

ഫ്രാന്‍സിലേക്കുള്ള പോപ്പ് ലിയോ പതിനാലാമന്റെ അപ്പസ്‌തോലിക സന്ദര്‍ശനത്തില്‍ സെപ്റ്റംബര്‍ 25 മുതല്‍ 28 വരെ അദ്ദേഹം പാരിസ്, ലൂര്‍ദ്, മെറ്റ്‌സ് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. തന്റെ സമീപകാല സ്‌പെയിന്‍ സന്ദര്‍ശന വേളയില്‍ ചെയ്തതുപോലെ, ഫ്രാന്‍സ് സന്ദര്‍ശനത്തിനിടയിലും കത്തോലിക്കാ സഭയിലെ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നും വത്തിക്കാന്‍ അറിയിച്ചു. ഇരകള്‍ തന്നെയായിരിക്കും ഈ കൂടിക്കാഴ്ച സംഘടിപ്പിക്കാന്‍ സഹായിക്കുന്നത്; ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പ്രഖ്യാപിക്കും.
യോഹന്നാന്റെ സുവിശേഷം 6:51-ല്‍ നിന്ന് എടുത്ത ‘ലോകത്തിന് ജീവന്‍ ഉണ്ടാകേണ്ടതിന്’ എന്നതാണ് യാത്രയുടെ പ്രമേയം. ഫ്രാന്‍സിന്റെ നാഷണല്‍ അസംബ്ലി അടുത്തിടെ അംഗീകരിച്ച ദയാവധ നിയമനിര്‍മ്മാണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളുമായി ഈ പ്രമേയം ഒത്തുപോകുന്നതാണെന്ന് വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായും മറ്റ് അധികാരികളുമായും കൂടിക്കാഴ്ചകള്‍ നടത്തും. യുനെസ്‌കോയുടെ ആസ്ഥാനം സന്ദര്‍ശിക്കും. 2019-ലെ തീപിടുത്തത്തിനുശേഷം മാര്‍പാപ്പ ആദ്യമായി നോത്രദാം കത്തീഡ്രല്‍ സന്ദര്‍ശിക്കും.
ലൂര്‍ദ് മാതാവിന്റെ പ്രസിദ്ധമായ തീര്‍ത്ഥാടനകേന്ദ്രത്തിലും പാപ്പാ സന്ദര്‍ശനം നടത്തും. തീര്‍ത്ഥാടനകേന്ദ്രത്തില്‍ വെച്ച് അദ്ദേഹം ഫ്രഞ്ച് ബിഷപ്പുമാരുമായി കൂടിക്കാഴ്ച നടത്തും.