കൊച്ചിയിലെ കപ്പലൊച്ചകൾ [05]

പ്രാണന്‍ പൊടിഞ്ഞത് കടലില്‍ നിന്നുമാണത്രേ! കടലോളം കൊണ്ടുനടക്കുന്ന ഓര്‍മ്മകളിലാണ് ഓരോ മനുഷ്യന്റെയും പ്രാണന്‍.
കൊച്ചിയിലെ കപ്പലൊച്ചകൾ [05]
Published on
  • നോവലിസ്റ്റ്: എൻ ഹാലിയ

  • ചിത്രീകരണം : ബാവുൽ

കഞ്ചാവിന്റെ പേരില്‍ സല്‍പ്പേരിനു കളങ്കം വന്നല്ലോ എന്നോര്‍ത്തുള്ള കരച്ചില്‍ കൂടിയാണ് കൊച്ചിയിലെ കപ്പലൊച്ചകള്‍. ആഘോഷങ്ങളുടെ ദിവസങ്ങളില്‍, അതിപ്പോ ഓണമാണെങ്കിലും ക്രിസ്മസാണേലും ന്യൂ ഇയര്‍ ആണേലും കൊച്ചിയില്‍ രാവും പകലും പൊലീസ് പട്രോളിംഗ് തകൃതിയായി നടക്കും. ഇടയ്ക്ക് ചിന്തിച്ചിട്ടുണ്ട്, കൊച്ചിക്കെന്താണ് ഇത്രയ്ക്ക് ലഹരിയെന്ന്. കാടുപോലെ പ്രകൃതി പടര്‍ന്നുകേറിയ റെയില്‍വേ സ്‌റ്റേഷനുകളുടെ മൂലകളിലും, പൊരിവെയിലില്‍ ഓടിത്തളര്‍ന്ന സര്‍ക്കാര്‍ ബസ്സുകളുടെ കൂര്‍ക്കം വലിക്കലിനുള്ള കുടുസ്സിടങ്ങളിലും, കപ്പല്‍ ചാലുകളിലൂടെയും കായല്‍പ്പരപ്പിലൂടെയുമോടി തളര്‍ന്ന ബോട്ടുകള്‍ തളയ്ക്കപ്പെട്ട ഇരുളിമയിലും കൊച്ചി കനത്ത ലഹരിയിലേക്ക് കൂപ്പ് കുത്തുകയായിരുന്നു. തെരുവുകള്‍ തോറും ടോര്‍ച്ചടിച്ച് നോക്കി കടന്നുപോയ നിയമപാലകരിലാരും തന്നെ കൊച്ചിയുടെ ലഹരിയിടങ്ങളിലേക്ക് എത്തിനോക്കാറില്ല. ഇരവിലും പകലിലും പാതിമയക്കത്തിലായ കൊച്ചിയുടെ കുഞ്ഞുങ്ങള്‍ക്കെതിരെ പടപൊരുതാന്‍ നേരമില്ലാഞ്ഞിട്ടല്ല. അവരുടെ ഞരമ്പുകളില്‍ ത്രസിക്കുന്ന ലഹരിയുടെ പൊള്ളല്‍ പലതവണയേറ്റത്തിന്റെ പാടുകള്‍ നിയമപാലകരുടെ ഓര്‍മ്മകളില്‍ തടിച്ച് കിടക്കുന്നുണ്ട്. കൊച്ചിയുടെ തെരുവുകളില്‍ ലഹരി പടരുന്നതിന് ഒരു പെരിയ കാരണം ഒന്ന് മാത്രമാണ്. കൊച്ചിയുടെ വീടുകളില്‍ പടരേണ്ട സ്‌നേഹത്തിന്റെ ലഹരിക്കോപ്പകളില്‍ ചിലത് ശൂന്യമാണ് ചിലത് ഉടഞ്ഞതാണ്. ഈ സ്‌നേഹോണ്ടല്ലാ, അതിന്റെ ലഹരി കിട്ടാണ്ടായാല്‍ പിന്നെ ഒരുപ്പോക്കാകും, അതിപ്പോ നാട്ടിലെ കൊച്ചിയാണേലും ജപ്പാനിലെ കൊച്ചിയാണേലും.

