടന്നുകയറ്റങ്ങള്‍, കൃഷിഭൂമിയുടെ നശീകരണം, റോഡുകള്‍ അടയ്ക്കല്‍, സൈനിക തടസ്സങ്ങള്‍, ചെക്ക്പോസ്റ്റുകള്‍ എന്നിവ മൂലമുള്ള യാത്രാ നിയന്ത്രണങ്ങള്‍, ജനങ്ങള്‍ക്കിടയില്‍ വളരുന്ന ഭീതി എന്നിവ നേരിടുകയാണ് എന്ന് ഇടവക വികാരി അറിയിച്ചു.
ഈ ആഴ്ച ഒരു ക്രൈസ്തവ കുടുംബത്തിന്റെ വസ്തുവിലേക്ക് കുടിയേറ്റക്കാര്‍ അതിക്രമിച്ചു കയറിയതായും കുടുംബത്തിന് താമസിക്കാനായി അടുത്തിടെ തയ്യാറാക്കിയ വീടാണ് കുടിയേറ്റക്കാരുടെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്ക് ഇരയായതെന്നും അദ്ദേഹം പറഞ്ഞു.
കുടിയേറ്റക്കാര്‍ പലതവണ ഈ പുരയിടത്തില്‍ പ്രവേശിക്കുകയും വേലി മുറിച്ചു മാറ്റുകയും, വീടിനുള്ളിലേക്കും ചുറ്റുമുള്ള സ്ഥലത്തേക്കും തങ്ങളുടെ ആടുകളെ കയറ്റുകയും ചെയ്തു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. പലസ്തീന്‍ കുടുംബങ്ങളില്‍ ഭീതി സൃഷ്ടിക്കാനും, അവരെ സ്വന്തം വീടുകളും ഭൂമിയും ഉപേക്ഷിച്ചു പോകാന്‍ നിര്‍ബന്ധിതരാക്കാനും ലക്ഷ്യമിട്ടുള്ള ഭീഷണിപ്പെടുത്തലിന്റെ ഭാഗമാണിത്, അദ്ദേഹം പറഞ്ഞു. കൂടാതെ, ഗ്രാമത്തിന് ചുറ്റും നിരവധി പുതിയ കുടിയേറ്റ കേന്ദ്രങ്ങള്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ടെന്നും ഇത് സമൂഹത്തിന്മേലുള്ള സമ്മർദം വർധിപ്പിക്കുകയും ഈ മണ്ണിലെ ക്രൈസ്തവ സാന്നിധ്യത്തിന്റെ ഭാവിയെ തന്നെ അപകടത്തിലാക്കുകയും ചെയ്യുന്നുവെന്നും ഫാ. ഫവാദ്ലെ കൂട്ടിച്ചേര്‍ത്തു.
ലോകമെമ്പാടുമുള്ള ക്രൈസ്തവരുടെ ഐക്യദാര്‍ഢ്യം തങ്ങള്‍ക്ക് പ്രത്യാശ നല്‍കുന്നു എന്നും നമ്മളെല്ലാം ക്രിസ്തുവില്‍ ഒരൊറ്റ ശരീരമാണെന്ന് ഓര്‍മ്മിപ്പിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.