കടലുമായി ബന്ധപ്പെട്ട മേഖലകളിലെ അജപാലനകാര്യങ്ങള്‍ ക്രോഡീകരിക്കുന്നതിനായി, 'കടലിലെ അജപാലനപ്രവര്‍ത്തനം' എന്ന പേരില്‍, ലിയോ പതിനാലാമന്‍ പാപ്പാ പുതിയൊരു വിഭാഗം സ്ഥാപിച്ചു. കാനോനിക നിയമപ്രകാരമുള്ള വ്യക്തിത്വമുള്ളതും സമഗ്ര മാനവികവികസനത്തിന് വേണ്ടിയുള്ള കാര്യാലയത്തിന്റെ ഭാഗവുമായ ഈ സംഘടനയുടെ നിയമസംഹിതയും പാപ്പ അംഗീകരിച്ചു.
കടലും പുഴകളും തടാകങ്ങളുമായി ബന്ധപ്പെട്ട മേഖലകളില്‍ ജോലി ചെയ്യുകയും ജീവിക്കുകയും ചെയ്യുന്ന ആളുകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടിയുള്ള അജപാലനസേവനം ഉറപ്പുവരുത്തുകയാണ് ഇതിന്റെ ലക്ഷ്യം. ഏറെക്കാലമായി, നാവികര്‍, മത്സ്യബന്ധനമേഖലയില്‍ ജോലി ചെയ്യുന്നവര്‍ തുടങ്ങിയ ആളുകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സഭ നല്‍കിവന്നിരുന്ന അജപാലനസേവനത്തിന്റെ തുടര്‍ച്ച യായാണ് പുതിയ ഈ സംവിധാനം പാപ്പ സ്ഥാപിച്ചത്. കടല്‍മേഖലയിലുള്ള അജപാലനപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് ഉത്സാഹപൂര്‍വം തുടരുകയെന്ന തീവ്രമായ ആഗ്രഹത്തില്‍നിന്നാണ്, ഇത്തരമൊരു ഉദ്യമമെന്നു പാപ്പ പറഞ്ഞു.
തങ്ങളുടെ തൊഴിലിന്റെയും ജീവിതത്തിന്റെയും ഭാഗമായി, സാധാരണ അജപാലനസേവനം നേടാന്‍ സാധിക്കാത്ത ആളുകള്‍ക്കുവേണ്ടി സഭ നടത്തുന്ന പ്രത്യേക സേവനങ്ങളുമായി ബന്ധപ്പെട്ട പ്രധാന രേഖകളെ പരിശുദ്ധ പിതാവ് അനുസ്മരിച്ചു. 2022 മുതല്‍ നിരവധി മെത്രാന്മാരുടെയും സംഘടനകളുടെയും സഹകരണത്തോടെ നടന്നുവന്ന പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണമായാണ് 'കടലിലെ അജപാലന പ്രവര്‍ത്തനം' എന്ന സംവിധാനത്തിന്റെ രൂപീകരണം.