അധ്യായം 05 - [ഭൂതകാലക്കുളിര്‍]

കണ്ണ് കലങ്ങുന്നത് ഒരാളും കാണാതിരിക്കാന്‍ വേണ്ടിയാകും കെവിന്‍ പിന്നീട് പറഞ്ഞത് മുഴുവനും ചതഞ്ഞരഞ്ഞു കിടക്കുന്ന ആ പൂക്കളെയും ചെടികളെയും കയ്യില്ലെടുത്തും കൊട്ടിയും കുടഞ്ഞുമൊക്കെയാണ്. ''ഞങ്ങടെ വീടിന്റ മുറ്റത്ത് ഇത് കൊറേ ഉണ്ട് സാറേ... എവിടെ പോയാലും ഇതിന്റെ കൊമ്പോ തയ്യോ കണ്ടാല്‍ അപ്പന്‍ അത് പറിച്ചോണ്ടു വരും... അപ്പനറിയാം അമ്മയ്ക്ക് ഇത് ഭയങ്കര ഇഷ്ടമാ ണെന്ന്. എ... ഞാനീ ജയിലിന്നകത്ത് വന്നു കയറിയതിന്റെ പിറ്റേന്നാണ് ഒരു ചെറിയ പാരിജാതം ദേ ഈ മുറ്റത്ത് ഇങ്ങനെ നില്‍ക്കണത് ഞാന്‍ കണ്ടത്... നെഞ്ചിടിപ്പ് നിന്ന് പോയി സാറേ കൊറേ നേരത്തേക്ക്. ന്റെ വീടിന്റെ മണമാണ് സാറേ ഇതിന്. അന്ന് തുടങ്ങീതാ സാറേ ഈ പൂവും ചെടീം, തോട്ടവും നനയുമൊക്കെ. എനിക്കിത് എന്റെ വീടാണ് സാറേ... രാവിലെ എണീറ്റ് ഇങ്ങോട്ട് വരുമ്പോള്‍ വീടിന്റെ മുറ്റത്തേക്കിറങ്ങണ പോലെയാ... ഉള്ളില്‍ ഇങ്ങനെയൊക്കെ കൊറേ കാര്യങ്ങള്‍ ഉണ്ട് സാറേ അതാ ഇന്ന് കയ്യീന്ന് പോയത്... പുറത്ത് ഒരു ലോകമില്ലാത്തവര്‍ക്കൊക്കെ ഉള്ളിലല്ലേ സാറേ ലോകം.''

നീണ്ട വര്‍ഷങ്ങള്‍ക്കുശേഷം കെവിന്റെ ഉള്ളിലെവിടെയോ സ്‌നേഹിക്കപ്പെടുന്നതിന്റെ നനവ് പടര്‍ന്നു.

ചെളി പിടിച്ച മുണ്ടിന്റെ തല കൊണ്ട് കെവിന്‍ മുഖം തുടച്ചിട്ട് കെവിന്‍ അല്‍പം ദൂരേക്ക് മാറി നിന്നുകൊണ്ട് മണ്‍വെട്ടിയെടുത്ത് വെട്ടാന്‍ തുടങ്ങി. പൊലീസുകാരിലൊരാള്‍ ചെന്ന് മാധവന്‍ സാറിന്റെ കാതില്‍ എന്തോ പറയുന്നത് സിസ്റ്ററും മേഘയും ജനലില്‍ നിന്നു കണ്ടു. മാധവന്‍ സാര്‍ പോയി കെവിനോട് അത് പറയുകയും കെവിന്‍ അരികിലുള്ള പൈപ്പിന്റെ ചുവട്ടില്‍ ചെന്നു നിന്ന് കൈയും മുഖവും കഴുകി ജയില്‍ മുറികളുടെ ഭാഗത്തേക്കുപോയി. കുറച്ചുനേരത്തിനുശേഷം മുഷിഞ്ഞ ഡ്രസ്സ് മാറി മറ്റൊരു യൂണിഫോം ഇട്ടു കൊണ്ട് സിസ്റ്റര്‍ റൂഹും മേഘയും ഇരുന്ന ആ വലിയ മുറിയിലേക്ക് കെവിന്‍ നടന്നു.

