ഫിലിപ്പീന്സിലെ മനിലയില് ജനിച്ച കര്ദ്ദിനാള് ലൂയിസ് അന്തോണിയോ താഗ്ലെ കര്ദ്ദിനാള് സംഘത്തിന്റെ പുതിയ ഡീനായി തിരഞ്ഞെടുക്കപ്പെട്ടു. സുവിശേഷവത്കരണത്തിനായുള്ള വത്തിക്കാന് കാര്യാലയത്തില് സേവനം ചെയ്തു വരികയായിരുന്നു. 2020 മുതല് 2026 വരെ ഡീന് ആയിരുന്ന കര്ദ്ദിനാള് ജ്യോവന്നി ബത്തിസ്ത റേ തന്റെ ചുമതലയില്നിന്ന് രാജി വച്ചതിനെത്തുടര്ന്നായിരുന്നു ഈ മാറ്റങ്ങള്.
ഡീക്കന്, പുരോഹിതന്, മെത്രാന് എന്നീ മൂന്ന് നിലകളിലുള്ള കര്ദ്ദിനാള്മാരുള്ള കര്ദ്ദിനാള് സംഘത്തിലെ, മെത്രാന് നിലയിലുള്ള കര്ദ്ദിനാള്മാര് ഒക്ടോബര് എട്ടാം തീയതിയായിരുന്നു കര്ദ്ദിനാള് താഗ്ലെയെ ഡീന് സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. ഈ തിരഞ്ഞെടുപ്പ് പാപ്പാ അംഗീകരിച്ചതിനെത്തുടര്ന്നാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം പരിശുദ്ധ സിംഹാസനം പുറത്തുവിട്ടത്.
പുതിയ ഈ നിയമനത്തോടെ, ലോകമെമ്പാടുമുള്ള കര്ദ്ദിനാള്മാരുടെ ഡീന് എന്ന സ്ഥാനം വഹിക്കുന്ന കര്ദ്ദിനാള് താഗ്ലെയാകും, പുതിയൊരു പാപ്പായെ തെരഞ്ഞെടുക്കേണ്ട സാഹചര്യം ഉണ്ടായാല് കോണ്ക്ലേവ് വിളിച്ചുകൂട്ടുകയും അതിനെ നയിക്കുകയും ചെയ്യുക. 2025 ഏപ്രില് 26-ന് ഫ്രാന്സിസ് പാപ്പായുടെ മൃതസംസ്കാരചടങ്ങുകള്ക്ക് മുഖ്യ കാര്മ്മികത്വം വഹിച്ചതും, പുതിയ പാപ്പായെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട വിശുദ്ധ ബലിയര്പ്പിച്ചതും അപ്പോള് കര്ദ്ദിനാള്മാരുടെ ഡീന് ആയിരുന്ന കര്ദ്ദിനാള് റേ ആയിരുന്നു.
ഇതുവരെ കര്ദ്ദിനാള് സംഘത്തിന്റെ ഡീന് ആയിരുന്ന കര്ദ്ദിനാള് റേ, ഇനി ‘’എമെരിറ്റസ് ഡീന്‘ എന്ന പദവിപ്പേരില് തുടരും. കര്ദ്ദിനാള് ആഞ്ചെലോ സൊഡാനോ കര്ദ്ദിനാള് സംഘത്തിന്റെ ഡീന് സ്ഥാനം ഒഴിഞ്ഞതിനെത്തുടര്ന്ന്, 2020-ല് അഞ്ചു വര്ഷത്തേക്ക് ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട കര്ദ്ദിനാള് റേയെ ഫ്രാന്സിസ് പാപ്പാ 2025-ല് രണ്ടാമത് ഇതേ സ്ഥാനത്ത് പുതുക്കി നിയമിക്കുകയായിരുന്നു. കാനോനിക നിയമം അനുസരിച്ച്, മെത്രാന് നിലയിലുള്ള കര്ദ്ദിനാള്മാരാണ് ഡീനിനെ തിരഞ്ഞെടുക്കുന്നതെങ്കിലും, അവര്ക്ക് ഒരു നിയതമായ കാലാവധി തീരുമാനിച്ചതും, രണ്ടാമത് ഒരു പ്രാവശ്യം കൂടിയേ ഈ പദവിയില് തുടരാന് സാധിക്കുകയുള്ളൂ എന്ന തീരുമാനം എടുത്തതും ഫ്രാന്സിസ് പാപ്പായാണ്.
വത്തിക്കാന് സ്റ്റേറ്റ് സെക്രെട്ടറിയേറ്റിലെ സബ്സ്റ്റിട്യൂട്ട് പദവി, മെത്രാന്മാര്ക്കായുള്ള കാര്യാലയത്തിന്റെ അദ്ധ്യക്ഷന്, തുടങ്ങി വിവിധ ഉത്തരവാദിത്വങ്ങള് നിര്വഹിച്ചിട്ടുള്ള കര്ദ്ദിനാള് റേ, വിശുദ്ധ ജോണ് പോള് രണ്ടാമന് മുതല് ലിയോ പതിനാലാമന് പാപ്പാ വരെ നാല് പാപ്പാമാര്ക്കൊപ്പം വത്തിക്കാനില് ശുശ്രൂഷ ചെയ്തിട്ടുണ്ട്.