വിശുദ്ധ ബ്രൂണോ (1030-1101) : ഒക്‌ടോബര്‍ 6

വിശുദ്ധ ബ്രൂണോ (1030-1101) : ഒക്‌ടോബര്‍ 6
Published on
ദൈവത്തിനുവേണ്ടി നാം സമരത്തില്‍ ഏര്‍പ്പെടുമ്പോള്‍, മറ്റുള്ളവര്‍ക്കു മനസ്സിലാക്കാന്‍ കഴിയാത്ത,അലൗകികമായ ഒരു സമാധാനം നാം അനുഭവിക്കുന്നു.
വിശുദ്ധ ബ്രൂണോ

ജര്‍മ്മനിയിലെ കൊളോണിലായിരുന്നു ബ്രൂണോ ഹാര്‍ട്ടന്‍ ഫൗസ്റ്റിന്റെ ജനനം. റെയിംസില്‍ പ്രസിദ്ധമായ എപ്പിസ്‌കോപ്പല്‍ സ്‌കൂളിലാ യിരുന്നു വിദ്യാഭ്യാസം. ഇരുപത്തഞ്ചാമത്തെ വയസ്സില്‍ പൗരോഹിത്യം സ്വീകരിച്ചു. കൊളോണില്‍ കാനനായി നിയമിച്ചെങ്കിലും റെയിംസിലെ ബിഷപ്പ്, ബ്രൂണോയെ തന്റെ മാതൃവിദ്യാലയത്തിലേക്ക് തിരിച്ചു വിളിച്ചു. ആ സ്‌കൂളിന്റെ നടത്തിപ്പില്‍ സഹായിക്കാനായിരുന്നു അത്. ബ്രൂണോയുടെ ഗുരു ഹെരിമാന്‍ ലൗകിക സുഖങ്ങള്‍ വിട്ട് സന്ന്യാസം സ്വീകരിക്കാന്‍ ഒരുങ്ങുകയായിരുന്നു. ബ്രൂണോ തിരികെയെത്തി ഒരു വര്‍ഷത്തിനുള്ളില്‍ അദ്ദേഹം സ്‌കൂള്‍ വിട്ടു. അങ്ങനെ ബ്രൂണോ എപ്പിസ്‌കോപ്പല്‍ സ്‌കൂളിന്റെ ഡയറക്ടറായി. കൂടാതെ, ആ രൂപതയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ യെല്ലാം സൂപ്പര്‍വൈസറുമായി.
ഈ ഉത്തരവാദിത്വപ്പെട്ട ജോലിയില്‍ ഇരുപതു വര്‍ഷം ബ്രൂണോ തുടര്‍ന്നു. 1075 മുതല്‍ രൂപതയുടെ ചാന്‍സിലര്‍ സ്ഥാനവും കാനന്‍-ദൈവശാസ്ത്രജ്ഞന്‍ എന്ന പദവിയും കൂടി വഹിക്കേണ്ടിവന്നു. തന്റെ സുഹൃത്ത്, ബിഷപ്പ് ഗര്‍വെയിസിന്റെ മരണത്തോടെ അധികാരത്തില്‍ വന്നത്, ഭൗതികതയില്‍ മുഴുകിയ ഊര്‍ജ്ജസ്വലനായ മനേസ്സിസ് ഒന്നാമനാണ്. പിന്നീട് സസ്‌പെന്റു ചെയ്യപ്പെട്ട ഇദ്ദേഹം പ്രാണരക്ഷാര്‍ത്ഥം നാടുവിടുക യാണ് ചെയ്തത്. എന്നാല്‍, ബ്രൂണോയും ആറു സുഹൃത്തുക്കളും ചേര്‍ന്ന് ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ്, ഭൗതിക സുഖങ്ങള്‍ വെടിഞ്ഞ് സന്ന്യാസം സ്വീകരിക്കാനുള്ള തീരുമാനം എടുത്തിരുന്നു. ഗ്രെനോബിളിലെ ബിഷപ്പായിരുന്ന വി. ഹഗ്ഗിന്റെ സമ്മതത്തോടെ കാര്‍ത്തെയൂസ് എന്ന ഏകാന്ത വനപ്രദേശം ഇവര്‍ കൈക്കലാക്കുകയും അവിടെ 1084-ല്‍ ആദ്യത്തെ ആശ്രമം സ്ഥാപിച്ച് പ്രാര്‍ത്ഥനയും കൈത്തൊഴിലും പഠനവുമായി പുതിയ ജീവിതം ആരംഭിക്കുകയും ചെയ്തു. കര്‍ശനമായ ആത്മസംയമനവും നിശ്ശബ്ദതയും ദാരിദ്ര്യാരൂപിയും അവരുടെ സന്ന്യാസ ജീവിതത്തിന്റെ മുഖമുദ്രയായിരുന്നു. അവര്‍ തമ്മില്‍ കണ്ടുമുട്ടുന്ന അവസരങ്ങള്‍ പോലും പരിമിതമായിരുന്നു. പൊതുവായ ആത്മീയ കാര്യങ്ങള്‍ക്കും ഉല്ലാസത്തിനും വേണ്ടി മാത്രമാണ് അവര്‍ ഒരുമിച്ചു കൂടിയത്. അതായിരുന്നു, പിന്നീട് പ്രസിദ്ധമായ കര്‍ത്തൂസിയന്‍ സന്ന്യാസസഭയുടെ ആരംഭം. പരിശുദ്ധ കന്യകയോട് അവര്‍ക്കു പ്രത്യേക ഭക്തിയുണ്ടായിരുന്നു.