മുറിയിലെ കസേരയില്‍ മേഘയും സിസ്റ്ററും കെവിനെ നോക്കി ഇരിക്കുകയാണ്. ആരുടേയും മുഖത്ത് നോക്കാതെ കെവിന്‍ ആ മുറിയിലേക്ക് കയറിച്ചെന്ന് അവരുടെ അരികില്‍ നിന്നു. കസേരയില്‍ ഇരുന്നുകൊണ്ട് മേഘ കെവിനെ മൊത്തത്തില്‍ ഒന്ന് നോക്കിക്കൊണ്ട് ചോദിച്ചു.

''ഒരു വലിയ അടി വീണ ലക്ഷണമൊന്നും തന്നെ കണ്ടിട്ട് തോന്നണില്ലല്ലോ കെവിനേ? പപ്പ വെറുതെ അടിച്ചുവിട്ടതാണല്ലേ?''

''അതിനു എന്നെ ആരും അടിച്ചില്ല... ഞാനാണ് അടിച്ചത്...''

ഇരുന്നിരുന്ന കസേരയില്‍ നിന്നും എഴുന്നേറ്റിട്ട് ''എന്റെ ദൈവമേ... എനിക്കിനി മരിച്ചാല്‍ മതി... ആ വായൊന്നു തുറന്നല്ലോ... ആദ്യമായിട്ടാ ഇത്ര പെട്ടെന്നൊക്കെ ഒരു മറുപടി കിട്ടുന്നത്... ഇന്നേതായാലും രാശിയുള്ള ദിവസമാണ്... ഏതായാലും ഉര്‍വശി ശാപം ഉപകാരം... അടി വീണത് നന്നായി...''

മേഘ ചെറുതായിട്ടൊന്ന് ചിരിച്ചു..

''ഒന്നും രണ്ടും ദിവസമൊന്നുമല്ല കെവിനേ.... ഏതാണ്ട് ഒന്നൊന്നര കൊല്ലമായി തന്റെ ഈ വായൊന്നു തുറന്നു കിട്ടാന്‍...''

''ആറു കൊല്ലം... ഒന്നര കൊല്ലത്തേക്കാള്‍ നീളമുണ്ട് മേഘാ ആറു കൊല്ലത്തിന്...'' മേഘയെ കൊണ്ട് ഒന്നും പറഞ്ഞു തീര്‍ക്കാന്‍ അനുവദിക്കാതെ കെവിന്‍ ഇടയ്ക്ക് കയറി പറഞ്ഞു.

''നിങ്ങളൊക്കെ ഒരു കാര്യം മനസ്സിലാക്കണം, ഇവിടെ വന്നു കയറിയ നാളില്‍ തന്നെ എനിക്ക് മനസ്സിലായ ഒരു കാര്യമുണ്ട്. ഇതിനകത്ത് കിടക്കുമ്പോള്‍ ഞങ്ങളൊക്കെ എത്ര വാ തുറന്നിട്ടും മനസ്സ് തുറന്നിട്ടും ഒരു കാര്യവുമില്ല.''

കെവിന്‍ തന്റെ പേര് വിളിച്ചതു കേട്ട് ഞെട്ടിപ്പോയ മേഘ കെവിനോട് ആശ്ചര്യത്തോടെ ചോദിച്ചു.

''എന്റെ പേരൊക്കെ തനിക്ക് അറിയാമോ... അത് കൊള്ളാലോ. കെവിന്‍ ഇവിടെ ആരോടും താന്‍ മനസ്സ് തുറക്കണ്ട... എന്നോട് പറഞ്ഞൂടെ... പുറത്തുള്ള ഈ ലോകത്തോട് പറഞ്ഞൂടെ...?''

''കഴിഞ്ഞ ആറു കൊല്ലത്തിനിടയ്ക്ക് എന്നെ കാണാന്‍ വന്ന ഒരേ ഒരാള്‍ നിങ്ങളാണ്... അപ്പോ പിന്നെ ആ ആളുടെ പേര് ഓര്‍ത്തു വയ്ക്കാന്‍ വല്യ പാടൊന്നുമില്ലല്ലോ. പിന്നെ, നിങ്ങളോടെന്നല്ല... ഒരാളോടും പറയാന്‍ താല്‍പര്യമില്ല...''

കെവിന്റെ വാക്കുകള്‍ കേട്ട സിസ്റ്റര്‍ റൂഹ് തന്റെ കസേര പുറകോട്ടു വലിച്ചു നീക്കികൊണ്ടാണ് തെല്ലരിശത്തോടെ എഴുന്നേറ്റ് കെവിന്റെ അരികിലേക്ക് വന്നത്.

