2005 ഏപ്രിലില്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട കാര്യം ലോകത്തോടു പ്രഖ്യാപിച്ച കാര്‍ഡിനല്‍ ഹോര്‍ഹെ ആര്‍തുരോ എസ്‌തെവെസ് (94) നിര്യാതനായി. ചിലി സ്വദേശിയാണ്. ത്യാഗനിര്‍ഭരമായ ജീവിതം നയിച്ച പുരോഹിതനും മെത്രാനുമായിരുന്നു കാര്‍ഡിനല്‍ എസ്‌തെവെസ് എന്നും ദൈവത്തിനും സാര്‍വത്രികസഭയ്ക്കും വേണ്ടി ജീവിതം സമര്‍പ്പിച്ചയാളായിരുന്നു അദ്ദേഹമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ അനുസ്മരിച്ചു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ വിദഗ്ദ്ധ അംഗമായി പങ്കെടുത്തിട്ടുള്ള അദ്ദേഹം ഏഴു മാര്‍പാപ്പമാരുടെ ഭരണകാലങ്ങള്‍ വൈദികനെന്ന നിലയില്‍ കണ്ടു. വത്തിക്കാന്‍ ആരാധനാ – കുദാശാ കാര്യാലയത്തിന്റെ അദ്ധ്യക്ഷനായിരുന്നിട്ടുണ്ട്. 1998 ല്‍ കാര്‍ഡിനലായി. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയെ തിരഞ്ഞെടുത്ത കോണ്‍ക്ലേവില്‍ പങ്കെടുത്ത അദ്ദേഹം പ്രോട്ടോഡീക്കന്‍ എന്ന നിലയില്‍ തിരഞ്ഞെടുപ്പു വിവരം പുറംലോകത്തെ അറിയിക്കുകയും പുതിയ മാര്‍പാപ്പയെ സ്ഥാനചിഹ്നങ്ങള്‍ അണിയിക്കുകയും ചെയ്തു.