ബ്രൂണോയ്ക്ക് ആറു വര്‍ഷം മാത്രമേ അവിടെ കഴിയാന്‍ സാധിച്ചുള്ളൂ. റെയിംസ് സ്‌കൂളിലെ തന്റെ ശിഷ്യന്മാരിലൊരാളായിരുന്നു പിന്നീട് മാര്‍പാപ്പയായിത്തീര്‍ന്ന അര്‍ബന്‍ രണ്ടാമന്‍. അദ്ദേഹം ബ്രൂണോയെ റോമിലേക്കു ക്ഷണിച്ചുവരുത്തി തന്റെ ഉപദേശകനും ആദ്ധ്യാത്മിക ഗുരുവുമായി നിയമിച്ചു: പോപ്പ് ഗ്രിഗരി ഢകക തുടങ്ങിവച്ച, വൈദികരുടെ ആദ്ധ്യാത്മിക ജീവിതം മെച്ചപ്പെടുത്തുവാനുള്ള ശ്രമങ്ങള്‍ തുടരുവാനാണ് പോപ്പ് അര്‍ബന്‍ രണ്ടാമന്‍ ബ്രൂണോയുടെ സഹായം അഭ്യര്‍ത്ഥിച്ചത്. പക്ഷേ, ആന്റിപോപ്പ് ഗിബര്‍ട്ടിനെയും, യുദ്ധങ്ങളില്‍ വിജയശ്രീലാളിതനായി വന്ന ചക്രവര്‍ത്തി ഹെന്‍ട്രി നാലാമനെയും ചെറുത്തു നില്‍ക്കാന്‍ കഴിയാതെ ദക്ഷിണ ഇറ്റലിയില്‍ അഭയം തേടാന്‍ പോപ്പ് അര്‍ബന്‍ കക നിര്‍ബന്ധിതനായി. ബ്രൂണോ തന്റെ പഴയ ആശ്രമത്തിലേക്കു തിരിച്ചുപോകാനുള്ള അനു വാദം ചോദിച്ചെങ്കിലും തന്റെ വിളിപ്പാടകലെ എവിടെയെങ്കിലും കഴിയുവാനാണ് പോപ്പ് ഉപദേശിച്ചത്. അങ്ങനെയാണ് കലാബ്രിയായില്‍ ഒരു പുതിയ ആശ്രമം സ്ഥാപിച്ചത്. ആ ആശ്രമത്തില്‍ വച്ച് 1101 ഒക്‌ടോബര്‍ 6-ന് ബ്രൂണോ അന്ത്യശ്വാസം വലിച്ചു. അദ്ദേഹം തുടക്കം കുറിച്ച കര്‍ത്തൂസിയന്‍ സഭ അടിയ്ക്കടി വളര്‍ന്നു. ഇരുന്നൂറ്റമ്പതോളം ആശ്രമങ്ങള്‍ വിവിധ സ്ഥലങ്ങളിലായി സ്ഥാപിക്കപ്പെട്ടു.
വി. ബ്രൂണോയെ ഔദ്യോഗികമായി വിശുദ്ധനെന്നു പ്രഖ്യാപിച്ചിട്ടില്ല. കാരണം, കര്‍ത്തൂസിയന്‍സ് എല്ലാവിധ പ്രചരണങ്ങള്‍ക്കും എതിരാണ്. എങ്കിലും, പൈശാചികമായ പീഡകള്‍ സഹിക്കുന്നവരെ രക്ഷപ്പെടുത്താന്‍ വി. ബ്രൂണോയുടെ മാദ്ധ്യസ്ഥ്യം അപേക്ഷിക്കാറുണ്ട്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org