യുദ്ധങ്ങളുടെ വിനാശകരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഓര്‍മ്മിപ്പിച്ചും, അത് മാനവികതയില്‍ ഏല്‍പ്പിക്കുന്ന ആഘാതങ്ങള്‍ അനുസ്മരിച്ചും, സുവിശേഷവത്കരണ കാര്യാലയത്തിന്റെ പ്രൊ-പ്രീഫെക്ട് കര്‍ദ്ദിനാള്‍ ലൂയീസ് അന്തോണിയോ താഗ്ലെ. കര്‍ത്താവിന്റെ രൂപാന്തരീകരണത്തിരുനാളായ ഓഗസ്റ്റ് 6-ന് കാര്യാലയത്തിന്റെ കീഴിലുള്ള പ്രൊപ്പഗാന്താ ഫീദെ കൊട്ടാരത്തിലുള്ള വിശുദ്ധ ജോണ്‍ ഹെന്റി ന്യൂമാന്‍ ചാപ്പലില്‍ വിശുദ്ധ ബലിയര്‍പ്പിച്ചു നല്‍കിയ വചനസന്ദേശത്തിലാണ്, യുദ്ധത്തിന്റെ പ്രതികൂലഫലങ്ങളെക്കുറിച്ച് അദ്ദേഹം അനുസ്മരിച്ചത്. ആഗസ്റ്റ് 6, ഹിരോഷിമായില്‍ നടത്തിയ ആണവബോംബാക്രമണത്തിന്റെ വാര്‍ഷികം കൂടിയാണ്.
ദൈവസൃഷ്ടിയായ ലോകത്തെ യുദ്ധം വികൃതമാക്കുന്നുവെന്ന് ഓര്‍മ്മിപ്പിച്ച അദ്ദേഹം, ദൈവത്തിന്റെ ഇടപെടല്‍ മാത്രമാണ് മനുഷ്യരാശിയെ രൂപാന്തരപ്പെടുത്തുന്നതെന്ന് പ്രസ്താവിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന് അന്ത്യം കുറിക്കാന്‍ ഹിരോഷിമയിലെ ആക്രമണം സഹായിച്ചുവെന്ന ചിലരുടെ അഭിപ്രായം പരാമര്‍ശിച്ച കര്‍ദ്ദിനാള്‍, ‘യുദ്ധം ശരിക്കും അവസാനിച്ചോ?’ എന്ന ചോദ്യം ഉയര്‍ത്തി. ഒരു രാജ്യം കീഴടങ്ങി എന്നതിന്റെ പേരില്‍ യുദ്ധത്തെ രൂപാന്തരീകരണത്തിന് സഹായകമായ ഒരു യാഥാര്‍ത്ഥ്യമെന്ന രീതിയില്‍ വിശേഷിപ്പിക്കാനാകില്ല. യുദ്ധം ലോകത്തെ വികൃതമാക്കുകയാണ് ചെയ്യുന്നത്. യഥാര്‍ത്ഥ രൂപാന്തരീകരണം ദൈവത്തിന്റെ ഇടപെടലിലൂടെ മാത്രമേ സാധ്യമാകൂ.
താബോര്‍ മലയില്‍ നടന്ന രൂപാന്തരീകരണം യേശുവിന്റെ യഥാര്‍ത്ഥ വ്യക്തിത്വവും ദൗത്യവും വെളിപ്പെടുത്തുന്ന സംഭവമാണെന്നു കര്‍ദ്ദിനാള്‍ പറഞ്ഞു. അത് ദൈവപിതാവിന്റെ വെളിപ്പെടുത്തലിന്റ ഭാഗമാണത്. യേശുവിനെ നമ്മുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ചല്ല, ദൈവം വെളിപ്പെടുത്തുന്ന വിധത്തില്‍ കാണുകയും കേള്‍ക്കുകയും വേണം. - കര്‍ദിനാള്‍ വിശദീകരിച്ചു.