''കഴിഞ്ഞ ആറു കൊല്ലത്തിനിടയ്ക്ക് കെവിനെ കാണാന്‍ എത്ര തവണ കെവിന്റെ അമ്മ വന്നു എന്നറിയോ... ഞാന്‍ എത്ര തവണ വന്നു എന്നറിയോ... കെവിന്‍ ഒരു പ്രാവശ്യമെങ്കിലും ഒന്ന് കാണാന്‍ സമ്മതിച്ചിരുന്നെങ്കില്‍ ഇത്രയൊന്നും കാലം ഇങ്ങനെ കഴിയേണ്ടി വരില്ലാര്‍ന്നു...''

സിസ്റ്റര്‍ റൂഹിന്റെ കണ്ണ് നിറയുന്നു...

''നീ ഈ പറഞ്ഞ ഈ ആറു കൊല്ലം നിന്റെ അമ്മയും വീട്ടുകാരും ഞങ്ങളുമൊക്കെ എങ്ങനെ ആയിരുന്നുവെന്നു നിനക്കറിയില്ല... പക്ഷേ എനിക്കറിയാം... കൊല്ലം കൊറേ ആയില്ലേടാ നിന്റെയൊക്കെ കൂടെ ഞങ്ങളും ജീവിക്കുന്നത്... സ്വന്തം കൂടെപ്പിറപ്പിനെ പോലെ അല്ലേടാ നമ്മളൊക്കെ ജീവിച്ചത്...?''

വിതുമ്പലുകള്‍ കരച്ചിലിന് വഴി മാറുന്നു. സിസ്റ്റര്‍ റൂഹിന്റെ മുഖത്തു തന്നെ നോക്കി കെവിന്‍ അങ്ങനെ തന്നെ ഇരുന്നു... പിന്നെ എഴുന്നേറ്റ് അരികിലേക്ക് നടന്നു ചെന്നു... സിസ്റ്ററുടെ കയ്യില്‍ പിടിച്ചു കൊണ്ട് പറഞ്ഞു.

''എന്നെക്കൊണ്ട് പറ്റണ്ടേ... ചെറിയ കാര്യമൊന്നുമല്ലല്ലോ ഒരാളെ കൊല്ലുന്നത്.''

കെവിന്റെ കണ്ണ് കലങ്ങുന്നു... സ്വരം മുറിയുന്നു...

''അമ്മയുടെ നിലവിളി കാതില്‍ നിന്ന് പോയിട്ടില്ല സിസ്റ്ററെ... ഇവിടെ എല്ലാരും എന്നോട് ചോദിക്കണുണ്ട്... അടുത്ത മാസം വീട്ടില്‍ പോകാല്ലോ സന്തോഷായില്ലേ എന്നൊക്കെ... എനിക്കറിയില്ല സിസ്റ്ററെ... ഞാന്‍ ഇനി എങ്ങോട്ടാണ് പോകേണ്ടതെന്ന്... ഞാന്‍ എങ്ങനെയാ എന്റെ വീട്ടിലേക്കു പോകുന്നത്... വീടും നാടുമൊക്കെ കയ്യീന്ന് പോയി സിസ്റ്ററെ...''

''ഒന്നും പോയിട്ടില്ല കെവിനേ... ഒന്നും പോകേമില്ല... നിന്നെ കേള്‍ക്കാന്‍ ഇതിനകത്തു മാത്രേ ആളുകളില്ലാതുള്ളൂ... നിന്നെ ഈ ലോകം കേള്‍ക്കും... കേള്‍ക്കണം.'' സിസ്റ്റര്‍ റൂഹ് കെവിനെ ചേര്‍ത്തുപിടിച്ചു.

''കെവിന്‍ ഇനി ഞങ്ങളോട് നോ പറയരുത്.... കെവിന്‍ ഒരു ഒരു ചെറിയ കഥ പറയും പോലെ പറഞ്ഞാല്‍ മതി... കെവിന്റെ കഥ... കെവിന്റെ വീടിന്റെ... പപ്പയുടെ, അമ്മയുടെ, അനിയത്തിയുടെ കൂട്ടുകാരുടെ... പെട്ടെന്നൊന്നും വേണ്ട... ആഗസ്റ്റ് പതിനഞ്ചിന് നമുക്ക് ഇവിടെയൊരു പ്രോഗ്രാം ഇല്ലേ... അന്ന് പറഞ്ഞാല്‍ മതി...''

