ജൂബിലി വാതില്‍ അടയുമ്പോഴും കൃപയുടെ ദൈവഹൃദയം അടയുന്നില്ല: കര്‍ദ്ദിനാള്‍ മാക്‌റിസ്‌കാസ്

ജൂബിലി വാതില്‍ അടയുമ്പോഴും കൃപയുടെ ദൈവഹൃദയം അടയുന്നില്ല: കര്‍ദ്ദിനാള്‍ മാക്‌റിസ്‌കാസ്
Published on

ജൂബിലി വര്‍ഷത്തിന്റെ സമാപനത്തിനു മുന്നോടിയായി, റോമിലെ വി. മേരി മേജര്‍ ബസിലിക്കയുടെ വിശുദ്ധ വാതില്‍ അടയ്ക്കപ്പെട്ടു. ഡിസംബര്‍ 25-ന് വൈകുന്നേരം അഞ്ചുമണിയോടെ കത്തീഡ്രല്‍ ആര്‍ച്ച്പ്രീസ്റ്റായ കര്‍ദ്ദിനാള്‍ മാക്‌റിസ്‌കാസ് ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ജൂബിലി വര്‍ഷത്തിന്റെ സമാപനച്ചടങ്ങുകളില്‍ ആദ്യത്തേതായിരുന്നു ഡിസംബര്‍ 25-ന് വൈകുന്നേരം നടന്ന ഈ ചടങ്ങ്.

ബസിലിക്കയുടെ വിശുദ്ധ വാതില്‍ അടയ്ക്കപ്പെടുമ്പോഴും, ഉത്ഥിതനായ ക്രിസ്തുവിന്റെ ഹൃദയം നമുക്കായി എപ്പോഴും തുറന്നാണിരിക്കുന്നതെന്ന്, വിശുദ്ധ വാതില്‍ അടയ്ക്കുന്നതുമായി ബന്ധപ്പെട്ടു നടന്ന ചടങ്ങുകളുടെ ഭാഗമായി നടത്തിയ പ്രഭാഷണമധ്യേ കര്‍ദ്ദിനാള്‍ മാക്‌റിസ്‌കാസ് ഓര്‍മ്മിപ്പിച്ചു. ഒരിക്കലും അവസാനിക്കാത്ത പുതുജീവന്റെ ഉറവയാണ് ക്രിസ്തുവിന്റെ ഹൃദയമെന്നും, അവനില്‍ വിശ്വസിക്കുകയും പ്രത്യാശ വയ്ക്കുകയും ചെയ്യുന്നവരിലേക്ക് അത് എല്ലായ്‌പ്പോഴും തുറന്നാണിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

2025 ജനുവരി ഒന്നാം തീയതിയായിരുന്നു ഈ ബസിലിക്കയിലെ വിശുദ്ധ വാതില്‍ തുറക്കപ്പെട്ടത്. ഉണ്ണിയേശുവിന്റെ പുല്‍ത്തൊട്ടിയുടെ തിരുശേഷിപ്പുകള്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്ന ദേവാലയമാണിത്. ഫ്രാന്‍സിസ് പാപ്പായുടെ ആഗ്രഹപ്രകാരം, അദ്ദേഹത്തിന്റെ ഭൗതികശരീരം അടക്കം ചെയ്യപ്പെട്ടിരിക്കുന്നത് മേരി മേജര്‍ ബസലിക്കയിലാണ്.

വിശുദ്ധ വാതില്‍ പ്രധാനപ്പെട്ടതായിരിക്കെത്തന്നെ, യഥാര്‍ത്ഥത്തില്‍ കൂടുതല്‍ പ്രധാനപ്പെട്ടത് നമ്മുടെ ഹൃദയവാതിലുകളാണെന്നും, തിരുവചനം ശ്രവിക്കുന്നത് വഴിയാണ് അത് തുറക്കപ്പെടുന്നതെന്നും, നമുക്ക് ചുറ്റുമുള്ള മനുഷ്യര്‍ക്ക് നല്‍കുന്ന സ്വീകാര്യതയിലൂടെ അത് വിസ്തൃതമാകുമെന്നും, മറ്റുള്ളവരോട് ക്ഷമിക്കുകയും, ക്ഷമ ചോദിക്കുകയും ചെയ്യുന്നത് വഴി അത് ശക്തിപ്പെടുമെന്നും കര്‍ദ്ദിനാള്‍ മാക്‌റിസ്‌കാസ് പ്രസ്താവിച്ചു.

ഫ്രാന്‍സിസ് പാപ്പായുടെ കാലത്ത് തുറക്കപ്പെട്ട് ലിയോ പതിനാലാമന്‍ പാപ്പായുടെ കാലത്ത് അടയ്ക്കപ്പെടുന്നുവെന്ന പ്രാധാന്യവും ഇത്തവണത്തെ ജൂബിലി വര്‍ഷത്തിനുണ്ടെന്ന് ബസിലിക്കയുടെ ആര്‍ച്ച്പ്രീസ്റ്റ് അനുസ്മരിച്ചു. ഇതിനു മുമ്പ് 1700 ല്‍ ഇന്നസെന്റ് പന്ത്രണ്ടാമന്‍ പാപ്പാ തുറന്ന ജൂബിലി വാതില്‍ ആ വര്‍ഷത്തിന്റെ അവസാനം ക്ലമന്റ് പതിനൊന്നാമന്‍ പാപ്പായാണ് അടച്ചത്. സഭയുടെ അവസാനിക്കാത്ത ജീവിതവും, കര്‍ത്താവ് തന്റെ സഭയെ ഒരിക്കലും ഉപേക്ഷിക്കുന്നില്ലെന്നതുമാണ് ഈ പ്രത്യേകത നമ്മെ ഓര്‍മ്മിപ്പിക്കുന്നതെന്ന് കര്‍ദ്ദിനാള്‍ പ്രസ്താവിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org