International

സഭയില്‍ വനിതകളുടെ പങ്കാളിത്തം: സിനഡ് വിളിക്കണമെന്ന് ലാറ്റിനമേരിക്കന്‍ സഭ

Sathyadeepam

സഭയുടെ ജീവിതത്തിലും ദൗത്യത്തിലുമുള്ള വനിതകളുടെ പങ്കാളിത്തത്തെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നതിനു ഒരു സിനഡ് വിളിച്ചു കൂട്ടണമെന്ന് ലാറ്റിനമേരിക്കന്‍ കത്തോലിക്കാ മെത്രാന്മാരുടെ പൊതുസമ്മേളനം മാര്‍പാപ്പയോട് അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ മാസം ചേര്‍ന്ന സമ്മേളനത്തിനൊടുവില്‍ പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഈ ആവശ്യമുള്ളത്.

ലാറ്റിനമേരിക്കയ്ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കമ്മീഷന്‍റെ അംഗീകാരത്തോടെയാണ് ഈ പ്രസ്താവന പുറപ്പെടുവിച്ചിട്ടുള്ളത്. സ്ത്രീകള്‍ക്കെതിരായ മുന്‍വിധികള്‍, വാര്‍പ്പുമാതൃകകള്‍, വിവേചനങ്ങള്‍ എന്നിവയില്‍ നിന്നു കത്തോലിക്കാസഭ മുക്തമാകണമെന്ന് പ്രസ്താവന ആവശ്യപ്പെടുന്നു. സ്ത്രീകളുടെ അന്തസ്സിനെതിരെ ക്രൈസ്തവസമൂഹങ്ങളിലുണ്ടായിട്ടുള്ള എല്ലാ കാര്യങ്ങള്‍ക്കും സ്ത്രീസമൂഹത്തോടു ക്ഷമ ചോദിക്കാനുള്ള ഒരു അജപാലന മാനസാന്തരം സഭയിലുണ്ടാകണം. സ്ത്രീകള്‍ക്കെതിരായ അടിച്ചമര്‍ത്തലിന്‍റേയും അക്രമത്തിന്‍റേയും ചൂഷണത്തിന്‍റേയും എല്ലാത്തരം രൂപങ്ങളെയും തള്ളിപ്പറയാനുള്ള ധീരത ഓരോ രൂപതയും പ്രകടമാക്കണം. ഇടവകകള്‍, രൂപതകള്‍, മെത്രാന്‍ സംഘങ്ങള്‍, റോമന്‍ കൂരിയ എന്നിവിടങ്ങളിലെല്ലാം സ്ത്രീകളുടെ സഹകരണത്തിനുള്ള അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കണം – ലാറ്റിനമേരിക്കന്‍ സഭ ആവശ്യപ്പെടുന്നു.

2018 ഒക്ടോബറിലെ സിനഡ് യുവജനങ്ങളെ കുറിച്ചാണ്. ഈ സിനഡില്‍ വനിതാ പ്രാതിനിധ്യവും ചര്‍ച്ച ചെയ്യപ്പെട്ടേക്കാം. 2021-ലെ സിനഡിന്‍റെ പ്രമേയം വനിതാപ്രാതിനിധ്യം ആകാനുള്ള സാദ്ധ്യത കൂടിവരികയാണ്. ഫ്രാന്‍സിസ് മാര്‍പാപ്പ വനിതകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും അതിനായി നിരവധി നിയമനങ്ങളും മറ്റും നടത്തുകയും ചെയ്തിട്ടുണ്ട്.

ഷിജില്‍ ദാമോദര്‍

പോര്‍ട്ടുഗലിലെ വിശുദ്ധ എലിസബത്ത്  (1271-1336) : ജൂലൈ 4

വചനമനസ്‌കാരം: No.177

മര്യാദ നഷ്ടപ്പെടുന്ന മതപ്രതികരണങ്ങള്‍

പ്രത്യാശ