International

വത്തിക്കാന്‍ സാമ്പത്തിക കാര്യാലയത്തില്‍ 6 വനിതകളെ നിയമിച്ചു

Sathyadeepam

വത്തിക്കാന്റെ സാമ്പത്തികകാര്യങ്ങളില്‍ മേല്‍നോട്ടം വഹിക്കുന്നതിനുള്ള കാര്യാലയത്തില്‍ 13 അംഗങ്ങളെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഇവരില്‍ ആറു പേര്‍ വനിതകളാണ്. എല്ലാവരും തന്നെ ബാങ്കിംഗ്, ഫിനാന്‍സ്, അസെറ്റ് മാനേജ്‌മെന്റ്, അന്താരാഷ്ട്ര നിയമ രംഗങ്ങളിലെ വിദഗ്ദ്ധരാണ്. ഒരാള്‍ ബ്രിട്ടനിലെ മുന്‍ മന്ത്രിയുമാണ്. വത്തിക്കാനിലെ സാമ്പത്തികപരിഷ്‌കാരത്തിന്റെ ഭാഗമായി 2014 ലാണു ഫ്രാന്‍സിസ് മാര്‍പാപ്പ സാമ്പത്തിക കാര്യാലയം സ്ഥാപിച്ചത്. റോമന്‍ കൂരിയ, പ. സിംഹാസനത്തിന്റെ വിവിധ സ്ഥാപനങ്ങള്‍, വത്തിക്കാന്‍ സിറ്റി രാഷ്ട്രം തുടങ്ങിയവയുടെ സാമ്പത്തിക ഭരണകാര്യങ്ങളുടെ മേല്‍നോട്ടമാണ് സമിതിയുടെ പ്രധാന ഉത്തരാവാദിത്വം.
എട്ടു കാര്‍ഡിനല്‍മാരും ആറ് അത്മായരും സെക്രട്ടറിയായ ഒരു വൈദികനുമാണ് സമിതി തുടക്കം കുറിയ്ക്കുമ്പോള്‍ ഉണ്ടായിരുന്നത്. ജര്‍മ്മന്‍ കാര്‍ഡിനല്‍ റീയിന്‍ഹാര്‍ഡ് മാര്‍ക്‌സ് ആണ് തുടക്കം മുതല്‍ അദ്ധ്യക്ഷന്‍. ജര്‍മ്മനിയിലെ നിയമ പ്രൊഫസര്‍ ഷാര്‍ലെറ്റ് ക്രൂറ്റര്‍, ജര്‍മ്മന്‍ സഹകരണ ബാങ്ക് അസോസിയേഷന്‍ പ്രസിഡന്റ് മരിയ കോലാക്, അസോറ ക്യാപിറ്റല്‍ പ്രസിഡന്റ് മരിയ ഒസാകര്‍, സ്പാനിഷ് ബാങ്കായ ബാങ്കിയയുടെ ഡയറക്ടര്‍ ഇവാ സാന്‍സ്, ടോണി ബ്ലെയറിനു കീഴില്‍ ബ്രിട്ടീഷ് വിദ്യാഭ്യാസമന്ത്രിയും പിന്നീട് എച്ച്എസ്ബിസി ഗ്ലോബല്‍ അസെറ്റ് മാനേജ്‌മെന്റ് കമ്പനിയില്‍ ഉന്നതോദ്യോഗസ്ഥയുമായ റൂത്ത് മേരി കെല്ലി, ബ്രിട്ടീഷ് രാജകുമാരന്റെ ട്രഷററായിരുന്ന ലെസ്ലി ജെയിന്‍ ഫെറാര്‍ എന്നിവരാണ് വത്തിക്കാന്‍ സാമ്പത്തിക കാര്യാലയത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ച വനിതകള്‍.

മാർ തൂങ്കുഴി സഭയ്ക്കു പുതുദിശാബോധം പകർന്ന ഇടയശ്രേഷ്ഠൻ: എറണാകുളം-അങ്കമാലി അതിരൂപത

എ ഐ യുഗത്തില്‍ മനുഷ്യാന്തസ് കാത്തുസൂക്ഷിക്കുക - ദൈവശാസ്ത്രജ്ഞരോട് മാര്‍പാപ്പ

യുദ്ധത്തോട് 'നോ' പറയുക, സമാധാനത്തോട് 'യെസും'

ഇറാക്കി ക്രൈസ്തവന്‍ ഫ്രാന്‍സില്‍ കൊല്ലപ്പെട്ടു

വിശുദ്ധ ജോസഫ് കൂപ്പര്‍ത്തീനോ (1603-1663) : സെപ്തംബര്‍ 18