International

മഹായുദ്ധം ജര്‍മ്മനിയെ ധാര്‍മ്മികമായി പാപ്പരാക്കിയെന്നു സഭാനേതാക്കള്‍

Sathyadeepam

യൂറോപ്പില്‍ മാത്രം 5 കോടി മനുഷ്യര്‍ കൊല്ലപ്പെട്ട രണ്ടാം ലോകമഹായുദ്ധം ജര്‍മ്മനിയെ ധാര്‍മ്മികമായി പാപ്പരാക്കിയ സംഭവമായിരുന്നുവെന്ന് ജര്‍മ്മന്‍ കത്തോലിക്കാസഭയുടെയും പ്രൊട്ടസ്റ്റന്‍റ് സഭയുടേയും നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. മഹായുദ്ധം അവസാനിച്ചതിന്‍റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ബര്‍ലിന്‍ കത്തീഡ്രലില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ ജര്‍മ്മന്‍ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ ബിഷപ് ജോര്‍ജ് ബാറ്റ്സിഗും പ്രൊട്ടസ്റ്റന്‍റ് കൗണ്‍സില്‍ പ്രസിഡന്‍റ് ബിഷപ് ഹെയിന്‍റിച്ച് ബെഡ്ഫോര്‍ഡും പങ്കെടുത്തു. ജര്‍മ്മനിയുടെ ഭൂതകാലം അനുസ്മരിക്കുന്ന ചടങ്ങുകള്‍ അവസാനിപ്പിക്കണമെന്ന ആവശ്യം ഇരുസഭാനേതാക്കളും എതിര്‍ത്തു.

അനുസ്മരണചടങ്ങില്‍ ഒരു യഹൂദ വംശജയാണ് ബൈബിള്‍ വായന നടത്തിയത്. യഹൂദരുടെ ഭാഷയായ ഹീബ്രൂവിലുള്ള ഗാനാലാപനവും നടന്നു. ജര്‍മ്മനിയിലെ ഏറ്റവും വലിയ പ്രൊട്ടസ്റ്റന്‍റ് ദേവാലയമായ ബെര്‍ലിന്‍ കത്തീഡ്രല്‍ അനേകം ഭരണാധികാരികളേയും രാജാക്കന്മാരേയും കബറടക്കിയിട്ടുള്ള സ്ഥലം കൂടിയാണ്. ധാരാളം സര്‍ക്കാര്‍ പരിപാടികളും ഇവിടെ നടക്കാറുണ്ട്.

നാസികളുടെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ ജനലക്ഷങ്ങളെ കുരുതി കൊടുത്ത ലോകമഹായുദ്ധത്തിലെ ജര്‍മ്മനിയുടെ ഉത്തരവാദിത്വത്തെ വിസ്മരിക്കുകയോ ആപേക്ഷികവത്കരിക്കുകയോ സാദ്ധ്യമല്ലെന്നു സഭാനേതാക്കള്‍ വ്യക്തമാക്കി. നാം കുറ്റക്കാരാണ്. യൂറോപ്പിനെയാകെയും ലോകത്തിന്‍റെ വലിയൊരു ഭാഗത്തേയും നാം ദുരിതത്തിലേയ്ക്കു തള്ളിയിട്ടു. യുദ്ധത്തിലെ ശത്രുക്കളും വിവരണാതീതമായ ദുരിതങ്ങള്‍ നേരിട്ട യഹൂദ സഹോദരങ്ങളും ജര്‍മ്മനിയിലേയ്ക്കു മടങ്ങുകയും അനുരഞ്ജനത്തിന്‍റെ കരങ്ങള്‍ നീട്ടുകയും ചെയ്തതിനു നമുക്കു കൃതജ്ഞതാഭരിതരാകാം – സഭാനേതാക്കള്‍ ജര്‍മ്മന്‍ ജനതയോടു പറഞ്ഞു.

128 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി

വിശുദ്ധ കുരിശിന്റെ വിജയം (സെപ്തംബര്‍ 14)

ഹ്രസ്വ കഥാപ്രസംഗ മത്സരം: എൻട്രികൾ ക്ഷണിച്ചു

ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കുള്ള ഭവനങ്ങളുടെ ശിലാസ്ഥാപനം നടത്തി

പുതിയ യുഗത്തിന്റെ രണ്ടു യുവ വിശുദ്ധർ