International

ശാസ്ത്രജ്ഞാനം മാനവസേവനത്തിന് ഉപയോഗിക്കുക : ഫ്രാന്‍സിസ് മാര്‍പാപ്പ

Sathyadeepam

ശാസ്ത്രജ്ഞാനം സമൂഹത്തില്‍ അവഗണിക്കപ്പെടുന്ന മനുഷ്യരുടെ സേവനത്തിനു വേണ്ടി ഉപയോഗിക്കണമെന്നു ശാസ്ത്രജ്ഞന്മാരോടു ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടു. ശാസ്ത്രഗവേഷണങ്ങള്‍ ധാര്‍മ്മികതയുടെ തത്വങ്ങള്‍ പിന്തുടര്‍ന്നാല്‍ മാത്രം പോരെന്നും അറിവിന്‍റെ ഉപവി എന്നു വി. പോള്‍ ആറാമന്‍ പാപ്പ വിശേഷിപ്പിച്ച തരത്തിലുള്ള ഭാവാത്മകമായ സേവനത്തിനു ശാസ്ത്രം മുന്നിട്ടിറങ്ങണമെന്നും മാര്‍പാപ്പ വ്യക്തമാക്കി. പൊന്തിഫിക്കല്‍ ശാസ്ത്ര അക്കാദമിയുടെ വാര്‍ഷികയോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.

സമൂഹത്തില്‍ ശാസ്ത്രത്തിന്‍റെ പരിവര്‍ത്തനദൗത്യമായിരുന്നു സമ്മേളനത്തിന്‍റെ മുഖ്യചര്‍ച്ചാവിഷയം. ആധുനിക സമൂഹത്തിന്‍റെ വെല്ലുവിളികളെ നേരിടാന്‍ അറിവിനെ ഉപയോഗിക്കുക എന്ന ആശയത്തെ ഉപജീവിച്ചു ചര്‍ച്ചകള്‍ നടത്തുന്നതിനു പൊന്തിഫിക്കല്‍ അക്കാദമിയെ മാര്‍പാപ്പ പ്രശംസിച്ചു. നാം പ്രഘോഷിക്കുന്ന സാര്‍വത്രികാവകാശങ്ങള്‍ എല്ലാവര്‍ക്കും യാഥാര്‍ത്ഥ്യമായി മാറണം. ഈ ലക്ഷ്യത്തിലേയ്ക്കുള്ള പാതയിലെ തടസ്സങ്ങളെ തകര്‍ക്കുന്നതിനു നിര്‍ണായകസംഭാവനകള്‍ നല്‍കാന്‍ ശാസ്ത്രത്തിനു സാധിക്കും. എല്ലാ ജനങ്ങള്‍ക്കും പ്രയോജനപ്പെടുന്ന ഗവേഷണങ്ങള്‍ നടത്താന്‍ ശാസ്ത്രജ്ഞര്‍ തയ്യാറാകണം. ഭൂമിയിലെ എല്ലാ മനുഷ്യര്‍ക്കും ഭക്ഷിക്കുവാനും കുടിക്കുവാനും സൗഖ്യം പ്രാപിക്കാനും വിദ്യ നേടാനുമുള്ള സാഹചര്യം ശാസ്ത്രം സജ്ജമാക്കണം – മാര്‍പാപ്പ വിശദീകരിച്ചു.

രാഷ്ട്രീയ, സാമ്പത്തിക മേഖലകള്‍ക്ക് ആഴമേറിയ ഉപദേശങ്ങള്‍ നല്‍കാനും ശാസ്ത്രലോകം തയ്യാറാകണമെന്നു മാര്‍പാപ്പ നിര്‍ദേശിച്ചു. ഭൂമിയോടുള്ള ആദരവ് പാലിച്ചുകൊണ്ടും ദരിദ്രരെ പ്രത്യേകം കരുതിക്കൊണ്ടും പൊതുനന്മ ലക്ഷ്യമാക്കി പുരോഗമിക്കേണ്ടത് എപ്രകാരമെന്നു മറ്റു മേഖലകള്‍ക്കു ശാസ്ത്രം ഉപദേശം നല്‍കണം. ആണവായുധങ്ങളില്ലാത്ത ലോകം സാദ്ധ്യമാക്കുക എന്നതും ശാസ്ത്രത്തിന്‍റെ ഒരു ലക്ഷ്യമാകണം. നിരായുധീകരണത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ കുറഞ്ഞു വരികയാണ്. അധികാരപദവികളിലിരിക്കുന്നവര്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമാണിത് – മാര്‍പാപ്പ വിശദീകരിച്ചു.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം