International

ആനുപാതികമല്ലാത്ത തീവ്രചികിത്സ നിറുത്തുന്നത് ധാര്‍മ്മികമായി ന്യായമാണ് : ഫ്രാന്‍സിസ് മാര്‍പാപ്പ

Sathyadeepam

രോഗങ്ങള്‍ക്ക് ആനുപാതികമെന്നു പറയാവുന്നതിനപ്പുറമുള്ള അതിതീവ്രമായ ചികിത്സാക്രമങ്ങള്‍ വേണ്ടെന്നും തുടരേണ്ടെന്നും തീരുമാനിക്കുന്നത് ധാര്‍മ്മികമായി ന്യായമാണെന്നും ഇതു കാരുണ്യവധമായി പരിഗണിക്കേണ്ടതില്ലെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ വിശദീകരിച്ചു. വത്തിക്കാനില്‍ ലോക വൈദ്യശാസ്ത്ര സംഘടനയുടെ യോഗത്തിനയച്ച സന്ദേശത്തിലാണ് മാര്‍പാപ്പ ഈ നിലപാടു വ്യക്തമാക്കിയത്. 'ജീവിതാന്ത്യം' ആയിരുന്നു സമ്മേളനത്തിന്‍റെ പ്രമേയം. രോഗിയുടെ അവസ്ഥ, അയാളുടെ ശാരീരികവും ധാര്‍മ്മികവുമായ വിഭവസ്രോതസ്സ് എന്നിവ പരിഗണിക്കുന്ന ഒരു മാനദണ്ഡമാകണം ഇതിനുപയോഗിക്കേണ്ടതെന്നു 1980-ലെ വിശ്വാസകാര്യാലയത്തിന്‍റെ ഒരു രേഖയെ ഉദ്ധരിച്ചു മാര്‍പാപ്പ വ്യക്തമാക്കി.

വ്യക്തിയുടെ സമഗ്രനന്മയ്ക്കുപകരിക്കാത്ത, ശക്തമായ ഫലങ്ങളുള്ള ചികിത്സാവിധികള്‍ അടിച്ചേല്‍പിക്കാനുള്ള പ്രലോഭനം ഇന്നുള്ളതിനാല്‍ ഉയര്‍ന്ന ജ്ഞാനം ഇക്കാര്യത്തില്‍ പ്രകടമാക്കേണ്ടതുണ്ടെന്നു മാര്‍പാപ്പ വിശദീകരിച്ചു. ലൗകികജീവിതത്തിന്‍റെ അന്ത്യത്തോടു ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ വൈദ്യശാസ്ത്രവും ശാസ്ത്രവും നേടിയ പുരോഗതി മാര്‍പാപ്പ വിലയിരുത്തി. നിരവധി രോഗങ്ങള്‍ ഉന്മൂലനം ചെയ്യാനും ആരോഗ്യം വര്‍ദ്ധിപ്പിക്കാനും മനുഷ്യരുടെ ജീവിതദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കാനും വൈദ്യശാസ്ത്രത്തിന്‍റെ വളര്‍ച്ച സഹായിച്ചിട്ടുണ്ട്. ഈ വികസനങ്ങള്‍ ഗുണകരമായിരിക്കുമ്പോള്‍ തന്നെ, മുന്‍കാലത്ത് അചിന്ത്യമായിരുന്ന മാര്‍ഗങ്ങളിലൂടെ ജീവിതം നീട്ടിയെടുക്കുന്നതിനും ഇന്നു സാദ്ധ്യമായിരിക്കുന്നു. മനുഷ്യശരീരത്തിലെ വൈദ്യശാസ്ത്ര ഇടപെടലുകള്‍ കൂടുതല്‍ കാര്യക്ഷമമായിരിക്കുന്നു. എന്നാല്‍ അവ എല്ലായ്പോഴും പ്രയോജനകരമല്ല. ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതുപോലെയല്ല ഇത്. എല്ലാ സാഹചര്യത്തിലും എല്ലാ ചികിത്സകളും ചെയ്യാനുള്ള ബാദ്ധ്യത നമുക്കില്ല. ചിലതിന്‍റെ ഉപയോഗത്തില്‍ നിന്നു വിട്ടുനില്‍ക്കുക അനുവദനീയമാണ്. നമ്മുടെ മര്‍ത്യതയുടെ പരിമിതികളെ അംഗീകരിക്കുന്നതാണ് ഈ തീരുമാനം – മാര്‍പാപ്പ വിശദീകരിച്ചു.

ഇത്തരം സാഹചര്യങ്ങളില്‍ മരണത്തിനു കാരണമാകുകയല്ല നാം ചെയ്യുന്നത്, മറിച്ച് മരണത്തെ തടഞ്ഞു നിറുത്താനുള്ള നമ്മുടെ കഴിവില്ലായ്മയെ അംഗീകരിക്കുക മാത്രമാണെന്ന് കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥത്തില്‍ പറഞ്ഞിട്ടുണ്ട്. ആനുപാതികമല്ലാത്ത, അതിതീവ്ര ചികിത്സകള്‍ ഒഴിവാക്കുന്നത് കാരുണ്യവധത്തില്‍ നിന്നു തികച്ചും വ്യത്യസ്തമാണ്. ചികിത്സാവേളയില്‍ ഇതെല്ലാം വിലയിരുത്തുക തികച്ചും പലപ്പോഴും വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെന്നത് അംഗീകരിക്കാതെ വയ്യ. ഒരു വൈദ്യശാസ്ത്ര ചികിത്സ ആനുപാതികമാണോ എന്നറിയാന്‍ ഒരു പൊതുചട്ടത്തിന്‍റെ യാന്ത്രികമായ പ്രയോഗം കൊണ്ടു സാദ്ധ്യമല്ലെന്നും സാഹചര്യങ്ങളും അതിലുള്‍പ്പെട്ടിരിക്കുന്നവരുടെ ഉദ്ദേശ്യങ്ങളും ശ്രദ്ധാപൂര്‍വം വിവേചിച്ചറിയണമെന്നും മാര്‍പാപ്പ പറഞ്ഞു.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം