ഇസ്രായേല്‍ പലസ്തീന്‍ സംഘര്‍ഷം അവസാനിപ്പി ക്കുന്നതിന് ദ്വിരാഷ്ട്രപരിഹാരം ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളെക്കുറിച്ച് ലിയോ പതിനാലാമന്‍ മാര്‍പാപ്പ ഇസ്രായേല്‍ പ്രസിഡന്റ് ഇസഹാക്ക് ഹെര്‍സോഗുമായി ചര്‍ച്ച നടത്തി.
പലസ്തീന്‍ ജനതയുടെ ഭാവി ഉറപ്പാക്കേണ്ടതിനെക്കുറിച്ചും മേഖലയില്‍ സമാധാനവും സുസ്ഥിരതയും സ്ഥാപിക്കേണ്ടതിനെക്കുറിച്ചും മാര്‍പാപ്പ വത്തിക്കാനില്‍ നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയില്‍ ഇസ്രായേല്‍ പ്രസിഡന്റിനോട് പറഞ്ഞതായി വത്തിക്കാന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, വിദേശകാര്യ സെക്രട്ടറി എന്നിവരെയും ഇസ്രായേല്‍ പ്രസിഡന്റ് സന്ദര്‍ശിച്ചു.
ഇസ്രായേല്‍ പ്രസിഡന്റുമായി ലിയോ പതിനാലാമന്‍ മാര്‍പാപ്പ നടത്തുന്ന ആദ്യത്തെ സ്വകാര്യ സംഭാഷണം ആയിരുന്നു ഇത്. സംഭാഷണങ്ങള്‍ പുനരാരംഭിക്കുക, സുസ്ഥിരമായ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുക, ഇസ്രായേലി ബന്ധികളെ വിട്ടയക്കുക, ഗാസയിലേക്ക് സഹായങ്ങള്‍ എത്തിക്കുക എന്നിങ്ങനെയുള്ള നിരവധി വിഷയങ്ങള്‍ സംഭാഷണത്തില്‍ ഉയര്‍ന്നു വന്നതായി വത്തിക്കാന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
സാധാരണ രാഷ്ട്രത്തലവന്മാര്‍ മാര്‍പാപ്പയെ സന്ദര്‍ശിക്കുമ്പോള്‍ പ്രസിദ്ധീകരിക്കാറുള്ളതില്‍ നിന്ന് ഭിന്നമായി വളരെ ദീര്‍ഘമായ പത്രക്കുറിപ്പാണ് ഇസ്രായേല്‍ പ്രസിഡന്റിന്റെ സന്ദര്‍ശനം കഴിഞ്ഞു വത്തിക്കാന്‍ പ്രസ് ഓഫീസ് നല്‍കിയത്.