ക്രൈസ്തവര്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ തടയാന്‍ സത്വരമായ സര്‍ക്കാര്‍ നടപടികള്‍ അനിവാര്യം: കെ സി ബി സി ജാഗ്രത കമ്മീഷന്‍

Published on

രാജ്യത്തിന്റെ പലഭാഗത്തും ക്രൈസ്തവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണെന്ന് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വിശിഷ്യാ ക്രിസ്മസ്, വിശുദ്ധവാരം പോലെയുള്ള ക്രൈസ്തവ വിശേഷദിനങ്ങളില്‍ കൂടുതല്‍ സംഘടിതമായുള്ള അതിക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഭാരത സംസ്‌കാരത്തിന്റെ അനന്യതയായ മതസൗഹാര്‍ദത്തിനും സഹവര്‍ത്തിത്വത്തിനും കളങ്കമാകുന്ന ഇത്തരം വര്‍ഗീയ അതിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വ്യക്തികളെയും പ്രസ്ഥാനങ്ങളെയും കണ്ടെത്തി നിയമ നടപടികള്‍ക്ക് വിധേയരാക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറാകണം.

രാജ്യത്തിന്റെ പ്രധാനമന്ത്രിയുള്‍പ്പെടെയുള്ളവര്‍ ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നതിലൂടെ ഇത്തവണ നല്‍കിയത് പരസ്പര ബഹുമാനത്തിന്റെയും ആദരവിന്റെയും സന്ദേശമായിരുന്നു. എങ്കിലും ക്രിസ്മസിനോട് അനുബന്ധിച്ച് രാജ്യത്തിന്റെ പലഭാഗങ്ങളിലും ക്രൈസ്തവര്‍ അതിക്രമങ്ങള്‍ നേരിടുകയും അവരുടെ ആരാധനാസ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയും ചെയ്തത് ഒരു വിഭാഗത്തിന്റെ ഭരണഘടനയോടുള്ള വെല്ലുവിളിയും ന്യൂനപക്ഷങ്ങളോടുള്ള അസഹിഷ്ണുതയുമാണ് വെളിപ്പെടുത്തുന്നത്.

നിരവധി അതിക്രമങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഈ സാഹചര്യത്തില്‍, വര്‍ഗീയ ധ്രുവീകരണത്തിന്റെ എല്ലാ നീക്കങ്ങളെയും പരസ്യമായി തള്ളിപ്പറയാനും നിയമം അനുശാസിക്കുന്ന നടപടികള്‍ കുറ്റവാളികള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ സ്വീകരിക്കാനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org