മേഘയുടെ ആവേശം നിറഞ്ഞുള്ള പറച്ചില്‍ കേട്ട് കെവിന്‍ മിണ്ടാതിരിക്കുന്നേയുള്ളൂ. സിസ്റ്റര്‍ റൂഹ് കെവിനെ ഒന്നൂടെ ചേര്‍ത്തു നിര്‍ത്തിക്കൊണ്ട് പറഞ്ഞു.

''ഇത്രയും നാള്‍ നീ ആരോടും ഒന്നും മിണ്ടാതെയും പറയാതെയും നടന്നില്ലേടാ... എന്നിട്ട് ആര്‍ക്കെങ്കിലും എന്തെങ്കിലും ഉപകാരമുണ്ടായോ? ഇനിയും ആര്‍ക്കു വേണ്ടിയാണ് നീ ഇങ്ങനെ ബലം പിടിച്ച്? കെവിനേ... നീ ഒരാള് മിണ്ടാതിരുന്നാല്‍ ഇവിടെ ആര്‍ക്കും ഒന്നും കിട്ടാനും പോണില്ല നഷ്ടപ്പെടാനും പോണില്ല... പക്ഷേ നീ നിന്റെ ജീവിതം പറഞ്ഞാല്‍... നിന്നെ പോലുള്ള ഒരാളുപോലും ഇനി ഇതുപോലെയുള്ള സ്ഥലത്തേക്ക് വരില്ല.''

നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷം കെവിന്റെ ഉള്ളിലെവിടെയോ സ്‌നേഹിക്കപ്പെടുന്നതിന്റെ നനവ് പടര്‍ന്നു. പണ്ടും അങ്ങനെയാര്‍ന്നു. അകത്ത് കയറാന്‍ പറ്റാത്ത രീതിയില്‍ സ്വന്തം വീട്ടില്‍ കണ്ണീര്‍കടല് പൊങ്ങിയപ്പോളൊക്കെ ഓടിക്കയറാന്‍ സിസ്റ്റര്‍ റൂഹിനെപോലുള്ള കുറച്ച് കന്യാസ്ത്രീകള്‍ താമസിച്ചിരുന്ന ആ കോണ്‍വെന്റ് മാത്രേ അവനുണ്ടാര്‍ന്നുള്ളൂ, അവനു മാത്രമല്ല അവിടെയുള്ള എല്ലാവര്‍ക്കും. ജനിപ്പിച്ച അമ്മമാരേക്കാള്‍ കെവിനും കൂട്ടുകാരുമൊക്കെ അമ്മേ എന്ന് വിളിച്ചിട്ടുള്ളത് അവിടുത്തെ കന്യാസ്ത്രീമാരെയാണ്. വിശന്നപ്പോള്‍ ഓടിക്കയറിയത് അവരുടെ മഠത്തിലേക്കും, പേടിച്ചപ്പോള്‍ പിടി മുറുക്കിയത് അവരുടെ വെള്ളയുടുപ്പിലുമായിരുന്നു. സിസ്റ്റര്‍ റൂഹിന്റെ കൈ പിടിച്ച് ഒരുമ്മ കൊടുത്ത് കെവിന്‍ തിരികെ നടക്കുമ്പോള്‍ സിസ്റ്റര്‍ റൂഹിന്റെ കൈകളും മേഘയുടെ കണ്ണുകളും നിറഞ്ഞിരുന്നു.

സ്വന്തം ജയില്‍ മുറിയിലേക്ക് കെവിന്‍ നടക്കുമ്പോള്‍ ഭൂതകാലത്തിന്റെ വാതിലുകള്‍ മലര്‍ക്കെ തുറന്നുകൊണ്ടു പാരിജാതത്തിന്റെ പൂക്കള്‍ പടര്‍ന്ന് കിടക്കുന്ന ഒരു മുറ്റത്തേക്ക് ഓര്‍മ്മകളുടെ സൗരഭ്യം മെല്ലെ പടര്‍ന്നിറങ്ങി.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org