ഓപുസ് ദേയിയുടെ നടത്തിപ്പു സംബന്ധിച്ചു ഫ്രാന്‍സിസ് മാര്‍പാപ്പ പുതിയ ഉത്തരവു പുറപ്പെടുവിച്ചു. അതനുസരിച്ച്, സംഘടനയുടെ അദ്ധ്യക്ഷനെ ഇനി മെത്രാനായി വാഴിക്കേണ്ടതില്ല. തങ്ങളുടെ അപ്പസ്‌തോലിക പ്രവര്‍ത്തനങ്ങളെ കുറിച്ച് അഞ്ചു വര്‍ഷം കൂടുമ്പോള്‍ ഓപുസ് ദേയി മേധാവി ഇതുവരെ മാര്‍പാപ്പയ്ക്കു നേരിട്ടാണു റിപ്പോര്‍ട്ടു കൊടുക്കേണ്ടിയിരുന്നത്. ഇനി മുതല്‍ വര്‍ഷം തോറും അതു വൈദികകാര്യാലയത്തിനു നല്‍കണം. റോമന്‍ കൂരിയായില്‍ നടത്തിയ പുനഃസംഘടനയുടെ ഭാഗമാണ് ഈ പുതിയ തീരുമാനങ്ങളും.
ഓപുസ് ദേയിയുടെ ഇതിനു മുമ്പുള്ള രണ്ടു മേധാവികളെയും മെത്രാന്മാരായി അഭിഷേകം ചെയ്തിരുന്നു. എന്നാല്‍ 2017 ല്‍ സ്ഥാനമേറ്റ ഇപ്പോഴത്തെ മേധാവി മോണ്‍. ഫെര്‍ണാണ്ടോ ഒകാരിസിനെ ഇതുവരെയും മെത്രാനാക്കിയിരുന്നില്ല. മാര്‍പാപ്പയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും വൈദികകാര്യാലയവുമായി സാഹോദര്യബന്ധത്തില്‍ മുമ്പോട്ടു പോകുമെന്നും മോണ്‍. ഒകാരിസ് പ്രസ്താവിച്ചു.
1928 ല്‍ വി.ജോസ് മരിയ എസ്‌ക്രൈവ സ്ഥാപിച്ചതാണ് ഓപുസ് ദേയി. ദൈവത്തിന്റെ കര്‍മ്മം എന്നതാണ് ഓപുസ് ദേയി എന്ന ലാറ്റിന്‍ വാക്കുകളുടെ അര്‍ത്ഥം. വൈദികരും അത്മായരും ഈ പ്രസ്ഥാനത്തിലുണ്ട്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ കാലത്തു വലിയ ശക്തിയാര്‍ജിച്ച ഓപുസ് ദേയിയ്ക്ക് റോമില്‍ യൂണിവേഴ്‌സിറ്റികള്‍ ഉള്‍പ്പെടെ വിപുലമായ പ്രവര്‍ത്തനമേഖലകളുണ്ട്.