യുദ്ധത്തില്‍ പങ്കെടുക്കുന്ന ക്രൈസ്തവര്‍ ഗൗരവമായ ആത്മപരിശോധനയ്ക്കു തയ്യാറാകണം : ലിയോ പതിനാലാമന്‍ മാര്‍പാപ്പ

യുദ്ധത്തില്‍ പങ്കെടുക്കുന്ന ക്രൈസ്തവര്‍ ഗൗരവമായ ആത്മപരിശോധനയ്ക്കു തയ്യാറാകണം : ലിയോ പതിനാലാമന്‍ മാര്‍പാപ്പ
Published on

സായുധസംഘര്‍ഷങ്ങളില്‍ ചുമതലകള്‍ വഹിക്കുന്ന ക്രൈസ്തവര്‍, ഗൗരവമായ ആത്മപരിശോധന നടത്താനും കുമ്പസാരിക്കാനുമുള്ള എളിമയും ധീരതയും കാണിക്കുമോ എന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ.

അനുരഞ്ജന കൂദാശയുടെ രംഗത്തു പ്രവര്‍ത്തിക്കുന്ന വൈദികര്‍ക്കുള്ള പരിശീലനത്തിനു റോമിലെത്തിയ വൈദികരോടു സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. അമേരിക്കയും ഇസ്രായേലും ഇറാനും ഉള്‍പ്പെട്ട യുദ്ധത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മാര്‍പാപ്പയുടെ വാക്കുകള്‍.

കുമ്പസാരത്തിലൂടെ ഒരു വ്യക്തിയുടെ ആന്തരിക സമാധാനം പുനഃസ്ഥാപിക്കുകയാണ് ചെയ്യുന്നതെന്നു മാര്‍പാപ്പ ചൂണ്ടിക്കാട്ടി. വ്യക്തിയുടെ ആന്തരിക ഐക്യവും സഭയുമായുള്ള ഐക്യവും സാധ്യമാക്കുന്നതു വഴി കുമ്പസാരം, മാനവകുടുംബത്തിനുള്ളിലും ഐക്യവും സമാധാനവും വളര്‍ത്തുന്നു.

കടിഞ്ഞാണില്ലാത്ത ഉപഭോഗത്വരയോ സത്യത്തോടു ബന്ധമില്ലാത്ത സ്വാതന്ത്ര്യമോ മൂലം ഉണ്ടാകുന്ന നിരാശകള്‍, സുവിശേഷവത്കരണത്തിനുള്ള അവസരം നല്‍കുന്നുണ്ട്. കുമ്പസാരം ദൈവവുമായും സഭയുമായുള്ള അനുരഞ്ജനവും സാധ്യമാക്കുന്നു - മാര്‍പാപ്പ വിശദീകരിച്ചു.

അനേകം ക്രൈസ്തവര്‍ ഇന്ന് കുമ്പസാരം നടത്തുന്നില്ലെന്നും സഭ നല്‍കുന്ന കരുണയുടെ അനന്തമായ സ്രോതസ് ആളുകള്‍ വേണ്ട വിധത്തില്‍ പ്രയോജനപ്പെടുത്തുന്നില്ലെന്നു മാര്‍പാപ്പ പറഞ്ഞു.

logo
Sathyadeepam Online
www.sathyadeepam.org